ഷാജി എൻ കരുൺ വായിക്കാതെ പോയ തിരക്കഥ, ചെയ്യണമെന്നാഗ്രഹിച്ച സിനിമ

Cinema

ഷാജി എൻ കരുൺ വായിക്കാതെ പോയ തിരക്കഥ, ചെയ്യണമെന്നാഗ്രഹിച്ച സിനിമ


“സമസ്ത സുഖദുഃഖങ്ങളും വന്നു നിറയുന്ന ആ മനോഹര മുഹൂർത്തതിനായി ഞാൻ കാത്തിരിക്കുകയാണ്.”
വാനപ്രസ്ഥം.

നല്ല മഴയുള്ളൊരു രാത്രിയിലായിരുന്നു ഷാജി സാറിന്റെ വീട്ടിലേക്ക് ഞാനാദ്യമായി പോകുന്നത്. വഴുതക്കാട് ഉദാരശിരോമണി റോഡിലെ വീട്ടിലേക്ക്, അദ്ദേഹത്തിന്റെ അസിസ്റ്റന്റും ക്യാമറാമാനുമായ അജേഷിനോടൊപ്പം ഞാൻ കയറി ചെല്ലുമ്പോൾ വീടിനുള്ളിലെ വലിയ ഹാളിൽ ചുറ്റും കുറെ പുസ്തകങ്ങളും മടിയിലൊരു ലാപ്പ്ടോപ്പുമായി അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു. ഒരു അപരിചിതത്വവും കാണിക്കാതെ ആദ്യമായി കാണുന്ന എന്നെ നോക്കി അദ്ദേഹം സൗമ്യമായി പുഞ്ചിരിച്ചു. മലയാള സിനിമയിൽ മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത എത്രയോ അന്തർദേശീയ അംഗീകാരങ്ങൾ നേടിയെടുത്ത, ലോക സിനിമയുടെ നെറുകയിൽ നിൽക്കുന്ന ഒരു മനുഷ്യൻ എത്ര മനോഹരമായാണ് തീർത്തും അപരിചിതനായ എന്നെ വെറുമൊരു പുഞ്ചിരി കൊണ്ട് ചേർത്ത് നിർത്തിയതെന്നോർക്കുമ്പോൾ ഇപ്പോഴും ഞാൻ അമ്പരന്നു പോകുന്നു. അനുവാദം ചോദിച്ചും ചോദിക്കാതെയും പിന്നെയുമൊരുപാട് തവണ ആ പടി കയറിചെന്നിട്ടുണ്ട്. അപ്പോഴെല്ലാം ആ നിറഞ്ഞ പുഞ്ചിയോടുകൂടി ചാരുകസേരയിൽ ഇരുന്ന് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയിലെ അത്ഭുതമായിരുന്നു ഷാജി എൻ കരുൺ. ഛായാഗ്രാഹകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും അദ്ദേഹം നേടിയെടുത്ത ദേശീയവും അന്തർദേശീയവുമായ നേട്ടങ്ങളെക്കുറിച്ച് മലയാളികൾ ശരിക്ക് മനസ്സിലാക്കിയിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര അക്കാദമിയായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ, കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) ഉപജ്ഞാതാവ്, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാൻ എന്നിങ്ങനെ മലയാള സിനിമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്താൻ സഹായിച്ച പ്രസ്ഥാനങ്ങളുടെ അമരക്കാരൻ. ക്യാൻ ഫിലിം ഫെസ്റ്റിവലിൽ ഒന്നിലേറെ തവണ ഇന്ത്യൻ പതാക പാറിപറപ്പിച്ച, ആദ്യത്തെ ചാർളി ചാപ്ലിൻ അവാർഡ് നേടിയ, ഓസ്ട്രിയ സർക്കാരിന്റെയും ശ്രീലങ്കൻ സർക്കാരിന്റെയും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ അദ്ദേഹത്തെ ഒരു സംവിധായകൻ എന്ന നിലയിലാണ് ആദ്യമറിയുന്നത്. പക്ഷേ അതിനുമപ്പുറമായിരുന്നു അദ്ദേഹത്തിലെ ഛായാഗ്രാഹകൻ എന്ന് വൈകിയാണറിഞ്ഞത്. കാഞ്ചനസീതയും, കുമ്മാട്ടിയും, പോക്കുവെയിലും മാത്രമല്ല പഞ്ചാഗ്‌നിയും, നഖക്ഷതങ്ങളും, സർഗവുമൊക്കെ അദ്ദേഹത്തിന്റെ ക്യാമറാകണ്ണുകളിലൂടെ പിറന്നു വീണതാണെന്ന് പിൽക്കാലത്ത് വിസ്മയത്തോടെയാണ്  മനസിലാക്കിയത്. 


Related Articles