സിനിമ പാപമാണെന്ന് വിശ്വസിക്കുന്ന ഭാര്യ. സംവിധായകനായ ഭർത്താവ്. ഇരുവർക്കുമിടയിലെ ശീതസമരം. ആ സമരത്തിന് സമാന്തരമായി, അമേരിക്കൻ-റഷ്യൻ ശീതയുദ്ധം കഴിഞ്ഞിട്ടും ഈ ലോകത്തെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കാൻ പരുവത്തിൽ സമുദ്രങ്ങളിൽ സ്‌ഫോടനസജ്ജമായി കിടക്കുന്ന ആണവായുധങ്ങൾ. ലോകം ഇല്ലാതായാൽ ഇങ്ങനെയൊരു ഇടം ഇവിടെയുണ്ടായിരുന്നു എന്ന് ഇതരഗ്രഹജീവികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സകലജീവികളുടെയും ശബ്ദങ്ങളും ചിത്രങ്ങളും രേഖപ്പെടുത്തി നാസ ബഹിരാകാശത്ത് വിക്ഷേപിച്ച ഗോൾഡൻ റെക്കോഡ്. ഇവയെല്ലാം ജോഷി ജോസഫിന്റെ 'ജലത്തിന് മുകളിലൂടെയുള്ള നടത്തം' (Walking over water) എന്ന ബംഗാളി-മലയാളം സിനിമയെ കുടുംബസംഘർഷത്തിനും അപ്പുറമുള്ള ലോകസംഘർഷതലങ്ങളിലേയ്ക്ക് ഉയർത്തുന്നു. ഒപ്പം, ജലത്തിന് മുകളിലൂടെയുള്ള യേശുവിന്റെ പ്രഖ്യാതമായ നടത്തവും, വെള്ളം വീഞ്ഞാക്കിയതും, ദാമ്പത്യം എന്ന കടലും, സർഗ്ഗാത്മകതയുടെ വീഞ്ഞും, ഉടനീളമുള്ള പാലവും കായലും മഴയും, മഹാശ്വേതാദേവിയും വിജയൻമാഷും, കുടിക്കുന്ന വെള്ളവുമെല്ലാം ഈ സിനിമയെ ആവർത്തിച്ച് കാണേണ്ടുന്ന ഒരു കവിതയുമാക്കുന്നു.
ഈ കൊറോണ നാളുകളിൽ 'വോക്കിംഗ് ഓവർ വാട്ടർ' കണ്ട എഴുത്തുകാരൻ സി.ആർ പരമേശ്വരൻ ആ ചിത്രം പകർന്നുതന്ന അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഇവിടെ.
എം.എസ്. ബനേഷ്: വീട്ടിലിരുന്ന് മാത്രം സിനിമ കാണാൻ കഴിയുന്ന ഇപ്പോഴത്തെ കൊവിഡ് കാലത്താണ് താങ്കൾ ഈ ചിത്രം കണ്ടത്. സിനിമയെ പാപത്തിന്റെ പറക്കുംചുരുളായി കാണുന്ന ബെൻസി എന്ന മലയാളിയായ ഭാര്യയുടെ കൽക്കത്തയിലെ വീട്ടുമുറിയാണ് ഈ സിനിമയുടെ ഒരു പ്രധാന ഇടം. ഒരു കലാസൃഷ്ടി നമ്മളെക്കൂടി, നമ്മുടെ അനുഭവത്തെക്കൂടി, നമ്മുടെ ജീവിതത്തെക്കൂടി ഉണർത്തുമ്പോളാണല്ലോ നമ്മൾ അതിനെ സ്വന്തമാക്കുന്നത്. ഈ സിനിമയ്ക്ക് അങ്ങനെയൊരു ഉന്മേഷമുണ്ടോ?
