മുപ്പതു വർഷക്കാലം ഒരാൾ ചലച്ചിത്രരംഗത്തുനിന്നു പൂർണ്ണമായും വിട്ടുനിൽക്കുന്നു. നിമിഷക്കുതിപ്പിൽ സിനിമ അതിന്റെ പ്രമേയസ്വീകാരത്തിലും സാങ്കേതികത്തികവിലും ചെറുപ്പത്തിന്റെ ഊർജ്ജവുമായി മുന്നോട്ടു പായുന്നു. സ്വാഭാവികമായും 30 വർഷമെന്നത് വളരെ നീണ്ട കാലയളവുതന്നെ. കേവലം 19 സിനിമകൾ മാത്രമെടുത്തിട്ടുള്ള ഈ സംവിധായകൻ ഒരിക്കൽപോലും സ്വയം മേന്മ ഒന്നും അവകാശപ്പെട്ടിട്ടില്ല. എന്നിട്ടും എഴുപത്തിയേഴാം വയസ്സിൽ, മറവിരോഗം ബാധിച്ച്, നിശ്ശബ്ദനായിപ്പോയ അദ്ദേഹം വിടപറയുമ്പോൾ സാംസ്‌കാരികലോകം തങ്ങൾക്കുണ്ടായ നഷ്ടത്തിന്റെ വലുപ്പം എത്ര വലുതാണെന്ന് തിരിച്ചറിയുന്നു. തങ്ങളുടെ ചലച്ചിത്രസങ്കല്പങ്ങളുടെ ദിശ നിർണ്ണയിക്കുകയും ആസ്വാദനത്തിന്റെ ശീലങ്ങൾ മാറ്റുകയും ചെയ്ത അദ്ദേഹത്തിന്റെ 30 വർഷത്തെ നിശ്ശബ്ദതയല്ല, മറിച്ച് ഇന്നും സംവദിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ ജാഗ്രതയെ ആണ് പ്രേക്ഷകർ ഓർമ്മിച്ചുകൊണ്ടേയിരിക്കുന്നത്. ഇതൊരത്ഭുതമാണ്. 30 വർഷങ്ങൾക്കപ്പുറം അദ്ദേഹം പറഞ്ഞു വെച്ചതിന്റെയെല്ലാം ശക്തവും പ്രസക്തവുമായ രാഷ്ട്രീയധ്വനികൾ ഇന്നു സമൂഹം അന്നത്തേതിനെക്കാൾ കൂടുതൽ തിരിച്ചറിയുന്നു. അതാണ് സംവിധായകൻ കെ.ജി. ജോർജ്ജ്.
പുതുതായി ഒന്നും പറയാനില്ലെന്നു തോന്നിയാൽ എത്ര പ്രലോഭനീയമായ വെള്ളിവെളിച്ചത്തിൽനിന്നും പിന്മാറി നിൽക്കാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അനേകം തലമുറകളോട് വിനിമയം നടത്താൻ ശേഷിയുള്ള തന്റെ സിനിമകളെക്കുറിച്ചുള്ള ആ ആത്മവിശ്വാസം ശരിയെന്ന് കാലം തെളിയിക്കുകയാണ്. സാമ്പ്രദായികമായതിനെ ഉപേക്ഷിക്കുക എന്ന ഉറച്ച നിലപാട് ആ ചലച്ചിത്രജീവിതത്തിലുടനീളം പുലർത്തിയതിന് കാലം നൽകിയ പുരസ്‌കാരമാണ് അദ്ദേഹമിന്നും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ആദരവ്.
അർഥപൂർണ്ണമായ ഒരു നവോന്മേഷത്തിന് മലയാള സിനിമ സാക്ഷ്യം വഹിച്ച 1970-80 കളിൽ ആ കലാരൂപത്തെ കൃത്യമായ രാഷ്ട്രീയബോധത്തോടെ സമീപിക്കുകയും വിട്ടുവീഴ്ചയില്ലാതെ കലാമൂല്യത്തെ മുറുകെപ്പിടിക്കുകയും ചെയ്ത സംവിധായകനാണ് കെ.ജി. ജോർജ്ജ്. കുടുംബത്തിനുള്ളിലെ രാഷ്ട്രീയം ഇത്ര ഗൗരവത്തോടെ മലയാളത്തിൽ മറ്റൊരു സംവിധായകനും കൈകാര്യം ചെയ്തിട്ടില്ല. സ്ത്രീമനസ്സിന്റെ ഉള്ളറകളിലെ വിക്ഷുബ്ധതകളും വിഹ്വലതകളും ഇത്രയധികം ദാർശനിക ഗൗരവത്തോടെ ദൃശ്യാത്മകമായി മറ്റൊരു മലയാളസംവിധായകരും അനാവരണം ചെയ്തിട്ടില്ല. ഓരോ സിനിമയ്ക്കും ഓരോ ഭാഷ. അതായിരുന്നു കെ.ജി.ജോർജ്ജിന്റെ സൂത്രവാക്യം. എത്ര സൂക്ഷ്മമായാണ് അദ്ദേഹം സിനിമയെ സമീപിച്ചിരുന്നത് എന്നത് പില്ക്കാല സിനിമാപ്രവർത്തകർക്ക് ഒരു മാതൃകയാണ്.
