യാഥാർത്ഥ്യത്തിന്റെ പ്രശ്‌നീകരണം

Cinema

യാഥാർത്ഥ്യത്തിന്റെ പ്രശ്‌നീകരണം


യാഥാർത്ഥ്യത്തിനും യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾക്കുമിടയിൽ വിടവുകളുണ്ട്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിൽ കേവലമായി നില്ക്കുന്നതെന്താണ്? യാതൊന്നും കേവലമായി നില്ക്കുന്നില്ല. കേവലയാഥാർത്ഥ്യത്തെ നിർവ്വചിക്കുകതന്നെ അസാദ്ധ്യമാണ്. യാഥാർത്ഥ്യത്തിന് സ്വയംതന്നെ ഒരു അനിശ്ചിതഭാവമുണ്ട്. അറിയാൻ ശ്രമിക്കുന്നവന്റെ സ്ഥാനം യാഥാർത്ഥ്യത്തെ വ്യത്യസ്ത അനുഭവങ്ങളായി മാറ്റിത്തീർക്കുന്നുമുണ്ട്. രണ്ടു കോണുകളിൽനിന്നും ഒരേ കാര്യത്തെ കാണുന്നവർ രണ്ടു രീതികളിലാണു കാണുന്നത്. അതുകൊണ്ട്, കാഴ്ചയുടെ ഇന്ദ്രിയത്തെ കേവലയാഥാർത്ഥ്യം കാണുന്നതിനുള്ള ഉപകരണമായി കരുതരുത്! ഒരു ഇന്ദ്രിയപ്രവർത്തനത്തേയും അങ്ങനെ കരുതിക്കൂടാ! അറിയുന്നതിനുള്ള നമ്മുടെ രീതിശാസ്ത്രങ്ങളെല്ലാം പരിമിതികളെ വഹിക്കുന്നുണ്ട്. അറിയാനുള്ള ശ്രമത്തിൽ നമ്മുടെ അവബോധം ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ ആർജ്ജിച്ചെടുക്കുന്ന ധാരണകൾ നമ്മുടെ പൂർവ്വാർജ്ജിതബോധത്തിന്റേയും മുൻവിധികളുടേയും കൂടി ഫലമാണ്. നമ്മുടെ അറിവിൽ പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നു. ഒരു വാർത്തയെ അതീവ സത്യസന്ധമായി എഴുതിയെന്നു കരുതുന്ന പത്രപ്രവർത്തകനും തന്റെ ക്യാമറ പകർത്തിയ ചിത്രം വസ്തുതകളെ പൂർണ്ണമായും രേഖപ്പെടുത്തുന്നുവെന്നു കരുതുന്ന ഫോട്ടോഗ്രാഫറും മിഥ്യയായ ചില വിശ്വാസങ്ങളെയാണ് പേറുന്നത്. അവരുടെ സത്യസന്ധമായ എഴുത്തിനും ചിത്രത്തിനുമടിയിൽ യാഥാർത്ഥ്യത്തിന്റെ അറിയപ്പെടാത്ത അനേകം മൂലകങ്ങൾ നിലനില്ക്കുന്നുണ്ടാകാം. ദൃക്‌സാക്ഷിവിവരണങ്ങളും ക്യാമറക്കണ്ണുകളും നല്കുന്നത് ഭാഗികയാഥാർത്ഥ്യങ്ങളെ മാത്രമാണ്.

യാഥാർത്ഥ്യത്തിന്റെ ഈ അനിശ്ചിതാവസ്ഥയെയും ആപേക്ഷികതയെയും ചലച്ചിത്രഭാഷയിൽ ശക്തമായി അവതരിപ്പിച്ചത് അകിരാ കുറോസോവയാണ്. ഈ ജപ്പാൻ സംവിധായകന്റെ റാഷോമോൺ എന്ന ചലച്ചിത്രം യാഥാർത്ഥ്യത്തെ ക്കുറിച്ചുള്ള സ്ഥിതധാരണകളെ തകർക്കുന്നു. ഒരു കൊലപാതകത്തെയും ബലാൽക്കാരത്തെയും കുറിച്ചുള്ള വ്യത്യസ്ത വിവരണങ്ങളാണ് ഈ ചലച്ചിത്രത്തിലുള്ളത്. റാഷോമോൺ ഗേറ്റിൽ മഴ തോരുന്നതും കാത്തിരിക്കുന്ന മൂന്നുപേരുടെ സംഭാഷണങ്ങളിലൂടെ കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും കഥ പറയപ്പെടുകയാണ്. കോടതിയിലെ കേസുവിസ്താരത്തിനിടയിൽ കേട്ട കഥ ഇവർ അവരുടെ വ്യാഖ്യാനങ്ങളിലൂടെ ആഖ്യാനം ചെയ്യുന്നു. കൊലയാളിയായ താജോമോരു എന്ന കൊള്ളക്കാരൻ, കൊല ചെയ്യപ്പെടുന്ന സമുരായി, താജോമോരു ബലാത്സംഗം ചെയ്യുന്ന സമുരായിയുടെ ഭാര്യ മസാഗോ, സംഭവങ്ങൾക്ക് ദൃക്‌സാക്ഷിയായ ഒരു വിറകുവെട്ടുകാരൻ എന്നിവരാണ് കേസുവിസ്താരത്തിനിടയിൽ സംഭവത്തെ കുറിച്ചുള്ള മൊഴികൾ നല്കുന്നത്. കൊല ചെയ്യപ്പെട്ട സമുരായിയുടെ ആത്മാവ് ഒരു മന്ത്രവാദിനിയിലൂടെ സംസാരിക്കുന്നു. ഓരോരുത്തരും അവരവരുടെ ഭാഷ്യങ്ങൾ അവതരിപ്പിക്കുന്നുവെന്നു പറയണം. അവരുടെ വാക്കുകൾ സ്വയം അവർക്കുവേണ്ടി നിർമ്മിക്കപ്പെട്ട രക്ഷാകവചങ്ങളാണെന്ന പ്രതീതി ജനിപ്പിക്കുന്ന മുഹൂർത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അവർക്ക് അനിഷ്ടമായത് ഒഴിവാക്കപ്പെടുന്നു. തങ്ങൾക്ക് ഉചിതമെന്നു തോന്നുന്ന കഥകൾ നിർമ്മിച്ചെടുക്കുന്നു. മഴ തോരാൻ കാത്തുനില്ക്കുകയും കഥകൾ കേൾക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരനായ മനുഷ്യൻ ഇക്കാര്യം പറയുന്നുണ്ട്. ഏവരും അസന്തുഷ്ടികരമായ കാര്യങ്ങൾ മറക്കാൻ ശ്രമിക്കുന്നു. ഇതിനായി കഥകൾ കെട്ടിയുണ്ടാക്കുന്നു. വാക്കുകളിലൂടെ അവർ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുക മാത്രമല്ല, സ്വയം വെളിപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. കഥ പറയുന്ന ഓരോരുത്തരും നിർമ്മിച്ചെടുക്കുന്ന കഥ, സംഭവത്തിന്റെ ആഖ്യാനം, അവരിലേക്കും അവരുടെ മനസ്സിലേക്കുമുള്ള പ്രവേശികയാകുന്നു.


Related Articles