സത്യജിത്ത് റേയുടെ രാഷ്ട്രീയ ബംഗാൾ

Cinema

സത്യജിത്ത് റേയുടെ രാഷ്ട്രീയ ബംഗാൾ


സത്യജിത്ത് റേയുടെ ചലച്ചിത്രങ്ങളിലെ രാഷ്ട്രീയം വലിയ വികലനങ്ങൾക്കു വിധേയമായിട്ടില്ല. ഇന്ത്യൻ ചലച്ചിത്രകലയിലെ മഹാപ്രതിഭയെ ഒരു രാഷ്ട്രീയചലച്ചിത്രകാരനായി അധികമാരും നോക്കിക്കണ്ടിട്ടുമില്ല. പ്രത്യക്ഷമായിത്തന്നെ രാഷ്ട്രീയചലച്ചിത്രങ്ങൾക്കു വേണ്ടി നിലകൊള്ളുകയും തങ്ങളുടെ രചനകളിലൂടെ രാഷ്ട്രീയത്തെ നന്നായി പ്രകടമാക്കുകയും ചെയ്ത ഋത്വിക് ഘട്ടക്കും മൃണാൾ സെനും ഉൾപ്പെടെയുള്ള ബംഗാളിലെ മറ്റു പ്രമുഖ ചലച്ചിത്രസംവിധായകരുമായി താരതമ്യം ചെയ്താൽ, തന്റെ ചലച്ചിത്രകൃതികളിലെ രാഷ്ട്രീയത്തെ കുറിച്ചു പറയാൻ റേ ഏറെയൊന്നും ഉത്സുകനായിരുന്നില്ലെന്നും കാണാം. ചലച്ചിത്രങ്ങളെക്കുറിച്ചുള്ള റേയുടെ ആനുഷംഗികമായ പരാമർശങ്ങളും വിമർശനങ്ങളും പോലും രാഷ്ട്രീയമാനങ്ങളുള്ളവയായിരുന്നുവെന്ന് സൂക്ഷ്മനിരീക്ഷണത്തിൽ കാണാവുന്നതാണ്. പഥേർ പാഞ്ചാലിയും അപരാജിതോയും അപുർ സൻസാറും ഉൾപ്പെടുന്ന അപുത്രയവും പ്രതിദ്വന്ദിയും സീമാബദ്ധയും ജനആരണ്യയും ഉൾപ്പെടുന്ന കൽക്കത്തത്രയവും ദേബിയും ചാരുലതയും മഹാനഗരവും ഉൾപ്പെടുന്ന സ്ത്രീത്രയവുമെല്ലാം രാഷ്ട്രീയമായി വായിക്കേണ്ടുന്ന ചലച്ചിത്രകൃതികളാണ്.

ഒന്ന്

ഇന്ത്യയിലെ ദാരിദ്ര്യത്തെ വിദേശത്തേക്കു കയറ്റുമതി ചെയ്യുകയാണ് റേയുടെ ചലച്ചിത്രം ചെയ്യുന്നതെന്ന നർഗീസ് ദത്തിന്റെ വാക്കുകൾ ഓർക്കുക! പാഥേർ പാഞ്ചാലി പുറത്തിറങ്ങി ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞപ്പോഴാണ്, ഈ ചലച്ചിത്രത്തിനുള്ള ബോംബെ മറുപടി എന്നു വിശേഷിപ്പിക്കപ്പെട്ട 'മദർ ഇന്ത്യ' എന്ന ബോളിവുഡ് ചിത്രത്തിലെ നായിക പാർലമെന്റിൽ ഇങ്ങനെ പ്രസംഗിച്ചത്. ഇന്ത്യയിലെ ഉന്നതശ്രേണിയിലുള്ളവർ രഹസ്യമെന്നോണം പരസ്പരം പങ്കുവയ്ക്കുകയും അടക്കിപ്പിടിക്കുകയും ചെയ്ത അഭിപ്രായത്തിന്റെ ബഹിർഗമനമായിരുന്നു, അത്. സുവ്യക്തമായ, വർഗ്ഗപരമായ മാനങ്ങളുള്ള ഒരു പ്രതികരണം. കാൻ ചലച്ചിത്രോത്സവത്തിൽ മാനവികതയുടെ ഉത്തമരേഖ (The best human document)യായി പാഥേർ പാഞ്ചാലി വിശേഷിപ്പിക്കപ്പെട്ടിരുന്നു. തീർച്ചയായും ഗ്രാമജീവിതത്തിലെ മാനവികതയാണ് ഈ ചലച്ചിത്രത്തിൽ മുന്നിട്ടു നിന്നത്. എന്നാൽ, മാനവികതയുടെ മൂല്യങ്ങൾക്കു വേണ്ടി സാമൂഹികവ്യവസ്ഥയുമായി കലഹിക്കുന്ന ഒരു ചലച്ചിത്രമായി പാഥർ പാഞ്ചലിയെ കണ്ടെത്താൻ കഴിയുകയുമില്ല. വിശാലമായ അർത്ഥത്തിൽ, ഇന്ത്യൻ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ചുള്ള ആഖ്യാനവുമായിരുന്നില്ല അത്. എന്നിട്ടും ഇന്ത്യയിലെ അധീശവർഗ ബുദ്ധിജീവിതത്തെ അതു ചൊടിപ്പിച്ചു. 'ഇതാണ് യഥാർത്ഥ സാധനം. ആ തെമ്മാടികൾ ഇത്രയും കാലം നമ്മെ കബളിപ്പിക്കുകയായിരുന്നു'വെന്ന് പാഥർ പാഞ്ചലിയിലൂടെ സാമാന്യജനം നേടിയ തിരിച്ചറിവ് വരേണ്യവിഭാഗങ്ങൾക്ക് സമ്മതിക്കാവുന്നതായിരുന്നില്ല.


Related Articles