അയൽപക്കരാജ്യമല്ലെങ്കിലും റഷ്യ ഇന്ത്യയെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. രാഹുൽ സംകൃത്യായന്റെ പഴയ പുസ്തകം - വോൾഗ മുതൽ ഗംഗ വരെ - വിദൂരകാലത്തെ പരസ്പരബന്ധങ്ങളെ ഓർമ്മിപ്പിക്കുന്നതാണല്ലോ. വോൾഗയുടെ തീരങ്ങളിൽ നിന്നും ഗംഗയുടെ തീരങ്ങളിലേക്ക് കുടിയേറിയവർ ഈ ഭൂഭാഗത്തിന്റെ സംസ്‌കൃതിയുടെ ഭാഗമാകുകയും അതിനെ പല രീതികളിൽ; ധനാത്മകമായും ഋണാത്മകമായും, മാറ്റിപ്പണിയുകയും ചെയ്യുന്നതിന്റെ കഥയാണല്ലോ സംകൃത്യായൻ എഴുതിയത്. ഇംഗ്ലണ്ടിന്റെ നേരിട്ടുള്ള അധിനിവേശം അവസാനിച്ചതിനു ശേഷം ഇന്ത്യയിലെ ഭരണകൂടം റഷ്യ ഉൾപ്പെടുന്ന സോവിയറ്റ് യൂണിയനുമായി സൗഹൃദത്തിൽ വർത്തിക്കുന്നതു കാണാം. പഞ്ചവത്സരപദ്ധതികളുടെ നയരൂപീകരണത്തിൽ ഇന്ത്യ സോവിയറ്റ് യൂണിയനെ അനുകരിക്കുന്നുണ്ട്. ഭിലായി, ബൊക്കാറോ എന്നിവിടങ്ങളിലെ ഉരുക്കുനിർമ്മാണശാലകളുടെ സ്ഥാപനത്തിനും ആദ്യകാല ബഹിരാകാശഗവേഷണത്തിനും സോവിയറ്റ് യൂണിയന്റെ സഹായം ഇന്ത്യക്കു ലഭിക്കുന്നു. ആദ്യമായി സോഷ്യലിസ്റ്റു വിപ്ലവം നടന്നതെന്നു വിളിക്കപ്പെട്ട രാജ്യത്തോട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുപാർട്ടിക്കുണ്ടായിരുന്ന ആകർഷണവും ഓർത്തുനോക്കുക! റഷ്യയിൽ മഴ പെയ്യുന്നതിന് ഇന്ത്യയിൽ കുട പിടിക്കുക എന്ന ചൊല്ല് ഉണ്ടാകുന്നിടത്തോളം തീവ്രമായ താൽപ്പര്യങ്ങൾ ഇവിടെ പ്രവർത്തിച്ചിരുന്നു.
സോവിയറ്റ് യൂണിയനിലെ പരിഷ്‌ക്കാരങ്ങളും മാറ്റങ്ങളും ഏറെ ശ്രദ്ധയോടെ കേരളത്തിൽ നിരീക്ഷിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഗ്ലാസ്‌നോസ്ത്, പെരിസ്‌ട്രോയിക്ക തുടങ്ങിയ വാക്കുകൾ റഷ്യക്കാരെ പോലെ തന്നെ കേരളീയർക്കും സുപരിചിതമായിരുന്നുവല്ലോ. സോവിയറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ചുള്ള ചർച്ചകൾ ഇവിടെ ഇപ്പോഴും അവസാനിച്ചിട്ടില്ല. സോഷ്യലിസ്റ്റുരാഷ്ട്രനിർമ്മാണത്തേയും സോഷ്യൽഫാസിസത്തേയും കുറിച്ചുള്ള ആലോചനകളിൽ റഷ്യ എപ്പോഴും കടന്നുവന്നു. തങ്ങളുടെ കുട്ടിക്കാലത്തു വായിച്ച സോവിയറ്റ് ബാലസാഹിത്യപുസ്തകങ്ങളെയും 'സോവിയറ്റ് നാടി'ന്റെ മിനുത്ത പേപ്പറുകൾ കൊണ്ട് സ്‌കൂൾ പാഠപുസ്തകങ്ങൾ പൊതിഞ്ഞതിനെയും ഇപ്പോഴും ഇവിടെയുള്ളവർ സ്മരിക്കുന്നു. ടോൾസ്റ്റോയിയും ഡോസ്റ്റോയെവ്‌സ്‌ക്കിയും ചെഖോവും തുർഗനേവും മയക്കോവ്‌സ്‌ക്കിയും നമ്മുടെ വായനകളുടെ പ്രധാനഭാഗമായിരുന്നു. ഹേ, ലെനിൻ വീണ്ടും വരൂ വരൂ... എന്ന് എൻ.വി. കൃഷ്ണവാരിയർ, ഹേ, ഗഗാറിൻ ഗഗനചാരിൻ ...എന്ന് അയ്യപ്പപണിക്കർ മുതൽ വി.ജെ.ജെയിംസിന്റെ 'ലെയ്ക്ക' എന്ന ചെറുനോവൽ വരെ നമ്മുടെ സാഹിത്യം ഈ ബന്ധങ്ങളെ സ്വാംശീകരിച്ചു. ഫിലിം സൊസൈറ്റികൾ രൂപം കൊണ്ടപ്പോൾ ആദ്യം പ്രദർശിപ്പിച്ച ചലച്ചിത്രങ്ങളിൽ ഐസൻസ്റ്റൈനുമുണ്ടായിരുന്നു. പിന്നീട് പുഡോഫ്കിനും പരാജിനോവും തർക്കോവ്‌സ്‌ക്കിയുമെല്ലാം നമ്മുടെ സിനിമാസംവേദനത്തിന്റെ ഭാഗമായി. ഇപ്പോൾ, അന്തർദ്ദേശീയ ചലച്ചിത്രമേളകളിൽ റഷ്യൻ ചലച്ചിത്രങ്ങൾക്കു സവിശേഷപ്രാധാന്യമുണ്ട്.
