അഭിലാഷ് ടാക്കീസ്‌

സിനിമാ കൊട്ടകകളിലേക്കുള്ള യാത്ര മനോഹരമായ അനുഭവമാക്കി മാറ്റിയവരാണ് ഒരു കാലത്ത് മലയാളികൾ. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു സമൂഹത്തിന് സിനിമ കാണുകതന്നെ ഉത്സവമായിരുന്നു. ഈ കാഴ്ചയുടെ സ്വഭാവത്തിന്, സിനിമാ ആസ്വാദനത്തിന് മാറ്റം വന്നുകഴിഞ്ഞു. നാട്ടിൻപുറങ്ങളിലെ കൊട്ടകകൾ ഇല്ലാതായി, പകരം മൾട്ടിപ്ലക്‌സ് തിയേറ്ററുകൾ വന്നു. സിനിമാപ്രദർശനത്തിന്റെ സ്വഭാവം വരെ മാറി. മാറിയ സിനിമാക്കൊട്ടക അനുഭവം നൽകുന്ന ആനന്ദത്തിനും മാറ്റങ്ങളുണ്ട്. എന്തായിരുന്നു മലയാളിയുടെ സിനിമാ തിയേറ്റർ അനുഭവം? അത് എന്തായിരുന്നു, അത് എങ്ങനെയാണു മാറിയത്? ഇപ്പോഴത്തെ അനുഭവങ്ങൾ എത്തരത്തിലുള്ളതാണ്. 'സ്‌പെയ്‌സസി'ൽ അഭിലാഷ് ടാക്കീസ്- സോഷ്യോളജി ഓഫ് എന്റർടെയിൻമെന്റ് സ്‌പെയ്‌സസ് ഇൻ യെസ്റ്റർഡേസ്' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.കെ.രാജശേഖരൻ, എഡിറ്റർ ബീനാ പോൾ, നടനും സംവിധായകനുമായ മധുപാൽ എന്നിവർ പങ്കെടുത്തു. പ്രദീപ് പനങ്ങാട് മോഡറേറ്ററായിരുന്നു.

പ്രദീപ് പനങ്ങാട്: കേരളത്തിന്റെ ആധുനികചരിത്രം നിർമിച്ചത് ഒരുപാട് സാമൂഹിക ഇടങ്ങളിലൂടെയാണ്. കള്ളുഷാപ്പുകൾ, ബാർബർഷോപ്പുകൾ, ഗ്രന്ഥശാലകൾ, അതുപോലുള്ള മറ്റ് പൊതു ഇടങ്ങളിലൂടെയാണ് ആധുനിക കേരള സംസ്‌കാരവും അവബോധവും ഒക്കെ ഉണ്ടാക്കിയെടുത്തത്. പഴയകാല സിനിമകൾ കണ്ടാൽ അറിയാം, പല കമ്യൂണിസ്റ്റ് സിനിമകളിലെല്ലാം ബാർബർഷോപ്പ് ഒരു പ്രധാന ഘടകമാണ്. അവിടെയാണ് പലതരത്തിലുള്ള ചർച്ചകളും വിനിമയങ്ങളും ഒക്കെ നടത്തിയിരുന്നത്. എം.സുകുമാരൻതന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹം ആദ്യകാല രാഷ്ട്രീയ അവബോധം നേടിയത് ഒരു ബാർബർ ഷോപ്പിൽനിന്നാണെന്ന്. ചില ചായപ്പീടികകളിൽ എഴുതിവച്ചിട്ടുണ്ട് ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ല എന്ന്. വായനശാലകൾ, ക്ഷേത്രങ്ങളോടനുബന്ധിച്ച് ചില കളിത്തട്ടുകൾ, ഇവിടുന്നൊക്കെയാണ് ചില പൊതുബോധങ്ങളും ആവിഷ്‌കാരങ്ങളും ഒക്കെ ഉണ്ടാക്കിയെടുത്തത്. അതുപോലെ ഒന്നാണ് സിനിമാ ക്കൊട്ടക എന്നു പറയുന്നത്. സിനിമ കാണുന്നതിന്റൈ ചരിത്രം വളരെ ആഴത്തിലുള്ള സാമൂഹികശാസ്ത്ര-സാംസ്‌കാരിക പഠനങ്ങൾക്ക് വിധേയമാക്കേണ്ട ഒന്നാണ്. സിനിമാ കൊട്ടകയിലേക്കു സിനിമ കാണാൺ പോകുന്നതിന്റെ ആവേശം, സിനിമാക്കൊട്ടകയിലെ ജീവിത പരിസരം, അവിടേക്കു പോകുന്ന കുടുംബത്തിന്റെ ആഹ്ലാദം, കാണുന്ന സിനിമയോടുള്ള പ്രതിബദ്ധത, തിരിച്ചുവരുമ്പോഴുള്ള ചർച്ചകൾ ഒക്കെ ചേരുന്ന വലിയ സാമൂഹിക ഇടം മലയാളിക്കുണ്ടായിരുന്നു. പക്ഷേ, അത് പുതിയ കാലത്തേക്കു വന്നപ്പോൾ, അതൊക്കെ മാറുകയും ആ സാമൂഹിക ഇടങ്ങൾ മാറി വ്യക്തി കേന്ദ്രീകൃതമാകുകയും ചെയ്തു.


Related Articles