ചെമ്മീന്‍ എന്ന സിനിമ ആറുപതാണ്ടുകള്‍ പൂർത്തിയാകുകയാണ്.
മലയാളി സിനിമാപ്രേക്ഷകരെ തികച്ചും "യൂണിവേഴ്സല്‍' ആയ ഒരനുഭവത്തിലേക്കു കൊണ്ടുപോയ അഭ്രപാളിയുടെ വിസ്മയമാണ് രാമു കാര്യാട്ടിന്‍റെ "ചെമ്മീന്‍'. തകഴി മലയാളിക്കു സമ്മാനിച്ച പ്രണയത്തിന്‍റെ ആ ശബ്ദതാരാവലിയുടെ ചലച്ചിത്രഭാഷ്യം ചരിത്രത്തില്‍ അനേകം മുദ്രകള്‍ അടയാളപ്പെടുത്തി.
"ചെമ്മീന്‍' ചലച്ചിത്രരംഗത്ത് പല തരത്തിലുള്ള കലാധര്‍മ്മങ്ങള്‍ നിറവേറ്റി. ഒരു മുസ്‌ലിമായ ഇസ്മായില്‍ സേഠ് ആയിരുന്നു ആ സിനിമയുടെ നിര്‍മ്മാതാവ്. ആ കാര്യം ഇവിടെ എടുത്തുപറയാനുള്ള കാരണം, സിനിമ ഹറാമാണ് എന്ന ചര്‍ച്ച പശ്ചാത്തലത്തില്‍ ഇപ്പോഴും ഉള്ളതുകൊണ്ടാണ്. സിനിമയെ ഇസ്മായില്‍ സേഠ് "ഹലാല്‍' ആക്കി. മലയാള സിനിമയുടെ സര്‍ഗാത്മക അസ്തിത്വം ആഴത്തില്‍ അടയാളപ്പെട്ട എക്കാലത്തെയും മികച്ച സിനിമയാണ് "ചെമ്മീന്‍.’ ഭാവികാലത്തേക്ക് തുഴയെറിഞ്ഞ സിനിമ എന്നുകൂടി പറയാം. ആ കടലിരമ്പങ്ങളില്‍നിന്ന് നാം മുക്തരായില്ല. കടലോര പുരാവൃത്തത്തിലേക്ക് തകഴി ഒരു മാപ്പിളയെ കൊണ്ടുവന്നു. ഒരു കറുത്തമ്മയെയും. നുരഞ്ഞു പതയുന്ന മുഹബ്ബത്തിന്‍റെ കടലാണ് ആ നോവലും സിനിമയും.
