അസ്ഗർ ഫരാദിയുടെ ചലച്ചിത്രങ്ങൾ പെട്ടെന്നുതന്നെ ആരേയും ആകർഷിക്കുന്നതാണ്, കുടുംബജീവിതത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്‌ക്കരിച്ചവ പ്രത്യേകിച്ചും. ഓസ്‌ക്കാർ പുരസ്‌ക്കാരം നേടിയ ഒരു വേർപിരിയൽ (A Separation 2011‑) എന്ന ചലച്ചിത്രത്തിനുശേഷം ഇറാനിൽ നിന്നുള്ള ഈ സംവിധായകന്റെ ചിത്രങ്ങൾക്ക് ഏറെ പ്രേക്ഷകശ്രദ്ധ ലഭിക്കുകയുണ്ടായി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഭൂതകാലം (The Past‑) പൂർവ്വകാലചിത്രങ്ങളായ എല്ലിയെക്കുറിച്ച്(About Elly), കരിമരുന്നുപ്രയോഗത്തിന്റെ ബുധനാഴ്ച (Fireworks Wednesday) തുടങ്ങിയവയും 'വേർപിരിയലി'നെപ്പോലെ തന്നെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളെ പ്രമേയമാക്കുന്നവയായിരുന്നു. ഇവയിലെ കഥാപാത്രങ്ങൾ ആരും മോശക്കാരല്ലെന്നത്, അഭ്രപാളിയിലെ ഈ രചനകളെ കൂടുതൽ നന്നാക്കുന്നുവെന്ന ഡേവിഡ് ഈഡൽസ്റ്റൈന്റെ അഭിപ്രായം ശ്രദ്ധേയമാണ്. ഈ ചലച്ചിത്രങ്ങൾക്കായി ഋണസ്വഭാവമുള്ള കഥാപാത്രങ്ങൾ രചിക്കപ്പെട്ടിട്ടില്ലെന്നും അവർ ഭാഗികമായെങ്കിലും ശരിയാണെന്നും പറയുന്ന അസ്ഗർ ഫരാദിയുടെ വാക്കുകളും ഓർക്കുക.
ഉയർന്ന ഊർജ്ജാവസ്ഥകളിലുള്ള ലോകങ്ങൾ തുറന്നിടുന്നു, സംവിധായകൻ. കഥാപാത്രങ്ങൾ തുടർച്ചയായി സംഭാഷണങ്ങളിലാണ്, പ്രവൃത്തികളിലും. ധാർമ്മികമായ ഉത്ക്കണ്ഠകളും ഉത്തരവാദിത്വങ്ങളും കുറ്റബോധവും സന്ദേഹങ്ങളും പൊട്ടിത്തെറിക്കലുകളും നിറഞ്ഞ മനസ്സുകൾക്കിടയിലൂടെക്യാമറക്കണ്ണുകളെ പായിക്കുന്നു, ഫരാദി. ഈ ചലച്ചിത്രങ്ങളിൽ ക്രൂരരായ കഥാപാത്രങ്ങളെ കാണാൻ കഴിയില്ല. എല്ലാവരും ഉള്ളിന്റെയുള്ളിൽ ധർമ്മവ്യസനങ്ങളെ ഏറ്റു വാങ്ങിയവരാണ്. ബാലികാബാലന്മാർപോലും ധർമ്മബോധത്തിന്റെ ചൂളയിൽ വേകുന്നത് നാം കാണുന്നു. ധർമ്മപരീക്ഷണങ്ങളുടെ വേദിയായി വെള്ളിത്തിര മാറിത്തീരുന്നു. ഉയർന്ന ധർമ്മബോധം ആവാഹിച്ച് സ്വജീവിതത്തിൽ കുടിയിരുത്തിയിരിക്കുന്ന ഇറാനിലെ ജനതയെ നോക്കി നാം അസൂയാലുക്കളാകുന്നു.
