കലയുടെയും രാഷ്ട്രീയത്തിന്റെയും പ്രകരണങ്ങൾ

Cinema

കലയുടെയും രാഷ്ട്രീയത്തിന്റെയും പ്രകരണങ്ങൾ


ലയുടെ പ്രതിജ്ഞാബദ്ധത ആദ്യമായി കലയോടുള്ള പ്രതിജ്ഞാബദ്ധതയാണ്. സ്വയം നന്നാകാനുള്ള പ്രതിജ്ഞാബദ്ധതയാണത്. വ്യക്തിപരമായി നന്നാകുന്നത് സാമൂഹികമായും ഗുണകരമായതിനാൽ സ്വയം നന്നാകാനുള്ള പ്രതിജ്ഞാബദ്ധത സാമൂഹികമായും ഗുണകരമാണ്. കലയ്ക്ക് സത്യത്തോടും സൗന്ദര്യത്തോടും മംഗളകാരിയായ നന്മയോടും സഹഭാവങ്ങളുണ്ട്. കല അവയെ ചേർത്തുപിടിയ്ക്കുന്നു. അപ്പോൾ, കലയിലെ കള്ളവും നുണയും കെട്ടിച്ചമയ്ക്കലുമെല്ലാം? നല്ല കലയിലെ നുണ ഏതൊരു സത്യത്തേക്കാളും സത്യവും ഏതൊരു യാഥാർത്ഥ്യത്തേക്കാളും യഥാർത്ഥവുമാണ്. അതു പലപ്പോഴും പ്രത്യക്ഷയാഥാർത്ഥ്യത്തിന്നപ്പുറത്തുള്ള യാഥാർത്ഥ്യത്തെ രേഖപ്പെടുത്തുന്നതാണ്. നല്ല കലയിലെ നുണ സത്യത്തേക്കാളും മഹത്തരമാണ്. എഴുത്തുകാരൻ എഴുതി നിറയ്ക്കുന്ന വൈരൂപ്യവും തിന്മയും ചിത്രകാരൻ വരച്ചിടുന്ന അശ്ലീലവും? ഒരു നല്ല ചിത്രരചനയിൽ പ്രത്യക്ഷപ്പെടുന്ന അശ്ലീലം അശ്ലീലമല്ല. നല്ല എഴുത്തിൽ നിറയ്ക്കപ്പെടുന്ന തിന്മ പോലും അതിന്റെ വൈരുദ്ധ്യാത്മകപ്രവർത്തനത്തിലൂടെ കുടിലവും കലുഷവുമായ ഏതു മനസ്സിനേയും സാന്ത്വനപ്പെടുത്തുന്നതും പരിവർത്തിപ്പിക്കുന്നതുമാണ്. ഇരുട്ടിനെ പ്രത്യക്ഷമാക്കി കൊണ്ട് അത് വെളിച്ചത്തെ ഓർമ്മിപ്പിക്കുന്നു. നിഹിലിസ്റ്റിനെ കൽപ്പന ചെയ്തുകൊണ്ട് സൃഷ്ടിപരമായി ഇടപെടേണ്ടതിനെ നിർദ്ദേശിക്കുന്നു. നല്ല കല വൈരൂപ്യത്തിന്റെ ചിത്രണത്തിൽ പോലും സൗന്ദര്യമൂല്യങ്ങളെ ഉള്ളിൽ പേറുന്ന കലയാണ്. കലകൾ വൈരുദ്ധ്യാത്മകതയെ പ്രകാശിപ്പിക്കുന്നതിലൂടെ സത്യത്തിന്റേയും സൗന്ദര്യത്തിന്റേയും മംഗളഭാവത്തിന്റേയും വാഹകരാകുന്നു. നല്ല കല പ്രകൃതിയുടേയും ജീവിതത്തിന്റേയും വൈരുദ്ധ്യാത്മകയാഥാർത്ഥ്യത്തെ ഉൾക്കൊള്ളുന്നു.

അപ്പോൾ, തെറ്റിപ്പോകുന്ന കലയോ? ചീത്ത കലയോ? ചീത്ത കല അതിനോടു തന്നെ പ്രതിജ്ഞാബദ്ധത പുലർത്താത്ത കലയാണ്. അത് അമംഗളകാരിയായ കലയാണ്. മറ്റേതോ ലക്ഷ്യത്തിനായി സ്വയം നശിപ്പിക്കുന്ന കലയാണ്. പലപ്പോഴും ഉപകരണവാദത്തിന്റെ കലയാണത്. തിന്മയിലേക്കു നയിക്കുന്ന കലയാണ്. സ്വയം പ്രതിജ്ഞാബദ്ധത പുലർത്താത്ത കല മറ്റൊന്നിനേയും സാന്ത്വനിപ്പിക്കുകയോ നന്നാക്കുകയോ പരിവർത്തിപ്പിക്കുകയോ ചെയ്യുന്നില്ല. നല്ല കലയെ സ്വയം തന്നെ ഒരു ലക്ഷ്യമായി കാണാത്ത കല, സ്വയം ഉള്ളിലേക്കും തന്നെത്തന്നെയും നോക്കാത്ത കല തെറ്റിപ്പോകുന്ന കലയാണ്. സൗന്ദര്യമൂല്യങ്ങളെ സ്വയം ഉള്ളിൽ വഹിയ്ക്കാത്ത കല ലോകത്തിനു സൗന്ദര്യം പ്രദാനം ചെയ്യുന്നില്ല.

ആന്ദ്രേ വൈദയുടെ (Andrzej Wajda) 'ഓർക്കെസ്ട്ര കണ്ടക്ടർ' (1980) എന്ന ചലച്ചിത്രത്തിൽ മാർത്ത എന്ന സംഗീതജ്ഞ അവർ കൂടി ഉൾപ്പെട്ട സംഗീതസംഘത്തെ നയിക്കുന്ന തന്റെ ഭർത്താവിനോടു ഇങ്ങനെ പറയുന്നുണ്ട്. ''എന്നെ കുറിച്ചോ ഓർക്കസ്ട്രയിലെ അംഗങ്ങളെയോ കുറിച്ചോ അല്ല നിങ്ങൾ അസൂയാലുവായത്. അവർ നിങ്ങളെ വളരെ മോശമായി അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടാകും. അതിലേറെ, നിങ്ങൾ സംഗീതത്തോടു അസൂയാലുവായിരുന്നു. സംഗീതത്തോടു സ്‌നേഹമുള്ളവർ സ്വതന്ത്രരായിരിക്കും. നിങ്ങൾ അങ്ങനെയായിരുന്നില്ല. സംഗീതം നിങ്ങൾക്കു അതിൽ തന്നെയുള്ള ലക്ഷ്യമായിരുന്നില്ല. അത് നിങ്ങൾക്കു മറ്റെന്തിനോ ഉള്ള മാർഗ്ഗമായിരുന്നു. എന്തിനാണെന്ന് എനിക്കറിയില്ല. സ്ഥാനം, അധികാരം, യശസ്സ്. നിങ്ങൾ മുങ്ങിപ്പോയ ചതുപ്പിൽ നിന്നും തലയുയർത്തി പിടിക്കാനുള്ള എന്തോ. നിങ്ങളുടെ കുറ്റമായിരിക്കില്ല. അങ്ങനെയാകും പരിശീലിപ്പിക്കപ്പെട്ടത്. തങ്ങൾ ചെയ്യുന്നതിനെ ഇഷ്ടപ്പെടാത്തവർ സ്വതന്ത്രരല്ല. അവർ ആശ്രിതരായിരിക്കും. നിരൂപകരുടെ, അംഗീകാരങ്ങളുടെ, പണത്തിന്റെ... ഒക്കെ ആശ്രിതരായിരിക്കും. നിങ്ങളെ വാങ്ങുകയും വിൽക്കുകയും ചെയ്യാം. അതുകൊണ്ടാണ് സംഗീതം നിങ്ങൾക്ക് ക്ഷീണിപ്പിക്കുന്നതോ മുഷിപ്പിക്കുന്നതോ ആയിത്തീരുന്നത്. എന്തുകൊണ്ടെന്നാൽ, നിങ്ങൾക്ക് ഏറ്റവും പ്രാധാന്യം കുറഞ്ഞത് അതാണ്. നിങ്ങൾ സ്വയം നിന്ദിക്കുന്നു. പക്ഷേ, അതു സമ്മതിച്ചു നൽകില്ല, എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് അതിൽ നിന്നും മാറാൻ കഴിയില്ല. കുഴപ്പം പിടിച്ച സ്ഥിതിയിൽ ദുഷ്ടതയിൽ തുടരുന്നു. എല്ലാറ്റിനേയും മുളയിലേനുള്ളിക്കളയാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളെ ഭരിക്കുന്ന കെട്ടുകഥയെ ഞങ്ങളെല്ലാവരും ആശ്രയിക്കണമെന്നു താൽപ്പര്യപ്പെടുന്നു. നിങ്ങളുടെ ആധിപത്യഭാവത്തിന്റെ സ്രോതസാണത്. എല്ലാവരും നിങ്ങളെ പോലെയാണെങ്കിൽ എല്ലാം ഭംഗിയായിരിക്കും. പക്ഷേ, നിങ്ങൾക്ക് എപ്പോഴെങ്കിലും മഹാനായ ഒരു മനുഷ്യനെ സന്ധിക്കേണ്ടി വരും. അപ്പോൾ, നിങ്ങൾ അമ്പരന്നു പോകും.'' അത് വെറുപ്പിനെ ഉത്തേജിപ്പിക്കും. എല്ലാം അതാണ്. സംഗീതത്തിനു വേണ്ടി സ്വയം അർപ്പിക്കാത്ത സംഗീതജ്ഞനെ നിശിതമായി വിചാരണ ചെയ്യുന്ന ഈ വാക്കുകൾ ആന്ദ്രേ വൈദയെന്ന ചലച്ചിത്രകാരന്റെ കലാദർശത്തിന്റെ നേർപ്രഖ്യാപനങ്ങളാണ്. കലാകാരൻ ഒരിക്കലും അസൂയാലുവല്ലെന്ന്, അവൻ എപ്പോഴും സ്വതന്ത്രനാണെന്ന് വൈദ പ്രഖ്യാപിക്കുന്നു. കലാകാരന് കല തന്നെയാണ് ലക്ഷ്യം. കലയുടെയും കലാകാരന്റെയും സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം ശബ്ദിക്കുന്ന വൈദയുടെ ഈ ചലച്ചിത്രം അദ്ദേഹത്തിന്റെ കലാദർശത്തിന്റെ പ്രഖ്യാപനത്തിനായി സാക്ഷാത്ക്കരിച്ചതാണെന്നു കരുതണം.


Related Articles