ശാരദീയത

Cinema

ശാരദീയത


ഗീതേട്ടി അങ്ങനെ പറഞ്ഞത് നന്നായി ഓർമ്മിക്കുന്നു:

''ഷീല നല്ല സുന്ദരിയാണ്. പക്ഷേ, നല്ല നടി ശാരദയാണ്.'' അച്ഛന്റെ മൂത്ത സഹോദരിമാരിൽ ഒരാളുടെ മകളാണ് ഗീതേട്ടി. വല്യമ്മയുടെ വീട്ടിൽ ചിലപ്പോൾ പോകാറുണ്ടായിരുന്നു. സിനിമയെപ്പറ്റിയൊക്കെ കൂട്ടുചർച്ചകൾ നടക്കാറുണ്ട്. കഥാപാത്രങ്ങളുടെ പേര് പറഞ്ഞും നടീനടന്മാരുടെ കാര്യം പറഞ്ഞുമൊക്കെ കഴിയുന്നത്ര ആഴത്തെ പ്രതിരോധിച്ചുകൊണ്ട്. അക്കൂട്ടത്തിലാണ് ഗീതേട്ടിയുടെ ഈ വിലയിരുത്തൽ വന്നത്. നാല്പത്തഞ്ചു കൊല്ലമെങ്കിലും മുമ്പത്തെ ആ സന്ദർഭത്തിന്റെ മറ്റു വിശദാംശങ്ങളൊക്കെ മാഞ്ഞുപോയി. ഈ വാക്യംമാത്രം പരിക്കില്ലാതെ ബാക്കിയായിരിക്കുന്നു. ഗീതേട്ടിയോട് മറുത്തൊന്നും പറയേണ്ടിവന്നില്ല എന്നും ഓർമ്മിക്കുന്നുണ്ട്. അതു സമ്മതിക്കാൻ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ''അതങ്ങനെതന്നെയാണല്ലോ?'' എന്നു മനസ്സ് പറഞ്ഞിട്ടുണ്ടാവും.

അന്ന് കേരളം ഗ്രാമങ്ങളുടെ സമുച്ചയമായിരുന്നു. അവികസിതാവസ്ഥയെ ഗ്രാമീണത എന്ന് വിളിക്കുന്ന കാലമായിരുന്നു. ടെലിവിഷൻ പ്രതിക്ഷീക്കപ്പെട്ടുകൂടിയില്ല. യാത്രകൾ കുറവ്. ദിനപത്രങ്ങളും വാരികകളും വായിക്കുന്നവർ കുറച്ചൊക്കെ ഉണ്ട്. നാടകങ്ങൾ കൊല്ലത്തിലൊന്നെങ്കിലും കാണാൻ ഗ്രാമങ്ങൾക്കവസരമുണ്ടായിരുന്നു. സിനിമ ആകർഷകമായിത്തീർന്നിരുന്നു. കാണുന്ന ഏറെ സിനിമകളും മധ്യവർഗ്ഗകുടുംബങ്ങളുടെ കഥകളുള്ളവ. റൊമാന്റിക് റിയലിസത്തിന്റെ വഴക്കത്തിലാണ് സംവിധാനം ചെയ്യപ്പെട്ടത്. ആദർശവത്കരണം കൂടുതലായിരുന്നു. കുടുംബത്തിന്റെ മഹത്ത്വം മിക്കവയിലും എടുത്തുയർത്തപ്പെട്ടു. സരളമായിരുന്നു ചിത്രീകരണശൈലികൾ. മധ്യവർഗ്ഗക്കാർതന്നെയായിരുന്നു അവയുടെ സങ്കല്പിത കാണികൾ (implied viewers). ഈ കാണിക്കൂട്ടമാണ് ശാരദയെ (ഗീതേട്ടിയെപ്പോലെ) അംഗീകരിച്ചത്.


Related Articles