ആത്മപീഡയുടെ സിനിമ

Cinema

ആത്മപീഡയുടെ സിനിമ


"I am he whose life and soul are tormented" Sayat Nova, Armenian Poet "I don't quite remember my biography. What is my biography? "Dard" (Sorrow) - here it's eternal form" - Sergei Parajnov, Russian Filmmaker.

ജീവചരിത്രത്തിനും, ആത്മകഥയ്ക്കും ഓർമ്മക്കുറിപ്പിനും, തുറന്നു പറച്ചിലുകൾക്കും ഇന്ന് വലിയ ഡിമാന്റുണ്ട്. അതുകൊണ്ടുതന്നെ സിനിമയിൽ ബയോപ്പിക്കുകൾ ധാരാളമായി ഉണ്ടാവുന്നു. മരിച്ചവരെ കുറിച്ചുമാത്രമല്ല, ജീവിച്ചിരിക്കുന്നവരെ കുറിച്ചും സിനിമകൾ ഉണ്ടാവുന്നു. മിക്ക ബയോപ്പിക്കുകളുടെയും ലക്ഷ്യം മെയിൻസ്ട്രീം സിനിമകളുടെ ചേരുവകൾ ചേർത്ത് പ്രശസ്തരുടെ ജീവിതത്തെ സൂപ്പർ താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ച് വാണിജ്യവിജയം നേടുക എന്നതാണ്. എന്നാൽ, ഇതിൽ നിന്ന് മാറിയ 'ഗ്രാമ വൃക്ഷത്തിലെ കുയിൽ' എന്ന സിനിമയ്ക്ക് എതിരെ ഉയർന്ന വിമർശനം മറ്റൊന്നാണ്--കുമാരനാശാൻ എന്ന സാമൂഹ്യ ജീവിയെ സിനിമയിൽ കാണാനില്ല എന്നും ഇത്രയും വലിയ സാമൂഹ്യ പരിഷ്‌കർത്താവിനെ വെറും കവിയായി ചുരുക്കുകയാണോ എന്നും. ഒരു വ്യക്തിയെ പല രീതിയിൽ, പല ഭാഗത്തു നിന്നും നോക്കിക്കാണുകയും ആ രീതിയിൽ സിനിമയിൽ അവതരിപ്പിക്കുകയും ചെയ്യാമല്ലോ. അത് സംവിധായകന്റെ ആ വ്യക്തിയിലെക്കുള്ള നോട്ടത്തെ ആശ്രയിച്ചിരിക്കും. അപ്പോൾ ജീവചരിത്രസിനിമ ഇന്ന രീതിയിൽ ആയിരിക്കണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ.

നമ്മുടെ ബയോപ്പിക്കുകൾ സിനിമയ്ക്ക് ആധാരമായ വ്യക്തിയുമായി രൂപസാദൃശ്യമുള്ള അഭിനേതാവിനെയോ അഭിനേത്രിയെയോ കണ്ടെത്തുകയും ആ വ്യക്തിയുടെ അംഗചലനങ്ങൾ വരെ വളരെ യഥാതഥമായി സിനിമയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. വസ്ത്രധാരണ രീതി, ഹെയർ സ്‌റ്റൈൽ, മേക്കപ്പ്, സെറ്റ് തുടങ്ങിവയിലൂടെ അക്കാലത്തെ പുനഃസൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, ബയോപ്പിക്കിന് ആധാരമായ വ്യക്തിയെത്തന്നെ ഒരിടത്തും കാണിക്കാത്ത ഒരു സിനിമയാണ് പ്രശസ്ത ഹിന്ദി കവി ഗജാനൻ മാധവ് മുക്തിബോധിനെ കുറിച്ച് മണി കൗൾ സംവിധാനം ചെയ്ത Arising from the Surface എന്ന സിനിമ. ഇത് ബയോപ്പിക്, അനുകല്പനം, ഉപന്യാസം എന്നീ വർഗ്ഗീകരണങ്ങളെ നിരാകരിക്കുന്നു. ഇവയെല്ലാം ചേർന്ന് ഒരു സിനിമാറ്റിക് അനുഭവം സൃഷ്ടിക്കുകയാണ് എന്നുപറയാം. ഈ സിനിമ മുക്തിബോധിന്റെ രണ്ട് കവിതകൾ, രണ്ട് ഉപന്യാസങ്ങൾ, ആറ് ചെറുകഥകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ആഖ്യാനം രൂപപ്പെടുത്തിയിരിക്കുന്നത്: മുക്തിബോധിന്റെ ആത്മനിഷ്ഠത ഉൾക്കൊള്ളുന്ന രമേഷ്, മാധവ്, കേശവ് എന്നിവർ മുക്തിബോധിന്റെ കൂട്ടാളികളാണ്. മുക്തിബോധിന്റെ പ്രപഞ്ചത്തിന്റെ രാഷ്ട്രീയവും ദാർശനികവുമായ അവസ്ഥകൾ ഇവരിലൂടെയാണ് അവതരിപ്പിക്കുന്നത്. (ഇതിൽ രമേഷായി അഭിനയിച്ചത് ഭരത് ഗോപിയാണ്).


Related Articles