ആക്കുളത്തെ 'ഇന്ദ്രൻസ്' കട കുഴപ്പമില്ലാതെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് സുരേഷ് ഉണ്ണിത്താൻ വിളിച്ച് പത്മരാജന്റെ പുതിയ പടത്തിൽ വർക്കുചെയ്യണമെന്നു പറയുന്നത്. കേട്ടപാടേ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ഒരു നിമിഷം നിശ്ശബ്ദനായിപ്പോയി. തൊട്ടടുത്ത നിമിഷംതന്നെ എല്ലാം കെട്ടടങ്ങുകയും ചെയ്തു. പത്മരാജനെപ്പോലുള്ള ഒരാളുടെകൂടെ വർക്കുചെയ്യുന്നത് വലിയ കാര്യമായിരുന്നു. അത്രയും ചർച്ചചെയ്യപ്പെട്ട ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ, ഇനിയും തീക്കളി വേണ്ടെന്ന് മനസ്സു പറഞ്ഞു. അമ്മയുടെ മുഖം ഓർമ്മവന്നു. കടയിലാണെങ്കിൽ നല്ല തിരക്കുണ്ട്.
സുരേഷ് ഉണ്ണിത്താൻ പത്മരാജൻസാറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന ചിത്രത്തിൽ വർക്കുചെയ്യാനാണ് എന്നെ വിളിച്ചത്. അദ്ദേഹം എന്നെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഒരുപാടു ദിവസമൊന്നും നിൽക്കേണ്ടിവരില്ല എന്നൊക്കെ പറഞ്ഞു. അന്നെനിക്ക് നല്ല സുഖമുണ്ടായിരുന്നില്ല. ചെറിയ പനിയൊക്കെ ഉണ്ടായിരുന്നു. എന്നിട്ടും ഞാൻ പോയി വർക്കുചെയ്തു. അതൊരു വലിയ സംഭവമായിരുന്നു.
