മാറുന്ന സിനിമ

Cinema

മാറുന്ന സിനിമ


സിനിമ മാറിക്കൊണ്ടേയിരിക്കുകയാണ്. നിശ്ശബ്ദതയിൽനിന്ന് ശബ്ദത്തിലേക്കും കറുപ്പിലും വെളുപ്പിലും നിന്ന് നിറങ്ങളിലേക്കുമുള്ള മാറ്റത്തിന് കുറച്ചധികം സമയം എടുത്തുവെങ്കിൽ അനലോഗിൽനിന്ന് ഡിജിറ്റലിൽ എത്തിയതോടെ മാറ്റങ്ങൾക്കു വേഗതയേറി. അനുനിമിഷം എന്നപോലെ സാങ്കേതികവിദ്യയിൽ സംഭവിക്കുന്ന മാറ്റം സിനിമയും സ്വന്തമാക്കുകയാണ്. രൂപം മാത്രമല്ല, ഉള്ളടക്കവും സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മാധ്യമങ്ങൾ തമ്മിൽ (ഉദാ: സിനിമ, ചിത്രം, ശില്പം) പരമ്പരാഗതമായി നിലനിന്നിരുന്ന അതിരുകൾ മാഞ്ഞു പോവുകയും വിവിധ കലാരൂപങ്ങൾ തമ്മിലുള്ള സങ്കലനവും സംയോഗവും സിനിമയിൽ സംഭവിക്കുകയും ചെയ്യുന്നു.

അതോടൊപ്പം സിനിമയുടെ പ്രദർശനവും വൻ മാറ്റങ്ങൾക്കു വിധേയമായി. പരമ്പരാഗത ഒറ്റ സ്‌ക്രീൻ തിയേറ്ററിനു പകരം മൾട്ടി പ്ലെക്‌സുകൾ ഉയർന്നുവന്നു. വീഡിയോ ടെക്‌നോളോജിയുടെ വരവോടെ ടിവി വ്യാപകമാവുകയും സിനിമ എന്നത് ഒരു കുടുംബകാര്യമായി മാറുകയും ചെയ്തു. ഡിജിറ്റൽ ടെക്‌നോളജിയുടെ വരവോടെ, സിനിമ കൂടുതൽ സ്വകാര്യമായി. ലാപ്‌ടോപ്പിലേക്കും മൊബൈൽ ഫോണിലേക്കും സിനിമ ചുരുങ്ങി. മറ്റൊരു വശത്ത് ചിത്രങ്ങളും ശില്പങ്ങളും പ്രദർശിപ്പിച്ചിരുന്ന ആർട്ട് ഗാലറികളിൽ സിനിമയും പ്രദർശിപ്പിച്ചു തുടങ്ങി. വേറൊരു വശത്ത്, ഹോട്ടലിലെ തീൻമേശയിൽ ഇരുന്ന് ബിയറോ കോഫിയോ നുണഞ്ഞുകൊണ്ട് കലാസിനിമകൾ കാണാൻ മുംബൈപോലുള്ള നഗരങ്ങളിൽ സൗകര്യമുണ്ട്.

വിഖ്യാത തായ്‌ലാൻഡ് ചലച്ചിത്രകാരനായ അപിചാത് പോങ് വീരസേതകുൽ റോട്ടെർഡാം രാജ്യാന്തര മേളയിൽ ഒരു SLEEP CINEMA HOTEL സൃഷ്ടിക്കുകയുണ്ടായി. Beurs World Trade Center—ലെ ഒരു വലിയ ഹാളിനെ പകുതി ഹോട്ടലും പകുതി പ്രതിഷ്ഠാപനവുമായി വിഭാവനം ചെയ്തതാണ് ഈ ഹോട്ടൽ. ഒരു സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേതുപോലെ ഒറ്റ കിടക്കയോ ഇരട്ട കിടക്കയോ ബുക്ക് ചെയ്യാം. സന്ദർശകർക്ക് ഇതിനകത്ത് ചെലവഴിക്കാൻ ഇരുപതു മണിക്കൂർ അനുവദിച്ചു കിട്ടും. ഇതിനകത്ത് കട്ടിയുള്ള പ്ലാസ്റ്റിക് കയറുകൾകൊണ്ടു നിർമ്മിച്ച പല ഉയരങ്ങളിലുള്ള കൂടുകൾപോലുള്ള മഞ്ചങ്ങൾ. ഈ കൂടുകളിൽ കിടക്കയും ടേബിൾ ലാമ്പും ടവ്വലുകളും സ്ലിപ്പറും ഒരു കുപ്പി SLEEP CINEMA WATER—ഉം ഉണ്ട്. ഓരോ 'മുറി'യിൽനിന്നും കാണാൻ പാകത്തിൽ ഹാളിന്റെ മറ്റേ അറ്റത്ത് മച്ചിൽനിന്നു തൂങ്ങിക്കിടക്കുന്ന അർദ്ധവൃത്താകാരത്തിലുള്ള ഭീമൻ സ്‌ക്രീൻ. ഈ സ്‌ക്രീനിൽ ഏകദേശം 120 മണിക്കൂർ ദൈർഘ്യമുള്ള സിനിമ തുടർച്ച യായി പ്രദർശിപ്പിക്കുന്നു. ഇത് സാമ്പ്രദായിക അർത്ഥത്തിലുള്ള സിനിമയല്ല. പകരം, സ്വപ്നസദൃശമായ ദൃശ്യങ്ങളുടെ പരമ്പരയാണ്. പ്രകൃതിയുടെയും മൃഗങ്ങളുടെയും ഉറങ്ങുന്ന മനുഷ്യരുടെയും മറ്റും ദൃശ്യങ്ങൾ. അകമ്പടിയായി തിരമാലകളുടെയും വൃക്ഷങ്ങൾ തമ്മിൽ ഉരസുന്നതിന്റെയും മറ്റും സാന്ത്വനശബ്ദങ്ങൾ. ഇവിടെ സമയനിഷ്ഠയില്ല. സന്ദർശകർക്ക് എപ്പോൾ വേണമെങ്കിലും അകത്ത് കടക്കാം. നിബന്ധനകൾ ഇല്ല. ഉറങ്ങാം. സ്വപ്നം കാണാം. ഉണരാം. ഭാവനചെയ്യാം. സിനിമ കാണാം.


Related Articles