കൊടുംവേനലിന്റെ സ്മാരകം

Cinema

കൊടുംവേനലിന്റെ സ്മാരകം


ഇന്ത്യയിൽനിന്നും ഈ വർഷം ഓസ്‌ക്കാറിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത് 'കൂഴങ്ങൾ (pebbles ഉരുളൻകല്ലുകൾ) എന്ന തമിഴ് സിനിമയാണ്. അതിനുമുമ്പ് റോട്ടർഡാമിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച് അത് ടൈഗർ അവാർഡ് നേടുകയുണ്ടായി. അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമാണ് ഈ ചലച്ചിത്രം. തന്റെ ആദ്യചിത്രത്തിലൂടെത്തന്നെ പി. എസ് വിനോത് രാജു എന്ന സംവിധായകന് മാധ്യമത്തിന്റെ അപാരമായ സാദ്ധ്യതകളെ ആവിഷ്‌ക്കരിക്കാൻ സാധിച്ചിരിക്കുന്നു.

എഴുപതു മിനിട്ടു മാത്രമുള്ള ഒരു ചെറിയ ചിത്രമാണിത്. ആവേശകരമായ ഒരു പ്രമേയമോ കഥയിൽ നാം പ്രതീക്ഷിക്കുന്ന വഴിത്തിരിവുകളോ ഒന്നുമില്ല. അപൂർവ്വം ചില കഥാപാത്രങ്ങൾ മാത്രമേയുള്ളൂ. അവരിൽത്തന്നെ താരങ്ങളാരുമില്ല. ഓർമ്മിച്ചുവയ്ക്കാവുന്ന സംഭാഷണങ്ങളില്ല. ഉള്ളവതന്നെ ശാപത്തിന്റെയും ശകാരത്തിന്റെയും കരച്ചിലുകളുടെയും വാങ്മയചിത്രീകരണങ്ങളായി അനുഭവപ്പെടുന്നു. അതേ സമയം, ഇവയിലൂടെയെല്ലാം ചിത്രീകരിക്കപ്പെടുന്ന ജീവിതം നിസ്സഹായമായ ഒരു നിലവിളി പോലെ കാഴ്ചയ്ക്കുശേഷവും നമ്മെ പിന്തുടരുകതന്നെ ചെയ്യും. പലപ്പോഴും ചലനരഹിതമായി അനുഭവപ്പെടുന്ന ഫ്രെയിമുകൾ വലിയ ക്യാൻവാസുകളിൽ സാക്ഷാൽക്കരിക്കപ്പെട്ട, എന്നാൽ കാലപ്പഴക്കം കൊണ്ട് ഒട്ടൊന്നു മങ്ങിപ്പോയ പെയിന്റിംഗുകൾ പോലെ പ്രേക്ഷകമനസ്സുകളിൽ തങ്ങിനില്ക്കും.

ഗണപതി എന്ന അച്ഛനും വേലു എന്നു പേരുള്ള എട്ടോ ഒമ്പതോ വയസ്സുള്ള അയാളുടെ മകനും നടത്തുന്ന യാത്രയുടെ കഥയാണ് കൂഴങ്ങൾ എന്ന് ചുരുക്കിപ്പറയാം. സാമ്പത്തികമായും സാമൂഹികമായും താഴ്ന്ന ശ്രേണിയിൽനിന്നുള്ള ഒരാളാണ് ഗണപതി. നാല്പതിനോടടുത്തായിരിക്കണം അയാളുടെ പ്രായം. അയാളുടെ പശ്ചാത്തലമെന്താണെന്നോ തൊഴിലെന്താണെന്നോ സിനിമയിൽ വ്യക്തമാക്കിയിട്ടില്ല. മിക്കവാറും പണിയൊന്നുമെടുക്കാതെ നടക്കുന്ന വഴക്കാളിയായ ഒരു മദ്യപനാകാനാണ് സാദ്ധ്യത. ഭാര്യ ശാന്തി അയാളുമായി പിണങ്ങി ഇളയ മകൾ ലക്ഷ്മിക്കൊപ്പം ഇടയപ്പട്ടി എന്ന ഗ്രാമത്തിലുള്ള സ്വന്തം വീട്ടിലേക്കു പോയിരിക്കുകയാണ്. അവളെ തിരിച്ചുകൊണ്ടുവരാനാണ് അയാൾ പോകുന്നത്. സ്‌കൂളിലായിരുന്ന മകനെ വിളിച്ചിറക്കി അയാൾ യാത്രയിൽ കൂട്ടുകയാണ്. ഗണപതിയുടേയും മകന്റെയും ബസ്സിൽ കയറിയുള്ള, പതിമൂന്നു കിലോമീറ്റർ അകലെയുള്ള ഇടയപ്പട്ടിയിലേക്കുള്ള യാത്രയാണ് സിനിമയുടെ ആദ്യഭാഗം. ബസ്സിൽ വച്ചാണ് ഗണപതി വഴക്കിടുന്നത് ആദ്യമായി നാം കാണുന്നത്. തന്റെ പുകവലി ചോദ്യം ചെയ്ത സഹയാത്രികനോടായിരുന്നു അത്. ഇടയപ്പട്ടിയിൽ ഭാര്യവീട്ടിൽ അവർ എത്തുന്നതിനു മുമ്പുതന്നെ ശാന്തി മകളുമായി ഭർതൃഗൃഹത്തിലേക്കു തിരിച്ചുപോയിരുന്നു. ഗണപതി ഭാര്യവീട്ടിലും വഴക്കുണ്ടാക്കുന്നു. അച്ഛനും മകനും മടങ്ങി വീട്ടിലേക്കുപോകുന്നതിന്റെ ചിത്രീകരണമാണ് യാത്രയുടെ രണ്ടാമത്തെ ഭാഗം. മടക്കയാത്രയിൽ അവർ നടക്കുകയാണ്. ഈ രണ്ടു യാത്രകളും അവയിൽ അച്ഛനും മകനും കാണുന്ന കാഴ്ചകളും സംഭവങ്ങളുമാണ് സിനിമയുടെ ആകെത്തുക. ആ സംഭവങ്ങളിൽ കലഹങ്ങളുണ്ട്, ഏറ്റവും അതിരുകളിൽ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ അതിജീവനശ്രമങ്ങളുണ്ട്. അപൂർവ്വം ചിലപ്പോൾ മനുഷ്യസ്‌നേഹത്തിന്റെ സ്പർശങ്ങൾ കാണാം. ഈ സന്ദർഭങ്ങളൊക്കെയും പക്ഷേ, യാത്രികരുടെ കണ്ണുകളിലൂടെയാണ് ദൃശ്യരൂപം കൈവരിക്കുന്നത്. അവരെ വിടാതെ പിന്തുടരുകയാണ്. അതേസമയം, ഈ യാത്രകൾ അവരുടെയും ചുറ്റുമുള്ള സമൂഹത്തിന്റെയും ജീവിതാവസ്ഥകളുടെ, ഒരു പക്ഷേ പ്രകൃതിയുടെത്തന്നെയും പരിച്ഛേദമായിത്തീർക്കുന്നിടത്താണ് സംവിധായകൻ തന്റെ കലയിലുള്ള സമ്പൂർണമായ കൈയ്യടക്കം നേടിയെടുക്കുന്നത്.


Related Articles