നക്‌സലൈറ്റുകൾ മലയാളസിനിമയിൽ

Cinema

നക്‌സലൈറ്റുകൾ മലയാളസിനിമയിൽ


ക്‌സലൈറ്റുകളെന്നോ ഇടതുപക്ഷതീവ്രവാദികളെന്നോ വിളിക്കപ്പെട്ട കേരളത്തിലെ മാർക്‌സിസ്റ്റ് - ലെനിനിസ്റ്റ് വിപ്ലവകാരികളെ ഇവിടുത്തെ മദ്ധ്യവർഗം എങ്ങനെയാണ് നോക്കിക്കണ്ടത്? ഈ വിപ്ലവകാരികളിലേറെയും മദ്ധ്യവർഗവിഭാഗങ്ങളിൽനിന്നു വന്നവരായിരുന്നെന്നും ഇവർക്കു തൊഴിലാളിവർഗവുമായോ പണിയെടുക്കുന്ന ജനവിഭാഗങ്ങളുമായോ അകന്ന ബന്ധങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കാണുന്നവരുണ്ട്. മദ്ധ്യവർഗത്തിന്റെ കാല്പനികമായ വിമോചനാകാംക്ഷകളും കാമനകളുമായിരുന്നു ഇവരിലൂടെ പ്രകടിതമായിരുന്നതെന്നു മൂല്യനിർണ്ണയം ചെയ്തവരുണ്ട്. സജീവമായ യുവത്വത്തിന്റെ അനീതിയോടുള്ള പ്രതിഷേധമായും ചോരത്തിളപ്പിന്റെ കാലത്ത് പ്രകടിപ്പിച്ച ലോകത്തെ മാറ്റിത്തീർക്കാനുള്ള അഭിനിവേശമായും മറ്റും സാഹിതീയാഖ്യാനങ്ങളിൽ ഇതു രേഖിതമായിരിക്കുന്നു. ജനജീവിതത്തിൽനിന്നും അകന്നു നിന്ന സിദ്ധാന്തപ്രേമികളായ മദ്ധ്യവർഗബുദ്ധിജീവിവൃന്ദത്തിന്റെ കലാപവാസനകളുടെ പ്രകടനമായി ഇതിനെ വ്യാഖ്യാനിച്ചവരുമുണ്ട്.

മലയാളത്തിലെ മദ്ധ്യവർത്തിചലച്ചിത്രങ്ങളിൽ; അത് ചലച്ചിത്രത്തിലെ കച്ചവടസംസ്‌കാരത്തിനും കലാസംസ്‌കാരത്തിനുമിടയിൽ നിലകൊണ്ട മദ്ധ്യവർഗക്കാരുടെ ചലച്ചിത്രങ്ങളാണല്ലോ, നക്‌സലൈറ്റുകൾ എങ്ങനെയാണ് ആവിഷ്‌കരിക്കപ്പെട്ടത്? മലയാളത്തിലെ മദ്ധ്യവർത്തിചലച്ചിത്രകാരന്മാരായ ഭരതൻ(മർമ്മരം), ഹരിഹരൻ(പഞ്ചാഗ്നി, ആരണ്യകം), ജയരാജ് (ഗുൽമോഹർ), മധുപാൽ (തലപ്പാവ്) എന്നിവരുടെ ആവിഷ്‌കാരങ്ങളുടെ വിശകലനത്തിലൂടെ ഇവിടുത്തെ ചലച്ചിത്രങ്ങളിൽ രേഖിതമായ നക്‌സലൈറ്റ് പ്രഭാവത്തെ നോക്കിക്കാണാനുള്ള ശ്രമമാണിത്. അമ്മ അറിയാൻ (ജോൺ ഏബ്രഹാം), രാജൻ പറഞ്ഞ കഥ (മണിസ്വാമി), കബനിനദി ചുവന്നപ്പോൾ (പി.എ. ബക്കർ), ഇത്തിരിപ്പൂവേ ചുവന്നപൂവേ (ഭരതൻ), ഒരു ബൊളീവിയൻ ഡയറി/ഡി കമ്പനി(എം. പത്മകുമാർ), ഒളിപ്പോര് (എ.വി. ശശിധരൻ) തുടങ്ങിയവയും നക്‌സലൈറ്റുകളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രമേയങ്ങളെ ആവിഷ്‌കരിക്കാൻ ശ്രമിച്ച ചലച്ചിത്രങ്ങളാണ്.

എം.ടി. വാസുദേവൻ നായരുടെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ആരണ്യകം. ഒരു നക്‌സലൈറ്റിന്റെ ജീവിതം മുഖ്യപ്രമേയമായി വരുന്ന ചലച്ചിത്രമാണിതെന്നു പറയുക വയ്യ. എങ്കിലും, നക്‌സലൈറ്റുകളുടെ ജീവിതം ഇല്ലെങ്കിൽ ഈ ചലച്ചിത്രം അസാദ്ധ്യവുമാണ്. ഇളംപ്രായത്തിലേ അമ്മ നഷ്ടപ്പെട്ട, അച്ഛനിൽനിന്നും അകന്നു കഴിയുന്ന, സ്‌കൂൾ ഹോസ്റ്റലിൽനിന്നും മടങ്ങി വന്ന് ജന്മിയായ വല്യച്ഛന്റെ വീട്ടിൽ അധികപ്പറ്റായി താമസിക്കുന്ന അമ്മിണിയുടെ കുറെ ദിവസങ്ങളിലെ ജീവിതമാണ് ചലച്ചിത്രം ആവിഷ്‌കരിക്കുന്നത്. ചലച്ചിത്രത്തിലെ ജന്മി വീടിനുള്ളിൽ ഒരു സജ്ജന-ദുർജ്ജന നിർമ്മിതിയും വിഭജനവും സംഭവിക്കുന്നുണ്ട്. പ്രേക്ഷകന് അമ്മിണിയോട് സ്‌നേഹവും സഹാനുഭൂതിയും ഉണ്ടാകണമെന്ന ലക്ഷ്യം ചലച്ചിത്രകാരനുണ്ട്. അവൾ സജ്ജനങ്ങളുടെ പട്ടികയിൽ ഉൾപ്പെടേണ്ടവളാണ്. അവളോടു പ്രണയം കാണിക്കുകയും അതു തുറന്നുപറയുകയും ചെയ്യുന്ന മോഹനേട്ടനും സുജനങ്ങളുടെ പട്ടികയിലാണ്. ഇവർക്കിടയിലേക്കാണ് നക്‌സലൈറ്റുകൾ കടന്നുവരുന്നത്. അമ്മിണിയുടെ വല്യച്ഛന്റെ വീട് നക്‌സലൈറ്റുകൾ ആക്രമിക്കുന്നു. ആക്രമണത്തിൽ കൊല്ലപ്പെടുന്നത് അമ്മിണിയുടെ മോഹനേട്ടനാണ്. അരക്ഷിതയായ നായികയോട് സ്‌നേഹം പ്രകടിപ്പിക്കുന്ന ചലച്ചിത്രത്തിലെ സജ്ജനനിർമ്മിതിയായ മോഹനേട്ടൻ വിപ്ലവകാരികളുടെ വെടിയേറ്റു മരിക്കുന്നു. നക്‌സലൈറ്റുകളുടെ പ്രവർത്തനം ദോഷകരമായി ബാധിക്കുന്നത് സജ്ജനങ്ങളെയാണ്. നക്‌സലൈറ്റുകളുടെ ഇടപെടൽ സജ്ജനദ്രോഹമായി മാറുന്നു. വിപ്ലവകാരികളിലൂടെ നിവർത്തിക്കപ്പെടുന്നത് സുജനഹോമമാണ്. അത് പ്രണയത്തെ, സ്‌നേഹത്തെ, തടയുകയോ നിരസിക്കുകയോ ചെയ്യുന്ന ഇടപെടലാണ്. ചലച്ചിത്രത്തിന്റെ അബോധം പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്. സൈ്വരപൂർണ്ണമായ മദ്ധ്യവർഗജീവിതത്തെ തകരാറിലാക്കുന്ന ഇടപെടലുകൾ നടത്തുന്നവരായാണ് മറ്റു മദ്ധ്യവർത്തിചലച്ചിത്രങ്ങളിലെന്നപോലെ ഈ ചലച്ചിത്രത്തിലും നക്‌സലൈറ്റുകൾ പ്രത്യക്ഷപ്പെടുന്നതെന്നു പറയാം. ഇത്തരം ഇടപെടലുകൾ സമൂഹത്തിലെ ദുർജ്ജനങ്ങളെയല്ല, സജ്ജനങ്ങളെയാണ് പെട്ടെന്നു ബാധിക്കുന്നതെന്നും അവരുടെ ജീവിതമാണ് സങ്കടങ്ങളിലേക്കും നിസ്സഹായതകളിലേക്കും എറിയപ്പെടുന്നതെന്നും കാണാം.


Related Articles