കാണ്ടാമൃഗങ്ങളായി രൂപാന്തരപ്പെടുന്ന മനുഷ്യർ

Cinema

കാണ്ടാമൃഗങ്ങളായി രൂപാന്തരപ്പെടുന്ന മനുഷ്യർ


ന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇസ്രായേലി ചലച്ചിത്ര സംവിധായകരില്‍ ഒരാളാണ് അമോസ് ഗിതായ്. കാന്‍, വെനീസ്, ബെര്‍ലിന്‍, റോട്ടര്‍ഡാം എന്നീ മേളകളിലേക്ക് അദ്ദേഹത്തിന്റെ സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2008-ല്‍ ലോക്കാര്‍ണോ മേളയില്‍ അദ്ദേഹം ആദരിക്കപ്പെട്ടു. ഫീച്ചര്‍ സിനിമകള്‍ക്ക് പുറമേ, ഡോക്യുമെന്ററി, ടെലിവിഷന്‍, വീഡിയോ ഇന്‍സ്റ്റലേഷന്‍, നാടകം, സാഹിത്യം എന്നീ രംഗങ്ങളിലും അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹം ഹൈഫയിലെ ടെക്നിയനില്‍നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദവും ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ആര്‍ക്കിടെക്ചറില്‍ പിഎച്ച്.ഡിയും നേടിയിട്ടുണ്ട്.

അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള സ്വന്തമായ ചില അഭിപ്രായങ്ങള്‍കൊണ്ട് ഇടയ്ക്കിടെ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന അദ്ദേഹം പൊതുസംവാദത്തില്‍ സജീവമായി ഏര്‍പ്പെടുന്നു. "ഇസ്രയേല്‍ പ്രധാനമന്ത്രി അപകടകാരിയും ധാര്‍മ്മികതയില്ലാത്തവനും ആദര്‍ശരഹിതനും ആണ്. ഇടതുപക്ഷത്തിന്റെ തെറ്റുകള്‍മൂലമാണ് അദ്ദേഹത്തിന് ഈ ഭൂരിപക്ഷം ലഭിച്ചത്. ഏകീകരിക്കാന്‍ അറിയാത്ത ഇടതുപക്ഷ നേതാക്കളുടെ അമിതമായ അഹംഭാവമാണ് ഇതിന് കാരണം... സമാധാനം നിലനില്‍ക്കണമെങ്കില്‍ ഫലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ ഗവണ്‍മെന്റും ഇല്ലാതാവണ''മെന്ന് ഗിതായ് നിര്‍ദ്ദേശിച്ചു. അദ്ദേഹം തുടരുന്നു: "ഹമാസിന്റെ കീഴില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അവകാശങ്ങള്‍ ഉണ്ടാവില്ല. തീവ്രവാദ, ദേശീയ, വലതുപക്ഷ, വംശീയ, തീവ്ര മതപരമായ ആശയങ്ങളില്‍നിന്ന് ഇസ്രായേലികളായ നമ്മള്‍ രക്ഷപ്പെടേണ്ടതുണ്ട്. ഇരുകൂട്ടരും അവരുടെ ഭാഗത്ത് ശുദ്ധീകരണം നടത്തണം. അപ്പോള്‍ തീര്‍ച്ചയായും സമാധാനത്തിന്റെ ഒരു പുതിയ പാലം പണിയാന്‍ കഴിയും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.''

1973-ല്‍, യോം കിപ്പൂര്‍ യുദ്ധസമയത്ത്, ഒരു ഹെലികോപ്റ്റര്‍ റെസ്‌ക്യൂ ക്രൂവിന്റെ ഭാഗമായി നിര്‍ബന്ധിതസേവനം അനുഷ്ഠിക്കേണ്ടിവന്നതിനാല്‍ ഗിതായിക്ക് ആര്‍ക്കിടെക്ചര്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നു. സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ സിറിയന്‍ മിസൈല്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഗിതായിക്ക് കാര്യമായ പരിക്കേറ്റു. അദ്ദേഹത്തിന്റെ എല്ലാ ഭാവി പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്ന ഒരു ആഘാതകരമായ അനുഭവമായിരുന്നു ഇത്.


Related Articles