മനുഷ്യരെ പേടിപ്പിച്ച ഒരാളാണ് സർ ക്രിസ്റ്റഫർ ഫ്രാങ്ക് കരൻദിനി ലീ. ലണ്ടനിലെ ചെൽസിയ ആൻഡ് വെസ്റ്റ് മിനിസ്റ്റർ ആശുപത്രിയിൽ ലീ എന്നെന്നേക്കുമായി കണ്ണടച്ചത് തൊണ്ണൂറ്റിമൂന്നാം ജന്മദിനമാഘോഷിച്ച് ഏതാനുംനാൾ കഴിഞ്ഞപ്പോഴാണ്: 2015 ജൂൺ ഏഴിന്. മരണവാർത്തയറിഞ്ഞ് ലോകം ഒരു നടുക്കത്തോടെ ഓർമ്മിച്ചത്, ബ്രിട്ടീഷ് രാജ്ഞിയിൽനിന്നും സർ ബഹുമതി നേടിയ സാത്വികതയാർന്ന മുഖമുള്ള ഒരു കുലീനവൃദ്ധനെയല്ല; കാർപേത്യൻ മലനിരകളുടെ നടുക്ക് നിഗൂഢമായൊരു മാളികയിൽ കഴിയുന്ന രക്തദാഹിയായ ഡ്രാക്കുള പ്രഭുവിനെയാണ്. ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897-ൽ പ്രസിദ്ധീകരിച്ച ഗോഥിക് ഹൊറർ നോവലിലെ പൈശാചിക വ്യക്തിത്വത്തിന് സിനിമയിൽ മൂർത്തരൂപം നൽകിയത് ക്രിസ്റ്റഫർ ലീയായിരുന്നു.
ബ്രാം സ്റ്റോക്കർ ഡ്രാക്കുളയെ അവതരിപ്പിക്കുന്നത് ജൊനാതൻ ഹാർക്കറുടെ ഡയറിയിലൂടെയാണ്. ജൊനാതൻ ആദ്യമൊരു കനത്ത കാലൊച്ച കേൾക്കുന്നു. പിന്നിലേക്കു തുറന്ന വാതിലിന്നപ്പുറം കിളരം കൂടിയ ഒരു വൃദ്ധൻ. അടിമുടി കറുത്തവേഷം. നരച്ച നീളൻ മീശയും ഷേവുചെയ്തു മിനുസമാക്കിയ മുഖവും. സ്വാഗതമോതിക്കൊണ്ട് അയാൾ ജൊനാതന്റെ കരംഗ്രഹിച്ചു. മഞ്ഞുപോലെ തണുത്തതെങ്കിലും ഉരുക്കിനു തുല്യം ബലിഷ്ഠമായ മുഷ്ടിക്കുള്ളിൽ കൈ ഞെരിഞ്ഞപ്പോൾ ജൊനാതൻ അറിയാതെ നിലവിളിച്ചുപോയി. മഞ്ഞുപോലെ തണുത്ത ആ കൈയുടെ ഉടമസ്ഥൻ ജീവനുള്ള മനുഷ്യനല്ലെന്നും ഒരു പ്രേതമാണെന്നും ജൊനാതൻ സംശയിച്ചു.
കണ്ണാടിയിൽ പ്രതിബിംബിക്കാത്ത, ചുവരിലെ ചാന്തിളകിപ്പോയ വിടവുകളിൽ കൈകാലുകളിലെ വിരലുകൾകൊണ്ട് അള്ളിപ്പിടിച്ച് പല്ലിയെപ്പോലെ ഇഴഞ്ഞുപോകുന്ന, രക്തം കാണുമ്പോൾ പൈശാചികമായ ആർത്തിമൂലം കണ്ണുകൾ ജ്വലിക്കുന്ന, ക്രൗര്യത്തിന്റെ പര്യായമായ ഡ്രാക്കുളപ്രഭുവിന് ബ്രിട്ടീഷ് ഹൊറർ ഫാക്ടറിയെന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഹാമർ ഫിലിംസ് ഒരു രൂപം കണ്ടെത്തിയത് ക്രിസ്റ്റഫർ ലീയിലാണ്. 1958-ൽ പുറത്തുവന്ന ഹൊറർ ഓഫ് ഡ്രാക്കുള (Horror of Dracula) ഭീകരചിത്രങ്ങളുടെ പുതിയൊരു ജനുസ്സിന്റെ തുടക്കം കുറിച്ചുവെന്നു പറയാം. അത് ക്രിസ്റ്റഫർ ലീയുടെ ജീവിതത്തെയാകെ മാറ്റിത്തീർത്ത ചിത്രംകൂടിയാണ്.
