മലയാളത്തിന്റെ മഹാനടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ മാധ്യമങ്ങൾ ആഘോഷിച്ചപ്പോൾ ചിലരെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി ജബ്ബാർ പട്ടേൽ സംവിധാനംചെയ്ത 'ഡോ. ബാബാ സാഹേബ് അംബേദ്കറി'ലെ മുഖ്യകഥാപാത്രത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഇരുപതുവർഷം പിന്നിട്ടിട്ടും തിയേറ്ററുകളിൽ പ്രദർശിപ്പിക്കാത്ത സിനിമയാണ് അതെങ്കിലും യു ട്യുബ്‌പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളും സി.ഡി. കളുമൊക്കെയാണ് ഇതിന്റെ പ്രചാരണത്തിനും ബഹുജനാവബോധത്തിൽ മമ്മൂട്ടിയുടെ താരത്വത്തെ (Stardom) ഉറപ്പിക്കുവാനും കാരണമായത്. കൗതുകകരമെന്ന്പറയട്ടെ ഇന്ത്യയിലെ വിവിധഭാഷകളിൽ ജീവചരിത്രസിനിമകളുടെ (Biopic) കുത്തൊഴുക്കുണ്ടായ കഴിഞ്ഞ പതിറ്റാണ്ടിൽ, പ്രത്യേകിച്ച് ആന്ധ്രരാഷ്ട്രീയത്തിലെ അതികായനായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമായ മമ്മൂട്ടി കഥാപാത്രമായി വന്ന സിനിമ 'യാത്ര' തീയേറ്ററുകളിലും പിന്നീട് ആമസോൺ പോലുള്ള ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കപ്പെടുമ്പോളാണ് അംബേദ്കറുടെ ജീവിതവും രാഷ്ട്രീയവും പറയുന്ന സിനിമ പൊതുവേദികളിൽനിന്ന് അദൃശ്യമാകുന്നത്. പുതിയ ചലച്ചിത്ര ഭാഷയും പരിചരണരീതിയുമൊക്കെ ജനപ്രിയതയിൽനിന്നും അകറ്റിനിർത്തിയ ഘടകങ്ങളാണെന്ന് വാദിക്കാമെങ്കിലും മാറിയ സാഹചര്യത്തിൽ കീഴാളപ്രമേയങ്ങൾക്ക് സിനിമയുടെ മേഖലയിലുണ്ടായ ജനപ്രീതിയും സ്വീകാര്യതയുമൊക്കെ ഒരു പുതിയ ഉണർവിനുള്ള സാധ്യത അംബേദ്കറിന്റെ ജീവിതത്തിനുമുൻപിൽ തുറക്കേണ്ടതായിരുന്നു. പാരഞ്ജിത്ത്, നാഗരാജ് മഞ്ജുള തുടങ്ങിയ സംവിധായകർ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ കാഴ്ചയുടെ മേഖലയിലുണ്ടാക്കിയ വിഛേദങ്ങൾ ഗൗരവമായ വിശകലനങ്ങൾക്കും അക്കാദമികപഠനങ്ങൾക്കും1 വിധേയമായിട്ടുണ്ടെന്നുകൂടി ഓർക്കുക. എങ്കിലും സിനിമയെ ഗൗരവമായി കാണുന്ന മലയാളി സമൂഹത്തിൽ ഉൾപ്പെടെ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ അസാധാരണമായ അഭിനയമികവുണ്ടായിട്ടും അംബേദ്കർസിനിമ കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു.
ജീവചരിത്രസിനിമകളും ചരിത്രവും
ദേശീയനേതാക്കൾ, ചലച്ചിത്രതാരങ്ങൾ, കായികപ്രതിഭകൾ, സ്വയംസംരംഭകരായി വിജയിച്ച വ്യവസായികൾ, എഴുത്തുകാർ തുടങ്ങി വിവിധമേഖലകളിൽ അവിസ്മരണീയമായ സാന്നിധ്യമറിയിച്ച വ്യക്തികളെ കേന്ദ്രമാക്കിയാണ് കൂടുതലായി ബയോപിക്കുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ കൽപ്പനയുടെ (imagination) പിൻബലത്തിൽ രൂപപ്പെട്ട ആവിഷ്‌ക്കാരങ്ങൾമുതൽ യഥാർത്ഥജീവിതം (realistic) വരച്ചിടാൻ ശ്രമിക്കുന്ന സിനിമകൾവരെ ഉൾപ്പെടുന്നുണ്ട്. ഒരു കലാസൃഷ്ടിയെന്നനിലയിൽ സിനിമകൾക്ക് ഭാവനയിൽനിന്നും അതിശയോക്തിപരമായ ആഖ്യാനങ്ങളിൽനിന്നും വേർപെടാനാവില്ലെങ്കിലും ഘടനാപരമായി ജീവിതത്തെ അടുക്കിവെക്കുന്നവയെയാണ് പൊതുവേ ജീവചരിത്ര സിനിമകളായി പരിഗണിക്കുന്നത്. മാറിവരുന്ന രാഷ്ട്രീയസാഹചര്യങ്ങൾക്ക് അനുസരിച്ച് ഇവയുടെ തോതുംപ്രദർശനവിജയവും നിർണ്ണയിക്കപ്പെടുന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതാണ് പദ്മാവത് (2018) എന്ന സഞ്ജയ് ലീലാ ബൻസാലി ചിത്രം. രജപുത്രരുടെ വീരഗാഥകളെ നവദേശീയ വാദത്തിന്റെ അവിഭാജ്യഘടകമായ വീരത്വത്തോട് ചേർത്തുവെച്ചതിലൂടെ സംഘപരിവാർ ഉയർത്തുന്ന ദേശീയവാദത്തിന് ചരിത്രത്തിന്റെയും ജനപ്രിയതയുടെയും ആധികാരികത നൽകുകയായിരുന്നു ഈ സിനിമ ചെയ്തതെന്ന് വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. കഥയും ചരിത്രവും രാഷ്ട്രീയത്തിന്റെ ഗതിമാറ്റങ്ങൾക്ക് അനുസരിച്ച് തിരുത്തിയെഴുതപ്പെടുന്ന ഇന്ത്യൻ പശ്ചാത്തലത്തിൽ ഇത് അസാധാരണമായ കാര്യമൊന്നുമല്ല.മാലിക്ക് മുഹമ്മദ് ജെയ്‌സിയുടെ ഒരു കാവ്യത്തിലെ കേവലം ഭാവനാസൃഷ്ടി മാത്രമായ കഥാപാത്രത്തെ മുഗൾചക്രവർത്തിയായിരുന്ന അലാവുദീൻ ഖിൽജിയുമായി ചേർത്തുവെച്ചതിലൂടെ തീവ്രദേശീയവാദത്തിന്റെയും അപര (ശത്രുത) ഹിംസയുടെയും രാഷ്ട്രീയസാധൂകരണമായി ആ സിനിമ മാറി.സമീകാലത്ത് കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, മമ്മൂട്ടി നായകനായ വൺ (2021, സംവിധാനം പ്രതീഷ് വിശ്വനാഥൻ) എന്ന സിനിമയിലെ മുഖ്യമന്ത്രിയായ കടക്കൽ ചന്ദ്രൻ കേരളമുഖ്യമന്ത്രിയായ പിണറായി വിജയന്റെ നിലപാടുകളെയും പ്രവർത്തനരീതികളെയും മാനുഷികതയെയും ഭാവനാപരമാക്കുകയും പ്രതിച്ഛായനിർമ്മിതിയ്ക്ക് ചലച്ചിത്രഭാഷ്യം നൽകുകയുമായിരുന്നു. ഒരു പക്ഷെ, മധുരഫോർമുല സിനിമകളെക്കുറിച്ച് പഠിച്ച കാർത്തികേയൻ ദാമോദരനും ഹുഗോ ഗോറിങ്ങും നിരീക്ഷിച്ചപോലെ അഭിമാനവും (honour) ധീരതയും (valour) തമിഴ് സിനിമകളിൽനിന്നും മറ്റു ഭാഷകളിലെക്കും വ്യാപിക്കുന്ന ഒരു വ്യവഹാരം ശക്തമായിരിക്കുന്നുവെന്ന് വേണം കരുതാൻ. ഇത്തരത്തിൽ സങ്കീർണ്ണവും ജനപ്രിയവുമായ സാംസ്‌ക്കാരികമൂല്യമുള്ള ഒന്നായി ജീവചരിത്രസിനിമകളുടെ രാഷ്ട്രീയം പരിവർത്തിക്കപ്പെടുന്നതിന് ധാരാളം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.
