''ഒരു നാടോടിക്കഥ അതിന്റെ സാംസ്‌കാരിക പശ്ചാത്തലം ഉൾക്കൊള്ളുന്ന ഒരു കാവ്യപാഠമാണ്. അത് ഒരു സഞ്ചരിക്കുന്ന രൂപകം കൂടിയാണ്, ഓരോ പറച്ചിലിലും അത് പുതിയ അർത്ഥം കണ്ടെത്തുന്നു'' -- ഏ.കെ. രാമാനുജൻ.
വൈവിധ്യങ്ങളുടെ നാടാണല്ലോ ഇന്ത്യ -- പല ഭാഷകൾ, പല മതങ്ങൾ, പല സംസ്‌കാരങ്ങൾ, പല ആചാരാനുഷ്ഠാനങ്ങൾ. പ്രധാന ഭാഷകൾക്കകത്തുതന്നെ പല ഉപഭാഷകൾ, പ്രധാന പ്രദേശത്തിനകത്ത് പല ഉപപ്രദേശങ്ങൾ. രാഷ്ട്രഭാഷ ഹിന്ദിയാണെങ്കിലും, പല സംസ്ഥാനങ്ങളിലെയും ഔദ്യോഗികഭാഷ ഹിന്ദിയാണെങ്കിലും കാനേഷുമാരി പ്രകാരം ഹിന്ദിക്ക് നാൽപ്പത്തിയെട്ടോളം ഔദ്യോഗിക വകഭേദങ്ങൾ ഉണ്ട്. ഈ വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയും സൗന്ദര്യവും. എന്നാൽ ഇന്ന് ചില ശക്തികൾ സാംസ്‌കാരികവും ബഹുമുഖവുമായ രാജ്യത്തെ ഒരു ഏകശിലാ സമൂഹമാക്കി മാറ്റാൻ ശ്രമിക്കുകയാണല്ലോ.
ഈയൊരു പശ്ചാത്തലത്തിലാണ് പുഷ്‌പേന്ദ്ര സിംഗിന്റെ സിനിമകൾ പ്രസക്തമാവുന്നത്. മുഖ്യധാരയിലേക്ക് കടന്നുവരാത്ത, അതീവ ഉൾപ്രദേശങ്ങളിലെ ഗ്രാമ്യഭാഷ, സംസ്‌കാരം, ആചാരം, അനുഷ്ഠാനങ്ങൾ, വാസ്തുവിദ്യ, പുരാവൃത്തങ്ങൾ, പാട്ടുകൾ, കഥപറച്ചിൽ എന്നിവയാണ് പുഷ്‌പേന്ദ്ര സിംഗിന്റെ സിനിമകൾക്ക് അടിസ്ഥാനം. ഇതിലൂടെ അവരുടെ സംസ്‌കാരത്തിലും ഭാഷയിലും നിലനിൽക്കുന്ന മിത്തുകളെയും കഥകളെയും അതിലെ ബഹുസ്വരതകളെയും കണ്ടെത്തുകയാണ് അദ്ദേഹം. ഇത് പ്രബലമായ സംസ്‌കാരത്തിന്റെയും ഭാഷയുടെയും ആധിപത്യത്തിൽ നിന്നുള്ള വിടുതലും നമ്മുടെ രാജ്യത്തിന്റെ വിദൂര ഉൾപ്രദേശങ്ങളിലുള്ള സംസ്‌കാരത്തിന്റെയും ഭാഷയുടെയും പാരമ്പര്യത്തിന്റെയും വംശീയശാസ്ത്രത്തിന്റെയും ആഘോഷവുമാണ്.
