''ഇത്രയേ ഒള്ളോ?''

Cinema

''ഇത്രയേ ഒള്ളോ?''


'ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ' എന്ന 'മതിലുകളി'ലെ നാരായണിയുടെ നൊമ്പരപ്പെടുത്തുന്ന ചോദ്യം നമ്മൾ കേട്ടത് കെ.പി.എ.സി. ലളിതയെന്ന അഭിനേത്രിയുടെ അതിപരിചിതമായ ശബ്ദത്തിലാണ്. ശബ്ദസാന്നിദ്ധ്യം മാത്രമേ ആ ചിത്രത്തിലുണ്ടായിരുന്നുള്ളൂ. പക്ഷേ, ശബ്ദത്തിന്റെ ഉടമ ആരെന്ന് പ്രേക്ഷകരേവർക്കും തിരിച്ചറിയാനായി.

അഭിനേത്രിയെന്ന നിലയക്ക്് താൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് തോപ്പിൽ ഭാസിയോടും കെ.എസ്. സേതുമാധവനോടുമാണെന്ന് ലളിത പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആദ്യമായഭിനയിച്ച കൂട്ടുകുടുംബത്തിന്റെ 1969 റഷസ് കണ്ട് തോപ്പിൽ ഭാസി വിലയിരുത്തിയതിങ്ങനെയായിരുന്നു: മുഖം കൊള്ളില്ലെങ്കിലും ശബ്ദംകൊണ്ട് രക്ഷപ്പെട്ടോളും.

കൂട്ടുകുടുംബം തൊട്ട് ലളിത അവതരിപ്പിച്ച അസംഖ്യം കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്ന ആരും പറയും ശബ്ദം കൊണ്ട് മാത്രമല്ല ഈ നടി രക്ഷപ്പെട്ടതെന്ന്. എന്നാൽ ശബ്ദം ഒരു നിർണായകഘട്ടമായിരുന്നുതാനും. ആ ശബ്ദത്തിൽ നാം കേട്ടതെന്താ നിഷ്‌കളങ്കതയുടെ സൗമ്യഭാവങ്ങൾ, എരിഞ്ഞുനീറുന്ന മനസ്സിന്റെ ശമിക്കാത്ത ദുഃഖങ്ങൾ, ഹൃദയോല്ലാസത്തോടെയുള്ള ചിരി, ശകാരം, പരിഹാസം എന്നിങ്ങനെ പലതും. നൊമ്പരപ്പെടേണ്ട നേരങ്ങളിലത്രയും നമ്മൾ ഗാഢമായ നൊമ്പരമറിഞ്ഞു. ചിലപ്പോൾ എല്ലാം മറന്ന് നമ്മൾ ആർത്തുചിരിച്ചു. പല കഥാപാത്രങ്ങളും സിനിമയിൽ ഒടുങ്ങാതെ തിയേറ്ററിൽനിന്നും കൂടെപ്പോന്നു. നമ്മളവരെ നെഞ്ചിലേറ്റി.


Related Articles