ബുദ്ധദേബദാസ് ഗുപ്ത ഒരുക്കുന്ന ചലച്ചിത്രദൃശ്യങ്ങൾ കാവ്യാത്മകങ്ങളാണ്. ചലച്ചിത്രകാരനിലെ കവി ചലച്ചിത്രദൃശ്യങ്ങളേയും കവിതാമയമാക്കുന്നു. അപൂർവ്വസുന്ദരമായ ഒരു പരിചരണരീതിയാണത്. ഉത്തര, കാൽപുരുഷ്, ബാഘ് ബഹാദൂർ എന്നീ ചലച്ചിത്രങ്ങളിലെല്ലാം നാം ഇതു പരിചയപ്പെടുന്നു. എന്നാൽ, ബുദ്ധദേബദാസ് ചലച്ചിത്രകാരനും കവിയും മാത്രമായിരുന്നില്ല, നല്ലൊരു സാമൂഹികശാസ്ത്രജ്ഞൻ കൂടിയായിരുന്നു. ധനതത്ത്വശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തയാളായിരുന്നു. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലെ തെളിഞ്ഞ സാമൂഹികമായ ഉൾക്കാഴ്ചക്ക് ഇതു കൂടി കാരണമായിട്ടുണ്ടാകണം. ബുദ്ധദേബിന്റെ ബൗദ്ധിക, കലാജീവിതങ്ങളിൽ കവിതയും ചലച്ചിത്രവും സാമൂഹികശാസ്ത്രവും പരസ്പരം കൊണ്ടും കൊടുത്തും നിലകൊള്ളുന്നു. സത്യജിത്‌റേയ്ക്കും ഋത്വിക് ഘട്ടക്കിനും മൃണാൾ സെന്നിനും ശേഷം ബംഗാളിലെ ചലച്ചിത്രലോകം കണ്ട പ്രഗത്ഭനായി ബുദ്ധദേബദാസിനെ രൂപപ്പെടുത്തിയത് ഈ പരസ്പരപ്രതിപ്രവർത്തനത്തിന്റേയും സംലയനത്തിന്റേയും മണ്ഡലമാണ്.
കേവലയാഥാർത്ഥ്യം കലയെ നിഹനിക്കുന്നു. കല യാഥാർത്ഥ്യത്തിൽ നിന്നാണ് ഉയിരെടുക്കുന്നതെങ്കിലും പ്രത്യക്ഷവും കേവലവുമായ യാഥാർത്ഥ്യം കലയ്ക്കു നാശകാരിയാണ്. ഈ പ്രസ്താവങ്ങളോടു യോജിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നു തോന്നുന്നു. സാക്ഷാത് അനുഭവത്തിന്റെ, സംഭവത്തിന്റെ ആവിഷ്‌ക്കരണം എന്ന പേരിൽ പുറത്തു വരുന്ന ചലച്ചിത്രങ്ങളുടെ എണ്ണം ലോകമെമ്പാടും പെരുകിക്കൊണ്ടിരിക്കുകയാണ്. റിയലിസം ചലച്ചിത്രത്തിനു യോജിച്ച മാധ്യമമാണെന്നു തീർച്ചയാണ്. എന്നാൽ, യഥാർത്ഥസംഭവങ്ങളുടെ തുണ്ടുകൾ ചലച്ചിത്രത്തിന്റെ ഭാഗമാക്കുന്നിടത്തോളം യഥാതഥപ്രേമം പ്രബലമായിട്ടുണ്ട്. ബുദ്ധദേവദാസ് ഗുപ്ത ഈ പ്രവണതയോടു ഇടഞ്ഞു നിന്ന ചലച്ചിത്രകാരനാണെന്നു പറയണം. 'ബാഘ് ബഹാദുറി'ന്റേയും 'ഉത്തര'യുടേയും ഒരുമിച്ചുള്ള കാഴ്ച ഇതു ബോദ്ധ്യപ്പെടുത്തും. ബുദ്ധദേബിന്റെ കലയോടുള്ള സമീപനത്തിന്റെ പ്രഖ്യാപനമായി ബാഘ് ബഹാദുറിനെ കാണണം. ഒരു ദുരന്തത്തിന്റെ ആവിഷ്‌ക്കരണമായ ആ ചലച്ചിത്രത്തിന്റെ ആത്മാവിൽ കലയ്ക്കു വേണ്ടിയുള്ള തേങ്ങലുകൾ ഉയരുന്നുണ്ട്. ഉത്തരയാകട്ടെ, ഒരു സമകാലികസംഭവത്തെ പ്രമേയത്തിന്റെ ഭാഗമാക്കി സ്വീകരിക്കുമ്പോഴും കലാപരമായ പരിചരണത്തിൽ വളരെ ഉന്നതമായ നിലയെ സ്വീകരിച്ച ചലച്ചിത്രമായിരുന്നു. യാഥാർത്ഥ്യവും കലയും എങ്ങനെ സഹവർത്തിക്കുന്നുവെന്നതിന്റെ നല്ല ഉദാഹരണമായി എടുത്തു കാട്ടാവുന്ന ചലച്ചിത്രമാണത്.
