"ലൈഫ് എന്റെയാണ്, എന്റെമാത്രം.
ഞാനതലമാരയിൽവെച്ച് പൂട്ടും, ചില്ലുപാത്രംപോലെ എറിഞ്ഞുടയ്ക്കും, റബ്ബർ പന്തുപോലെ തട്ടിക്കളിക്കും, ചപ്പാത്തിപോലിട്ടു പരത്തും, ദോശപോലെ ചുട്ടു തിന്നും!’’ ലോഹിതദാസ് മോഹൻലാലിനുവേണ്ടി എഴുതിയ ഡയലോഗാണ്, സിനിമ–ദശരഥം.
ചെമന്ന വെളിച്ചം പരക്കുന്ന നക്ഷത്ര മദ്യാലയത്തിൽനിന്നിറങ്ങിവന്ന് മോഹൻലാൽ അത് പറഞ്ഞ ദിവസം ഇപ്പോഴും ഓർമ്മയുണ്ട്. ഒരു തുള്ളി കുടിക്കാതെ പൂസായിപ്പോയ ദിവസമാണത്. പിന്നെ ജീവിതമെന്താണിങ്ങനെ എന്ന് ചോദിച്ചവരോടൊന്നും ഒരു യമണ്ടൻ ഫിലോസഫിയും അടിച്ചിട്ടില്ല, ലൈഫ് എന്റെയാണ്–എന്റെമാത്രം എന്നാവർത്തിച്ചതല്ലാതെ.
"ഇത്രയും സുന്ദരനായ, സൽസ്വഭാവിയായ, ചക്കരക്കുട്ടനായ, ഒരു പെൺകുട്ടിക്ക് മനോഹരമായ ജീവിതം വാഗ്ദാനം ചെയ്യാൻ കഴിവുള്ളവനായ ഈ എന്നെ നിനക്കൊരിക്കലും വെറുക്കാൻ പറ്റില്ല, ഇറ്റ്സ് ഇംപൊസിബിൾ!’’ എന്ന ലാലിസവും നെഞ്ചേറ്റി, ‘ഐ ലവ്യൂ’ എന്നലറി വിളിച്ച് ആത്മാദരത്തിന്റെ കൗമാരവഴികളിലൂടെ നടക്കാൻ പഠിപ്പിച്ച തൊലിക്കട്ടിയുടെ പേരാണ് മോഹൻലാൽ.
