അമ്മയെക്കുറിച്ചുള്ള ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആ കുറിപ്പ് എനിക്ക് പുതിയൊരറിവായിരുന്നു. അമ്മ ദേശീയപ്രസ്ഥാനത്തിൽ വളരെ തത്പരയായിരുന്നുവെന്നും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദുരിതനിവാരണത്തിനായുള്ള സംഭാവനാശേഖരണത്തിൽ മറ്റു നടീനടന്മാരോടൊപ്പം സജീവമായി പങ്കെടുത്തിരുന്നുവെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ, പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ്സിന്റെ ആദ്യകാല നേതാക്കളിലൊരാളും കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയുമായ കാമരാജുമായുള്ള രാഷ്ട്രീയ സൗഹൃദം ഞാനറിഞ്ഞിട്ടില്ലായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ തുടർച്ചയായ അൻപതുകളിലെയും അറുപതുകളിലെയും കോൺഗ്രസ്സിൽ അമ്മയുടെ സാമൂഹിക, രാഷ്ട്രീയ പ്രവർത്തനങ്ങൾ അമ്മവീട്ടിൽ വളർന്ന മൂന്നു പതിറ്റാണ്ടുകളിൽ അറിയാതിരുന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും തങ്കച്ചാച്ചന്റെയും, ജോയിച്ചാച്ചന്റെയും കുഞ്ചാച്ചന്റെയും വാക്കുകളിലും പരാമർശങ്ങളിലും (പ്രവൃത്തികളിലും) ദേശീയപ്രസ്ഥാനത്തോടും, ആശയ-പ്രയോഗ തലങ്ങളിൽ ദേശീയപ്രസ്ഥാനത്തോട് അടുത്തും എന്നാൽ വ്യതിരിക്തമായും വളർന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളോടുമുള്ള ആഭിമുഖ്യം പ്രകടമായിരുന്നു. എന്നാൽ അമ്മയുടെ സജീവ രാഷ്ട്രീയ, സാമൂഹിക പങ്കാളിത്തത്തെയും പ്രവർത്തനങ്ങളെയും പറ്റി ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ല.
അമ്മയുടെയും അമ്മവീട്ടുകാരുടെയും ജീവിതങ്ങളിലെ സ്വകാര്യതയ്ക്കും അതെങ്ങിനെ പരസ്പരം ബഹുമാനിക്കപ്പെട്ടിരുന്നുവെന്നതിനുമുള്ള ഒരു സാക്ഷ്യമായേ ഇതെനിക്കു കാണാൻ കഴിയുന്നുള്ളു. എന്നാൽ അവരേയും ഞങ്ങളെയും അടുത്തറിഞ്ഞിരുന്ന അമ്മവീടിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നവരിൽ നിന്നുപോലും വളരെക്കാലം കഴിഞ്ഞേ അപൂർവമായ ചില ഭൂതകാല സ്മരണകൾ എനിക്കറിയാൻ കഴിഞ്ഞിട്ടുള്ളൂ. ഇങ്ങനെയുള്ള തിരിച്ചറിവുകളിൽ ബാലചന്ദ്രൻ ചുള്ളിക്കാടു പറഞ്ഞതിന് അനുബന്ധമായി നിൽക്കുന്ന വളരെ പ്രധാനമെന്നു പറയാവുന്ന ഒരു സ്മരണ യുണ്ടണ്ട്. അത് ഞങ്ങളുടെ അധ്യാപകനും കുടുംബസുഹൃത്തും 2019 ൽ സ്ഥാപിതമായ മിസ് കുമാരി ഫൗണ്ടേഷന്റെ ചെയർമാനുമായ ഡോ. സിറിയക് തോമസിന്റേതാണ്. 2020 ജൂണിൽ അമ്മയുടെ ജന്മവാർഷികത്തോടനുബന്ധിച്ചു ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച നീണ്ട ഒരു ഓർമ്മക്കുറിപ്പിലാണ് ഈ സ്മരണകൾ പുറത്തെടുക്കുന്നത്. അതിലൊരു ഭാഗം പരിഭാഷപ്പെടുത്തി താഴെക്കൊടുക്കുന്നു:
''ചലച്ചിത്രകല പോലെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്ന ഒരു മേഖലയിൽ ഏറെക്കുറെ അനായാസമായി സ്ഥാനമുറപ്പിക്കാനുള്ള അസാമാന്യ പ്രതിഭ മിസ് കുമാരിക്കുണ്ടായിരുന്നു. ശരിയാണ്, കുമാരി വന്നത് സാമൂഹികമായും, സാംസ്‌കാരികമായും, മതപരമായും വളരെയാഥാസ്ഥിതികമായ പാരമ്പര്യത്തിൽ നിന്നായിരുന്നു. അതിനാൽ തന്നെ സ്വാഭാവികമായുണ്ടായ തടസ്സങ്ങളെ ചെറുക്കുകയെന്നത് വളരെ ദുഷ്‌കരമായൊരു ദൗത്യമായി. എന്നാൽ, അവരത് നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ടു നേടിയെടുക്കുകയും അതുവഴി അഭിനയമെന്ന, തന്റെ പ്രവൃത്തിമണ്ഡലത്തിൽ പ്രതിഭയുടെ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. ആത്യന്തികമായിതികഞ്ഞ ഒരു വിശ്വാസിയായിരുന്നു കുമാരി. തിരുവനന്തപുരത്തും മദ്രാസിലും തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകൾക്കിടയിലും മുടങ്ങാതെ ഞായറാഴ്ചകളിൽ സമീപത്തുള്ള പള്ളിയിലെ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ സമയം കണ്ടെത്തിയിരുന്നു. ഇത് വെള്ളിത്തിരയിൽ ഏറ്റവും അംഗീകരിക്കപ്പെട്ട നായികയായി പ്രശസ്തിയുടെ ഉയരങ്ങളിലായിരിക്കുമ്പോഴും ഹൃദയത്തിലെന്നും ഭരണങ്ങാനത്തെ ത്രേസിയാമ്മയെ കാത്തുസൂക്ഷിക്കുകയും അത് ജീവിതത്തിലുടനീളം നിലനിർത്തുകയും ചെയ്തിരുന്നുവെന്നതിന്റെ സാക്ഷ്യമാണ്. അനുകരിക്കാനാവാത്ത സൗന്ദര്യവും ചാരുതയും ആഭിജാത്യവും ഇടകലർന്നതായിരുന്നു കുമാരിയുടെ ആകാരവും പ്രകൃതവും. എന്നാൽ, വളരെ ലളിതവും നിഷ്‌കളങ്കവുമായ സ്വഭാവരീതികൾ കൊണ്ട് അവർ ജനങ്ങളുടെ ഹൃദയങ്ങൾ കീഴടക്കി.
