വ്യവസ്ഥകളോട് കലഹിച്ചവരുടെ അഭയസ്ഥലം

Book Review

വ്യവസ്ഥകളോട് കലഹിച്ചവരുടെ അഭയസ്ഥലം


നോവലെന്നാൽ രണ്ടാമത്തെ ജീവിതമാണെന്നും നോവൽ വായിക്കുകയെന്നാൽ നിരന്തരം അത്ഭുതപ്പെടുത്തുകയാണെന്നും അർത്ഥമുണ്ട്. വ്യവസ്ഥയോട് കലഹിച്ചിരുന്നവരുടെ ജീവിതത്തെ തിരഞ്ഞുപിടിച്ച് പുന
രാവിഷ്‌കരിക്കുന്നതാണ് 2011-ൽ പുസ്തകരൂപത്തിലിറങ്ങിയ, ഇ. സന്തോഷ്കുമാറിന്റെ അന്ധകാരനഴി എന്ന നോവൽ!

അന്യന്റെ ശബ്ദം സംഗീതം പോലെ അനുഭവിക്കുന്ന പ്രതീക്ഷാനിർഭരതയുടെ തീർത്തും കാല് പനികമായ   വസന്തകാലം അറുപത്/ എഴുപതുകളിലെ ക്ഷുഭിത യൗവനങ്ങൾ സ്വപ്നം കണ്ടിരുന്നു. വിപ്ലവം ഒരു നദിയാണെന്ന് സങ്കല്പിച്ചാൽ, അത് അലക്ഷ്യമായും തടം തകർത്തൊഴുകിയും കടൽ ലക്ഷ്യം വയ്ക്കുമ്പോഴേക്കും വറ്റിപ്പോയ ഒരനുഭവകാലത്തിന്റെ അർത്ഥം തിരയുന്നതോ വിചാരണ ചെയ്യുന്നതോ ആണ് അന്ധകാരനഴിയുടെ കഥാസാരം! മലയാളിജീവിതത്തിൽ ഇടിമുഴക്കംപോലെ പിടിച്ചുകുലുക്കിപ്പാഞ്ഞ ഒരു ചരിത്രഘട്ടത്തിന്റെ തോറ്റംപാട്ടുകൂടിയാണ്! ഒന്നര ദശാബ്ദക്കാലത്തിനുശേഷമുള്ള അന്ധകാരനഴിയുടെ രണ്ടാം വായനയിലും ഈ നോവൽ അത്ഭുതപ്പെടുത്തുന്നുണ്ടെങ്കിൽ, പ്രമേയത്തിലും ആവിഷ്‌കാരത്തിലും അനന്യത പ്രദർശിപ്പിച്ചിരിക്കുന്നുണ്ടെങ്കിൽ, നോവലിന്റെ രുചിക്കൂട്ടുകളിൽ ക്ലാസ്സിക് മൂല്യങ്ങളെ പിൻപറ്റുന്നുവെന്നുവേണം പറയാൻ.

പരിപക്വമാവാത്ത വിപ്ലവസംഘടനയുടെ ധൃതിപിടിച്ച ഒരു സാമൂഹിക ഇടപെടലിൽ കോമപ്പമേനോന്റെ ശിരസ്സ് വെട്ടിമാറ്റുന്ന വിപ്ലവകാരിയും ബുദ്ധിജീവിയുമായ ശിവനെന്ന കഥാപാത്രം ഒളിജീവിതത്തിലേക്കെത്തുന്നതോടെയാണ് അന്ധകാരനഴി  സമാരംഭിക്കുന്നത്. നീചനും മനുഷ്യത്വവിരുദ്ധനും ജന്മിയുമായ ചാത്തിരമേനോനെ ലക്ഷ്യംവെച്ചുള്ള വിപ്ലവസംഘടനയുടെ നീക്കങ്ങൾ ആളുമാറി ഭ്രാന്തനായ സഹോദരൻ കോമപ്പമേനോന്റെ ശിരസ്സെടുക്കുന്നതിൽ കലാശിച്ചതിലെ പ്രത്യയശാസ്ത്രപ്പിഴവുകൾക്കുപോലും സംഘടനാബുദ്ധിജീവിയായ ശിവന് ന്യായീകരണം ചമയ്ക്കേണ്ടിവരുന്നുണ്ട്. നിലവിലുള്ള വ്യവസ്ഥയെ സൈദ്ധാന്തികബലത്തിൽ മാത്രം ചോദ്യം ചെയ്യാനിറങ്ങിപ്പുറപ്പെട്ടവരുടെ ബുദ്ധികേന്ദ്രമായ ശിവന്റെ തുടർന്നുള്ള ജീവിതവിപര്യയവും പ്രസ്ഥാനത്തിന്റെ വിചാരണയുമാണ് അന്ധകാരനഴിയിൽ വരുന്നത്!


Related Articles