ഏതാണ്ട് ഒരു ദശകത്തിനു മുമ്പാണ് മലയാള സിനിമയുടെ ആദ്യകാല എഡിറ്റർമാരിൽ ഒരാൾ എന്ന തലക്കെട്ടോടുകൂടി രാമകൃഷ്ണൻ നായരുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അതിനടിയിൽ വന്ന കമന്റുകളിൽ ബഹുഭൂരിപക്ഷവും ഈ സത്യത്തെ അംഗീകരിക്കാൻ തയ്യാറാകാത്തവരുടേതായിരുന്നു. അവരുടെ അറിവിലും അനുഭവത്തിലും അദ്ദേഹം സിനിമാകൊട്ടകയിലെ ഒരു ജോലിക്കാരൻ മാത്രം! അതിനപ്പുറം വലിയൊരു സിനിമാജീവിതം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് നാട്ടിൽ വളരെ കുറച്ചുപേർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. നമുക്ക് ചുറ്റും ജീവിക്കുന്ന ഓരോ വ്യക്തിയുടെയും ഇന്നലകൾ അന്വേഷിച്ചു പോകാൻ ആർക്കാണ് ഇവിടെ സമയം? അങ്ങനെ അവഗണിക്കപ്പെട്ട ഒരു മനുഷ്യന്റെ ജീവിതത്തെ ഈ കാലഘട്ടത്തിന്റെ ഓർമ്മയായി മാറ്റുകയാണ് പി അയ്യപ്പദാസ് "നക്ഷത്രങ്ങൾ സാക്ഷി ഒരു സിനിമാക്കാരന്റെ ജീവിതം" എന്ന നോവലിലൂടെ. ഞങ്ങളുടെ ഗ്രാമ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരാളെ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തിന്റെ എഴുത്തുകാരനും വള്ളിക്കോട്ടുകാരൻ തന്നെയാണ്. എഴുത്തിന് ഗ്രാമീണ തനിമയും നാടിന്റെ ഹൃദയതുടിപ്പുകളും കൃത്യമായി പകർന്നുനൽകാൻ അയ്യപ്പന് കഴിഞ്ഞിട്ടുണ്ട്. മുൻകാല എഴുത്തുകളെല്ലാം തന്നെ അദ്ദേഹത്തിന്റെ ഭാഷാശക്തി തെളിയിച്ചിട്ടുള്ളവയാണ്. ഡി സി ബുക്സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടാൻ സാധിച്ചതും സാഹിത്യലോകം അദ്ദേഹത്തിന്റെ സർഗ്ഗാത്മക വൈഭവത്തെ അംഗീകരിച്ചു എന്നതിന്റെ തെളിവാണ്. അത് ഈ മത്സരത്തിന്റെ പ്രശസ്തിപത്രത്തിൽ ബെന്യാമിനും എസ്. ഹരീഷും ഉൾപ്പെട്ട ജൂറി കൃത്യമായി പറയുന്നുണ്ട്. സമസ്തമേഖലകളും തമസ്കരിക്കപ്പെടുന്ന ചിലരുണ്ട്. ചരിത്രം അവരിൽ ഖനീഭവിച്ചിട്ടുള്ളത് ലോകം തിരിച്ചറിയുന്നുണ്ടാവില്ല. അങ്ങനെ മറവിയുടെ ഇരുട്ടിൽ ആണ്ടുപോകുവാൻ വിധി കരുതിവെച്ച രാമകൃഷ്ണൻ കൊച്ചാട്ടൻ എന്ന സിനിമാക്കാരന്റെ ജീവിതത്തെയാണ് അയ്യപ്പദാസ് ഈ നോവലിലൂടെ വീണ്ടെടുക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തെ ആധാരമാക്കി മലയാളത്തിൽ ധാരാളം പുസ്തകങ്ങൾ വന്നിട്ടുണ്ട്. എന്നാൽ അപ്രശസ്തനായ ഒരാളുടെ ഉള്ളറകളിലേക്ക് കൗതുകത്തോടെയും സൗഹൃദത്തോടെയും കടന്നുചെന്ന് ചരിത്രം തേടിപ്പിടിച്ച അയ്യപ്പദാസിന്റെ രീതി അതിൽ നിന്നും വ്യത്യസ്തമാണ്.
ആദ്യകാല സിനിമാപ്രവർത്തകർ അനുഭവിച്ചിരുന്ന മാനസികസംഘർഷങ്ങളുടെ അടയാളപ്പെടുത്തലാണ് ഈ നോവൽ. എഴുത്തുകാരനിലെ സിനിമാക്കാരൻ തന്നെയാണ് ഈ നോവലിന്റെ ജീവൻ. വിഷയത്തിന് തികച്ചും യോജിച്ച വിധമുള്ള ദൃശ്യചാരുതയും ലളിതമായ ഭാഷാപ്രയോഗങ്ങളും കൊണ്ട് ഈ നോവൽ വായനക്കാരെ ആകർഷിക്കുന്നു. ഒരു സിനിമാക്കഥ വായിച്ചുപോകുന്നതു പോലെ സുഖമുള്ള അനുഭവമാണ് ഇതിന്റെ ആഖ്യാനം നമുക്ക് സമ്മാനിക്കുന്നത്.വളരെ കൃത്യമായ രണ്ട് കാലഘട്ടങ്ങളിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. ഒന്ന് രാമകൃഷ്ണൻ കൊച്ചാട്ടൻ തന്റെ ഗ്രാമമായ വള്ളിക്കോട് ജീവിക്കുന്ന കാലം, രണ്ട് അദ്ദേഹം ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയിൽ സിനിമയുടെ ഭാഗമായി മാറുന്ന കാലഘട്ടം. ഫ്ലാഷ് രീതിയിലുള്ള കഥാസഞ്ചാരം നോവലിന്റെ ആഖ്യാനത്തിന് വലിയൊരു വേഗതയും നാടകീയതയും നൽകുന്നുണ്ട്. ജീവിതത്തിൽ നടന്ന സംഭവങ്ങളും നോവലിസ്റ്റിൻ്റെ ഭാവനയും തമ്മിൽ സ്വാഭാവികമായ ഒരു ഇഴചേരൽ ഇവിടെ കാണാം വായിക്കുമ്പോൾ ആദ്യകാല മലയാള സിനിമയുടെ പല കൗതുകകരമായ കാഴ്ചകളും മുന്നിൽ തെളിയും. ഉദയാ സ്റ്റുഡിയോയുടെ തുടക്കം, കുഞ്ചാക്കോ മുതലാളിയുടെ സിനിമാ നിർമ്മാണം, എഡിറ്റിങ് ടേബിളിലെ യാഥാർത്ഥ്യങ്ങൾ എന്നിവയെല്ലാം കടന്നുവരുന്നതുകൊണ്ടുതന്നെ ഈ നോവൽ ഒരു കഥ മാത്രമല്ല, ഒരു ചരിത്രസാക്ഷ്യം കൂടിയായി മാറുന്നു.
