കഠിനയാതനകളുടെ വേദനയും കണ്ണീരും കൈപ്പും നിറഞ്ഞ പലവിധ പ്രവാസങ്ങളുടെ അനുഭവങ്ങൾ ജ്വലിക്കുന്ന അക്ഷരങ്ങൾ ലോക സാഹിത്യത്തിലെ വിലപ്പെട്ട ഈടുവയ്പുകളാണ്. ഇതിൽത്തന്നെ പ്രാചീന ചരിത്രകാലം മുതൽ ആരംഭിച്ച ജൂത സമൂഹത്തിന്റെ അപരദേശ പലായനങ്ങളും പ്രവാസങ്ങളും സൃഷ്ടിച്ച അനവധി ഭാഷകളിലെ ആയിരക്കണക്കിന് കൃതികളിൽ ഏറെ വിളങ്ങി നിൽക്കുന്നുണ്ട്. ബൈബിളിലെ പഴയ നിയമ പുസ്തകങ്ങളിൽത്തന്നെ രേഖപ്പെട്ട പലായനചരിത്രം പിൽക്കാലത്ത് മഹനീയമായ കാവ്യങ്ങളിലും കഥകളിലും നോവലുകളിലും ആത്മകഥകളിലും ചരിത്രപുസ്തകങ്ങളിലും ഒക്കെ ഗംഭീരമായി ആവിഷ്കരിക്കപ്പെട്ടു കൊണ്ടിരുന്നു.
ബൈബിളിലെ ദൈവ പദ്ധതി പ്രകാരം ക്രിസ്തുവിന്റെ കുരിശാരോഹണം എന്നത് മാനവരാശിയുടെ പാപവിമോചനത്തിനായി നടക്കേണ്ടിയിരുന്നത് തന്നെയാണെങ്കിലും, എമ്പാടും ക്രൈസ്തവ മതവിശ്വാസികൾ യഹൂദർ ക്രിസ്തുവിന്റെ രക്തത്തിന്റെ ഉത്തരവാദികളാണെന്ന ഉറച്ച ധാരണയാൽ അവരെ ഏറെ നിന്ദ്യരായി കരുതിപ്പോന്നു.
മിക്കയിടങ്ങളിലും യഹൂദർ പലവിധ സാമൂഹ്യ അവഹേളനങ്ങൾക്കും ഇടയ്ക്കിടെ രക്തരൂക്ഷിതമായ പീഡനങ്ങൾക്കും ഇരയായി. രണ്ടാം ലോകമഹായുദ്ധകാലത്ത്, അഡോൾഫ് ഹിറ്റ്ലറുടെ നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഏതാണ്ട് മുക്കാൽ കോടിയോളം ജൂതരെ കൊന്നൊടുക്കിയത് ഈ പീഡനപരമ്പരയുടെ പാരമ്യതയായിരുന്നു. ഇത് ക്രൈസ്തവ ധാരണ പ്രകാരമായിരുന്നില്ല. പകരം അതിഹീനമായ നാസി വംശശുദ്ധി സിദ്ധാന്തപ്രകാരമായിരുന്നു.
