ഹൃദ്യമായ ഗദ്യത്തിന്റെ ഊർജ്ജം പകർന്നു നൽകുന്ന വിജ്ഞാനപ്രദങ്ങളായ ഉപന്യാസങ്ങളാണ് ജോജോ ആൻ്റണി എഴുതിയ "വാക്കുകൾ പാർക്കുന്ന ദേശങ്ങൾ" എന്ന സമാഹാരത്തിലുള്ളത്. ഇത് ഒരു പരസ്യവാചകം പോലെ തോന്നിയേക്കാം. എന്നാൽത്തന്നെയും അതിൽ അതിശയോക്തി ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. വിശ്വസാഹിത്യത്തിലെ മഹാമനീഷികളും അല്ലാത്തവരുമായ അനേകം എഴുത്തുകാരുടെ ജീവിതദുരന്തങ്ങളും ഗതികേടുകളുമുൾപ്പെടെയുള്ള കാലവൈപരീത്യങ്ങളെ പറ്റിയും, വിവിധ സംസ്കാരങ്ങളിലെ ആന്തരീക വൈരുദ്ധ്യങ്ങളെ പറ്റിയുമൊക്കെ കലർപ്പില്ലാത്ത ഗദ്യം വായിക്കാനുള്ള ഒരു അവസരമാണ് ഈ പുസ്തകം ഒരുക്കുന്നത്.
മലയാള സാഹിത്യത്തിന് മറക്കാനാവാത്ത രണ്ട് സാഹിത്യകാരന്മാരാണ് ടീ.ആറും വിക്ടർ ലീനസും. അഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപ് ഞാൻ നാട്ടിൽ നിന്ന് വിട്ടുപോരുന്നത് വരെ, രണ്ടുപേരും എന്റെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. അന്ത്യോപചാരങ്ങൾ പോലും ലഭിക്കാതെ, പൊതുനിരത്തിൽ മരിച്ചുകിടന്ന അവരെ കുറിച്ച് പ്രതിപാദിക്കുന്ന "ബൊഹീമിയയും മലയാളികളുടെ നിരത്തുകളും” എന്ന ലേഖനം സങ്കടം കൊണ്ട് മരവിച്ച മനസ്സുമായിട്ടാണ് ഞാൻ വായിച്ചുതീർത്തത്. അല്പമൊക്കെ അതേ പ്രതികരണമാണ്, ടോൾസ്റ്റോയ്, എഡ്ഗാർ അല്ലൻ പോ, യുകിയോ മിഷിമ, പാവ്ലോ പാസ്സോലിനി എന്നീ മഹാരഥന്മാരുടെ ദാരുണാന്ത്യങ്ങളെ കുറിച്ചു പറയുന്ന ഉപന്യാസം വായിച്ചപ്പോഴും എന്നിലുണ്ടായത്. "ഡമാസ്കസിലേക്കുള്ള പാത" പ്രിയപ്പെട്ട മറ്റൊരു ലേഖനമാണ്.
കാലദേശങ്ങൾക്ക് അതീതമായി, ദുഖങ്ങളുടെയും ദുരന്തങ്ങളുടെയും വിശദാംശങ്ങൾ വിവരിക്കുമ്പോഴും ജോജോ അമിതമായ വികാരവായ്പ്പൊന്നും പ്രദര്ശിപ്പിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. പകരം, പക്വതയുള്ള ഒരു തരം നിർവികാരത എഴുത്തുകാരന് കാത്തുസൂക്ഷിക്കുന്നു. എങ്കിൽ തന്നെയും, സഹാനുഭൂതിയുടെ വെളിച്ചവും കാരുണ്യത്തിന്റെ ഊഷ്മളതയും ജോജോയുടെ വാക്കുകളിലും ആഖ്യാനത്തിലുമുണ്ട്.
