കാണായ്മ എന്ന വാക്കിന് കാണാതിരിക്കൽ, മറഞ്ഞിരിക്കൽ, ഇല്ലാതിരിക്കൽ... എന്നിങ്ങനെയൊക്കെ അർത്ഥം പറയാമെന്നു തോന്നുന്നു. നമ്മുടെ വ്യവഹാരങ്ങളിൽ അധികം പ്രത്യക്ഷപ്പെടുന്ന വാക്കല്ല അത്. കാണായ്മ എന്ന വാക്കിനെ കാണായ്മയുണ്ട്. കാണാ, കാണാതെ എന്നീ വാക്കുകളുണ്ടെങ്കിലും കാണായ്മയെന്നോ കാണായ്കയെന്നോ വാക്കുകൾ ശബ്ദതാരാവലിയിലുമില്ല. കാണാതിരിക്കലുണ്ടെന്നു പറയാൻ നാം ഇഷ്ടപ്പെടുന്നില്ലെന്നു തോന്നുന്നു. കാണണം. പക്ഷേ, കാണുന്നില്ല. “കണ്ണുണ്ടായാൽ പോര, കാണണം'’ എന്ന ചൊല്ല് നമുക്കു പണ്ടേയുണ്ടെ
ങ്കിലും നാം കാണുന്നില്ല. യഥാർത്ഥത്തിൽ, കണ്ണുകൊണ്ടുമാത്രം കണ്ടാൽ പോരാ, “വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നു കണ്ണായ മനമാകുന്ന കണ്ണുകൊണ്ട്, മനക്കണ്ണുകൊണ്ടു കാണണം” എന്നൊക്കെ അറിയാം, മനക്കണ്ണിനും പൊരുളായ അഹത്തെയും. എന്നിട്ടും സ്വാർത്ഥതകൊണ്ടോ അപരാധബോധംകൊണ്ടോ കാണാതിരിക്കുകയും കാണായ്മയെക്കുറിച്ച് പറയാതിരിക്കുകയും ചെയ്യുന്നു. കാണാൻ മനസ്സില്ലാത്തതുകൊണ്ടാണ് പലപ്പോഴും കാണാത്തത്. സ്വേച്ഛാധിപത്യഭരണകൂടങ്ങൾക്കും അധികാരത്തിനും മനസ്സില്ല, അഹംബോധവുമില്ല. അവർ കാണില്ല. ആരെയാണ് കാണാത്തത്? "കാണുന്നില്ലെൻ വർഗ്ഗത്തെ, ജാതിയെ ഒരിടത്തും' എന്നെഴുതിയത് കുമാരഗുരുദേവൻ പൊയ്കയിൽ അപ്പച്ചനാണ്. കാണാത്തത് അധഃകൃതരെയാണ്. അരികുകളിൽ ജീവിക്കുന്നവരെ ആരും കാണുന്നില്ല. അദ്ദേഹം എഴുതി
“ആരാണ് എന്റെ ദൈവം?'
ഞാൻ ചോദിച്ചപ്പോൾ,
ബ്രാഹ്മണൻ വിളിച്ചു:
"എന്റെ വേദം!'
പാതിരി ചൂണ്ടി: ‘എന്റെ ക്രൂശ്!'
എന്നാൽ ഞാൻ കണ്ടത്
രണ്ടും എന്റെ കഴുത്തിലെ
ചങ്ങലകൾ.”
പി.എഫ്. മാത്യൂസിന്റെ നോവൽ പാർശ്വവത്കൃതരുടെ ജീവിതങ്ങളിലേക്കു നോക്കുന്നതാണ്. കഥാപാത്രങ്ങൾ ഏറെയും പാർശ്വവത്കൃതരാണ്. അവരാണ് മായ്ക്കപ്പെടുന്നവരിൽ ഏറെയും.
