നാളെയുടെ കഥകൾക്കൊരു കേളികൊട്ട്

Book Review

നാളെയുടെ കഥകൾക്കൊരു കേളികൊട്ട്


2001-നും 2011-നുമിടയിൽ മലയാളികൾക്കിടയിലെ നഗരവാസികളുടെ എണ്ണത്തിൽ 92.7 ശതമാനം വർദ്ധനയുണ്ടായെന്നാണ് സെൻസസ് കണക്കുകളിൽനിന്ന് കണ്ടെത്തിയിട്ടുള്ളത്. നമ്മിൽ പാതിയോളംപേർ അതോടെ നഗരവാസികളായി മാറിയിരു​ന്നെന്നും അതേ കണക്കുകൾ സാക്ഷ്യപ്പെടുത്തി. സെൻസസിൽ നാട്ടിൻപുറത്തുകാരായി കണക്കാക്കപ്പെട്ടിട്ടുള്ള ശേഷിച്ചവരുടെ കൂട്ടത്തിലേയും നല്ലൊരു വിഭാഗം മനോഘടനകൊണ്ടെങ്കിലും നാഗ​രികരാണെന്നുള്ളത് മറ്റൊരു വസ്തുത. അങ്ങനെയൊരു വിശാലാർത്ഥത്തിൽ കാണുമ്പോൾ നമ്മുടെ നാട്ടിൽ നാഗരികത​യുടെ വ്യാപനം പുതിയ നൂറ്റാണ്ടിൽ അതിവേഗം വർധിച്ചുകൊണ്ടി​രിക്കുകയാണെന്നു മനസ്സിലാക്കേണ്ടതുമുണ്ട്.

എന്നാൽ മലയാളകഥ ഇന്നും ആ യാഥാർഥ്യത്തിന് നേരേ ​നോക്കാൻ വിമുഖതകാട്ടി വാതിൽ മറവിൽ ഒളിച്ചുനിൽക്കുന്നതാ​യിട്ടാണ് തോന്നിയിട്ടുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ സമകാലീ​ന​കഥ അത്രയൊന്നും സമകാലീനവുമല്ലെന്ന് പറയേണ്ടിവരുന്നു. കഥാസാഹിത്യത്തിൽ ഇക്കാലം പുതുപുസ്തകങ്ങളുടെ പെരുപ്പം സംഭവിച്ചിട്ടുണ്ടെങ്കിലും അവയിൽ ഒട്ടു മിക്കവാറും പ്രസിദ്ധീകരണത്തീയതികൊണ്ടുമാത്രം പുതിയതാകുന്നതാണ്. പൊതുബോധത്തിലെ "മാധ്യമനിർമ്മിത'മായ അഥവാ വാർത്താധിഷ്ഠി​ത​മായ സമകാലീനതയുമായി അതെല്ലാം കുറെയൊക്കെ സമരസ​പ്പെട്ടുപോകുന്നുണ്ടെന്നുമാത്രം. മേല്പറഞ്ഞ കാലയളവിൽ കടന്നു​വന്നിട്ടുള്ള കഥാകൃത്തുക്കളിലെ പുതുമുറക്കാർപോലും ഇവിടെ വിവക്ഷയിലുള്ള  കാലഭ്രമണത്തെ അത്രയൊന്നും കണ​ക്കി​ലെടുക്കാതെ ജീവിതാവസ്ഥകളെ സംബന്ധിച്ച കേവലം സ്ഥല​പര​മായ പര്യവേക്ഷണങ്ങളിലും ചരിത്രഖനനത്തിലുമൊക്കെ ഏർ​പ്പെട്ട് കഴിഞ്ഞുകൂടുന്നതായിട്ടാണ് പൊതുവേ കണ്ടുവരുന്നത്. കഥകളെ പൊലിപ്പിക്കാനും അവയ്ക്കു ചമയം ചാർത്താനുമുള്ള വസ്തുവകകൾ ഏറെയുള്ളത് അറിയാ ദേശങ്ങളിലും വിദൂരഭൂത​കാലത്തിലുമൊക്കെയായതുകൊണ്ടാകാം–അതങ്ങനെ.

സ്ഥലപരമായ ആവിഷ്കാരങ്ങൾക്ക് അത്ര കണ്ട് വഴങ്ങാത്ത പുതുനാഗരികതയെ എഴുതാൻ ദൃശ്യസമ്പന്നമായ ലാൻഡ്സ്‌കേപ്പുകൾക്കു പകരം ദൃശ്യത വളരെക്കുറഞ്ഞ മൈൻഡ്സ്‌കേപ്പുകളിലൂടെയുള്ള പര്യവേക്ഷണങ്ങളാണല്ലോ ആവശ്യമായുള്ളത്. പലതുകൊണ്ടും ക്ലേശകരമായ കാര്യമാണത്. കഥാഭാവനയ്ക്ക് എളുപ്പം പിടികൊടുക്കുന്ന അനുഭവലോകമല്ലല്ലോ അവിടെയുള്ളത്. അതിസൂക്ഷ്മമായ ജീവിതനിരീക്ഷണങ്ങളും അതിനുചേർന്ന ഭാഷാ​വിന്യാസവുംകൊണ്ടുമാത്രമേ പുറമേ ഏകീഭാവം പ്രദർശിപ്പിക്കുന്ന നാഗരികജീവിതത്തിന്റെ കാണാപ്പുറങ്ങൾ കണ്ടെത്താനും സ്വാംശീകരിച്ചും സംസ്കരിച്ചും എഴുത്തിലേക്കു കൊണ്ടു വരാനും കഴിയുകയുള്ളൂ. അതൊക്കെക്കൊണ്ടുതന്നെ നാഗരി​കത നമുക്കിടയിലേക്കു കൊണ്ടുവന്നുകൊണ്ടിരിക്കുന്ന ജീവിതപ്പുതുമകളെ കഥകളിലേക്ക് പരാവർത്തനം ചെയ്യണമെങ്കിൽ– മലയാളകഥയുടെ പരമ്പരാഗത പാതയിൽനിന്നും അവിടെ കെട്ടി​ക്കിടക്കുന്ന കാല്പനികതയിൽനിന്നും ഇതര ഭാവുകത്വവഴ​ക്കങ്ങളിൽനിന്നുമെല്ലാമുള്ള വേർപിരിയലും വഴിമാറിസഞ്ചാരവുമൊക്കെത്തന്നെ വേണ്ടിവരുന്നുണ്ട്. അങ്ങനെയൊരു വിടുതലും വഴിമാറി സഞ്ചാരവുമാണ് "ഉടൽവേദ''ത്തിലെ കഥകളിലുള്ളത്. മുറ്റത്തെത്തിനിൽക്കുന്ന നാഗരികതയെ മുണ്ട് മാടിക്കുത്തി പുറ​ത്തേക്കിറങ്ങിച്ചെന്ന് ഒരു ചെറുചിരിയോടെ അഭിമുഖീ​കരിക്കുന്ന ഒരു കഥാകൃത്തിനെയാണ് ഈ കഥകൾക്കു പിന്നിൽ എനിക്ക്‌ കാണുവാൻ കഴിഞ്ഞത്.


Related Articles