കഥയ്ക്കോ ജീവിതത്തിനോ ത്രിമാനദൃശ്യങ്ങളല്ല, അതിനപ്പുറം അപ്രതീക്ഷിതമായ അനേകമാനങ്ങളുണ്ടെന്ന് ഡിസി ബുക്സ് പുറത്തിറക്കിയ മധുശങ്കർ മീനാക്ഷിയുടെ ‘തെമ്മാടിക്കുഴി’ വിളിച്ചുപറയുന്നു.
ഉപബോധമനസ്സിന്റെ കണ്ണടയില്ലാതെ, ചില കഥയിലേക്ക് പ്രവേശിക്കാനാവില്ല. കഥയുടെ വഴിയിലെ മാജിക്കൽ ഇമേജുകൾ സങ്കീർണമായ കാവ്യാനുഭൂതിയിലേക്കുള്ള ചൂണ്ടുപലകകളാണ്.
ദുരന്തപൂർണ്ണവും സുന്ദരവുമായ മുഖങ്ങൾ മാറിമാറി പ്രത്യക്ഷപ്പെടുന്ന ഫോട്ടോഷൂട്ടുപോലെ എല്ലാം സൂക്ഷ്മമായി ഭാഷയിൽ പതിഞ്ഞിരിക്കുന്നു. ‘പാനിപ്പൂരി’ എന്ന കഥയിലെ ഫൊട്ടോഗ്രാഫർ, ദൃശ്യതാളങ്ങൾ മുറിഞ്ഞുപോകാൻ അവസരം നൽകാത്ത തത്വജ്ഞാനിയെപ്പോലെയാണ് പെരുമാറുന്നത്.
“ഞാനീ നക്ഷത്രങ്ങളെ നോക്കിയിരിക്കാം. അവയ്ക്കെന്തോ എന്നോട് പറയാനുള്ളതുപോലെ.”
