ബൈബിളിന് പുറത്ത് കസാൻദ്സാകീസ് ഒരുക്കിയ യേശുചരിതം

Book Review

ബൈബിളിന് പുറത്ത് കസാൻദ്സാകീസ് ഒരുക്കിയ യേശുചരിതം


ബൈബിളിൽ നാം വായിച്ചറിഞ്ഞ യേശുവിനെ അടിമുടി അഴിച്ചു പണിയുന്നതിലൂടെ നമ്മുടെ ബോധ്യങ്ങളിൽ ചുറ്റികപ്രഹരം ഏല്പിക്കുന്ന മനോഹരമായ ഒരു നോവലാണ് ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം. ദൈവത്തിന്റെ പുത്രനായി ഈശ്വരാംശങ്ങളോടെ പിറന്ന ബൈബിളിലെ യേശുവിന് വ്യത്യസ്‌തനായി നസറേത്തിലെ തച്ചന്റെ മകനായ യേശു ശരീരവും ആത്മാവും തമ്മിലുള്ള നിരന്തരമായ പോരാട്ടത്തിലൂടെ ദൈവീകത കൈവരിക്കുന്നതായി ഈ നോവൽ ചിത്രീകരിക്കുന്നു. ജീവിതം കൊണ്ട് യാതന അനുഭവിക്കുന്ന ഒരുവനായിട്ടാണ് സാകീസ് യേശുവിനെ വരച്ചു കാട്ടുന്നത്. സ്‌ത്രീയുടെ രൂപത്തിൽ അധികാരത്തിന്റെ രൂപത്തിൽ, സമ്പത്തിന്റെ രൂപത്തിൽ ഒക്കെ ജീവിതാസക്തികൾ യേശുവിനെ വഴി തെറ്റിക്കാൻ എത്തിക്കൊണ്ടേയിരിക്കുന്നു. എന്നാൽ തന്റെ ജീവിതയാത്ര  കുരിശിലേക്കാണെന്ന് അവന് മുന്നമേ നിശ്ചയമുണ്ട്. അവൻ തന്റെ പണിശാലയിൽ നിരന്തരം കുരിശ് പണിയുന്നവനാണ്. പ്രലോഭനത്തിന്റെ ഏതെങ്കിലും വഴിയിലേക്ക് തിരിഞ്ഞാൽ ദൈവത്തിന്റെ തീക്ഷ്ണമായ നയനങ്ങൾ അവനെ പിന്തുടരുന്നതായി അവൻ അനുഭവിക്കുന്നു. കാനയിൽ വധുവിനെ തിരഞ്ഞു ചെല്ലുമ്പോഴും മഗ്‌നലന മറിയ അവനെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോഴും ഒക്കെ അവൻ പീഡ അനുഭവിക്കുന്നു.

യേശു മാത്രമല്ല, ഒറ്റുകൊടുക്കാൻ ദൈവത്താൽ നിയോഗിക്കപ്പെടുന്ന യൂദാസും യേശുവിന്റെ പ്രണയ നിഷേധത്താൽ പാപത്തിന്റെ വഴികളിലേക്ക് ഇറങ്ങിപ്പോയ മഗ്‌ദല മറിയവും മറ്റ് ശിഷ്യന്മാരും ലാസറും മാർത്തയും മറിയയും എല്ലാം ഈ നോവലിൽ വ്യത്യസ്തരാണ്. അങ്ങനെ ബൈബിളിന് പുറത്ത് മറ്റൊരു യേശു ചരിതം സൃഷ്ടിക്കുകയാണ് സാകീസ് ചെയ്യുന്നത്.


Related Articles