പ്രതിഭാ റോയ് എഴുതിയ അന്തിമേശ്വരൻ എന്ന നോവലിൽ ഇങ്ങനെ ഒരു വരിയുണ്ട്.
"മനസ്സ്, കടലാസുകൊണ്ട് തയ്യാറാക്കിയ നോട്ടോ, മൂല്യം എഴുതിച്ചേർത്ത നാണയമോ അല്ല. മനസ്സ് ചെലവാക്കിയാലും തിരിച്ചുകിട്ടുന്നു. കിട്ടുന്നതിന്റെ കണക്ക് എവിടെ?പിശുക്കനെ പോലെ മനസ്സ് ചെലവാക്കാതെ സൂക്ഷിച്ചുവെച്ചാൽ വയസ്സുകാലത്ത് ശൂന്യമായ മനസ്സുമായി ശൂന്യതയിൽ വിലയം പ്രാപിക്കേണ്ടിവരും. ഇക്കാര്യം ആർക്കാണ് അറിഞ്ഞുകൂടാത്തത്? എന്നിട്ടും മനുഷ്യമനസ്സിന്റെ പിശുക്കിന് കുറവില്ല. മനസ്സ് പൂർണ്ണമായും ആർക്കെങ്കിലും നൽകാൻ മനുഷ്യന് കഴിയില്ല.."
മലയാളത്തിന്റെ തലമുതിർന്ന എഴുത്തുകാരിയായ ഗ്രേസിയുടെ പുതിയ നോവലാണ് 'ക്രമം'. ഈ പുസ്തകത്തിൽ കൂടി കടന്നു പോയപ്പോൾ ഓർത്തു പോയതാണ് ബൃഹത്തായ 'അന്തിമേശ്വര'നിലെ വരികൾ.
'ക്രമം' വലിപ്പത്തിൽ ഒരു ചെറിയ നോവലാണ്.. എന്നാൽ മനുഷ്യ മനസ്സിന്റെ ഒഴിഞ്ഞ ഇടങ്ങളെ നിറയ്ക്കുവാനും, നിറഞ്ഞ ഇടങ്ങളെ ഒഴിച്ചെടുക്കുവാനും, ജീവിതമെന്ന ഒരു വലിയ സമസ്യക്ക് ഉത്തരം തേടാനും 'ക്രമ'ത്തിലൂടെ എഴുത്തുകാരിക്ക് സാധിച്ചിരിക്കുന്നു.
