കോവിഡ് മഹാമാരികാലത്ത് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകൻ (1947) പുനർ:വായനയ്ക്കും വിലയിരുത്തലിനും വിധേയമായി. ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ച മലയാള സാഹിത്യത്തിലെ ഏറ്റവും വിശിഷ്ടകൃതിയായിട്ടാണ് തോട്ടിയുടെ മകൻ പരിഗണിക്കപ്പെട്ടിട്ടുള്ളത്, സമൂഹം അറപ്പോടും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാശിയിൽ പെട്ടവരാണെന്നും അവർക്കും ഒരു ജീവിതമുണ്ടെന്നും വെളിപ്പെടുത്താൻ തോട്ടിയുടെ മകനു കഴിഞ്ഞു. അതാണ് ഈ നോവലിന്റെ മലയാള സാഹിത്യത്തിലെ പ്രസക്തി.
അതോടൊപ്പം മഹാമാരി സാഹിത്യത്തിലും തോട്ടിയുടെ മകന് വലിയൊരു സ്ഥാനമുണ്ടെന്നത് മഹാമാരികൾ ചിത്രീകരിക്കുന്ന സാഹിത്യകൃതികൾ വിലയിരുത്തപ്പെട്ടപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞു. മലയാളസാഹിത്യത്തിൽ കോളറയും വസൂരിയും പല സാഹിത്യകൃതികളിലായി പ്രത്യക്ഷപ്പെടുന്നുണ്ട് എന്നാൽ വസൂരിയും കോളറയും അവയുടെ എല്ലാ ഭീകരതകളോടും സാമൂഹ്യവിവക്ഷകളോടും കൂടി അവതരിപ്പിച്ചിട്ടുന്നത് തോട്ടിയുടെ മകനിലാണ്. നോവലിലെ മൊത്തം ഒമ്പത്ത് അധ്യായങ്ങളിൽ രണ്ട് അധ്യായങ്ങളും 132 പേജിൽ 22 പേജും തകഴി മാറ്റിവച്ചിട്ടുള്ളത് ആലപ്പുഴയിൽ തോട്ടികളുടെ ജീവനപഹരിച്ച കോളറയുടെയും വസൂരിയൂടെയും കഥ പറയാനാണ്.
