സുതാര്യമായ കവിതകൾ

Book Review

സുതാര്യമായ കവിതകൾ


ളത്തറ ഗോപൻ്റെ പുതിയ കവിതാ സമാഹാരമാണ് വഴി പിണക്കി. ഗോപൻ്റെ കവിതകൾ സ്വന്തം അടയാളം കാത്തുസൂക്ഷിക്കുന്നു. എഴുത്തിൽ സ്വാതന്ത്ര്യമുണ്ട്. സ്വജീവിതാനുഭവങ്ങളും സൂക്ഷ്മമായ നിരീക്ഷണങ്ങളും ലളിതമായ ഭാഷയും എടുത്തു പറയത്തക്ക പ്രത്യേകതകൾ ആകുന്നു. ഇടശ്ശേരിയുടെ പുതപ്പാട്ടിൽ വഴി പിണക്കി വഴി തെറ്റിക്കുന്ന പൂതമാണ്. ഇവിടെ ഗോപൻ്റെ കവിതയിൽ വഴികൾ തെറ്റുന്നുണ്ടെങ്കിലും വഴികൾ തെറ്റിക്കുന്ന ഒരു പൂതമില്ല. അതിൽ കാലത്തിൻ്റെ മാറ്റവും കവിതയിലെ മാറ്റവും ഉണ്ട്. പൂതം ( ഭൂതം ) എന്നത് ഭൂതകാലമാണ്. ഭൂതകാലം നഷ്ടപ്പെട്ട ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. വഴി പിണക്കുന്ന ഒരു ഭൂതത്തെ സങ്കല്പിക്കാനായാൽ ഉത്തരമായി. ഉത്തരങ്ങൾ ഇല്ലാത്ത, ചോദ്യങ്ങൾ മാത്രമുള്ള കാലത്താണ് നാം ജീവിക്കുന്നതെന്ന് അർത്ഥം.

സുതാര്യമായ കവിതകൾ ആണിവ. ഒറ്റവായനയ്ക്കു തന്നെ കവിതയിൽ നാം എത്തുന്നു. എനിക്ക് അപരിചിതമായ വാക്കുകൾ ഈ കവിതകളിൽ ഇല്ല. സാധാരണ ജീവിതത്തിൻ്റെ പദകോശം ആണ് ഈ കവിതകൾക്കുള്ളത്. എനിക്ക് അപരിചിതമായ അനുഭവങ്ങളും ഇല്ല. വായനക്കാരോട് അത്ര മാത്രം അടുത്താണ് കവിതകൾ നിൽക്കുന്നത്. കവിയും കവിതയും വായനക്കാരും ഒന്നിച്ചാകുകയാണ്. എഴുത്തിൽ ഒരു വേഗവും തോന്നുന്നുണ്ട്. പുതിയ കാലത്തെ ഒരു പ്രവണത പെട്ടെന്ന് മാറുന്ന സ്ഥലങ്ങളും കാലങ്ങളുമാണ്. വളരെക്കാലം താമസിച്ച മുറിയുമായ് വീട്ടിലേക്കു പോകുന്ന കവിതയിൽ സ്ഥലവും കാലവും പെട്ടെന്ന് മാറുന്നത് കാണാം. കുരിശ് എന്ന കവിതയിൽ കുരിശ് അതിൻ്റെ അസാന്നിധ്യങ്ങളാൽ പൂരിപ്പിക്കപ്പെടുന്നത് കാണാം. " കുരിശ് നാലു ത്രികോണമാണ് " എന്ന കണ്ടെത്തൽ വ്യത്യസ്തമാണ്. പുറപ്പെട്ടു പോയ പെൺകുട്ടി എന്ന കവിതയിലും അസാന്നിധ്യം സാന്നിധ്യമായി മാറുന്നുണ്ട്. അതുകൊണ്ടെന്നാണ് സ്ത്രീ പീഡനം പെട്ടെന്ന് " ചിലപ്പോൾ എന്നെ മകളായ് കണ്ടതാവാം " എന്ന പരാമർശത്തിലേക്ക് തെന്നി മാറുന്നത്. " നീ പൂവിറുത്തു മണപ്പിക്കുമ്പോൾ ഞാനൊരു ചുംബനം അനുഭവിക്കും" എന്നിടത്തും അപര സാന്നിധ്യം ഉണ്ട്. മരണത്തിൻ്റെ രൂപകങ്ങളിൽ പൂച്ചയായും പട്ടിയായും രണ്ടു തരത്തിൽ മരണം സാന്നിധ്യം കൊള്ളുന്നു. ഒരേ നഗരത്തിൽ എന്ന കവിതയിലും അസാന്നിധ്യത്തിനാണ് സാന്നിധ്യമാകാൻ കഴിയുന്നത്. കാരണം " നമ്മൾ കണ്ടുമുട്ടുന്ന നിമിഷം നമ്മുടെ പ്രണയം നഷ്ടമാകുമെന്ന് ഭയക്കുന്നു " അടുപ്പവും അകലവും ഒന്നു തന്നെ എന്ന കണ്ടെത്തലിലും സാന്നിധ്യാസാന്നിധ്യങ്ങൾ ആണ് ഉള്ളത്. വഴിപിണക്കി എന്ന ആദ്യകവിതയിലും അസാന്നിധ്യത്തിൻ്റെ സാന്നിധ്യമുണ്ട് . സാന്നിധ്യാസാന്നിധ്യങ്ങളുടെ കളി ഗോപൻ്റെ പല കവിതകളിലും ഉണ്ട്.

രണ്ട്


Related Articles