ആൻഷൈൻ എഴുതുന്ന കഥകളിൽ ഞാൻ കണ്ടെത്തുന്നത് ചിതറിക്കിടക്കുന്ന മനുഷ്യരെയാണ്. കഥകളോരോന്നും അടുക്കിനു വായിച്ച് വായനയുടെ ഒടുക്കം പേജുകൾ ഒരിക്കൽക്കൂടി പിന്നിലേക്ക് മറിഞ്ഞു. ഒരു പിറന്നാൾ സമ്മാനം എന്ന കഥയിൽ അതു വന്നെത്തിനിന്നു. ആദ്യത്തെ വായനയ്‌ക്കൊടുവിൽ ചിരിയാണ് വന്നതെങ്കിൽ രണ്ടാമത്തെ വായനയിൽ തൊണ്ടയൊന്നു കനത്തു. എത്ര എളുപ്പത്തിലാണ് ഈ അമ്മമാർ മക്കളെ കണ്ടെത്തുന്നതെന്നോർത്തു.
മാധവിയുടെ കനത്ത മുലകളിൽനിന്നാണ് കഥകളുടെ കെട്ടഴിഞ്ഞുതുടങ്ങുന്നത്. ഒരു സ്ത്രീയുടെ ഏറ്റവും സ്‌ത്രൈണതയുള്ള ഭാഗം ഏതെന്നു ചോദിച്ചാൽ മുലകൾതന്നെയാകും എന്നാവും ഏറെപ്പേരുടെയും മറുപടി. അതേ മുലകൾ സ്ത്രീകൾക്ക് ആയുധവുമാക്കാമെന്ന് മാധവി പറയാതെ പറയുന്നു. സ്ത്രീ എന്നത് ശരീരവും ഉപഭോഗവുമാണെന്ന തത്ത്വത്തെ മാധവി സ്വീകരിച്ചു എന്നേയുള്ളൂ. വയറിനും വിശപ്പിനും മുകളിലല്ല ഒരു തത്ത്വശാസ്ത്രങ്ങളും.
ഒരു പുരുഷന്റെ കഥയെഴുത്തുശൈലിയെക്കാൾ എനിക്കീ കഥകൾ ഉള്ളിലേക്ക് കയറിയത് ലിംഗങ്ങളെ റദ്ദു ചെയ്തുകൊണ്ടായിരുന്നു. പുരുഷൻ ഇന്ന രീതിയിൽ എഴുതണം സ്ത്രീ ഇന്നതുപോലെ എഴുതണം എന്നല്ലാതെ ഒരു എഴുത്താളൻ എഴുതിയതിനെ വായിക്കാനുള്ള ഭംഗിയിലാണ് എന്റെ ഹൃദയം തൊട്ടത്. ചില സമയങ്ങളിൽ അവ നിർമ്മലവും ചിലപ്പോൾ മുറിവേൽപ്പിക്കുന്നതുമായിരുന്നു. ചിലത് അതിന്റെ ശുദ്ധതയോര്‍ത്ത് ചുമ്മാ ചിരിപ്പിച്ചു. വീട്ടിൽ ഏതു നേരത്തും സ്വയം തഴഞ്ഞു തളർന്നിരിക്കുന്ന സ്ത്രീയുടെ നിസ്സാരതയെ ചിലപ്പോൾ ഒരു പുരുഷനു മാത്രമേ കാണാനാകൂ എന്ന കുറ്റപ്പെടുത്തൽ ആവശ്യമുണ്ടെന്നും തോന്നി.
ഇന്ന വിഭാഗത്തിൽപ്പെടുന്നത് എന്ന് വേർതിരിക്കാനാകാത്ത കഥകളുടെ കൂട്ടത്തിൽ മനോഹരമായ പ്രണയവും ഭയവും കുറ്റാന്വേഷണവും ജീവിതവുമെല്ലാം ഇടകലർന്നിരിക്കുന്നു. മനുഷ്യന്റെ മനസ്സിലെ നിഗൂഢമായ കോണുകളെ കണ്ടെത്താൻ സാധിക്കുന്നുണ്ട്, മോക്ഷം നൽകിയ വറ്റുകൾ എന്ന കഥയിൽ. ഒരിക്കൽ ഉറങ്ങിപ്പോയതുകൊണ്ട് മാത്രം ഓട്ടപ്പന്തയത്തിൽ തോറ്റുപോയ മുയൽ എത്ര ഓടിയിട്ടും സമയത്ത് ഫിനിഷിങ് പോയിന്റിൽ എത്താൻ പറ്റാതെ ജീവിതം പാതിയിലൊടുക്കുന്ന ഒരുപാട് മനുഷ്യരെ ഓർമ്മിപ്പിക്കുന്നുണ്ട്. അതുമൊരു മായാജാലം എന്ന കഥയിൽ നീതിയോടു ചേർന്നുനിൽക്കുന്ന മനസ്സിനെ കാണാം. ജന്തുശാസ്ത്രത്തിലെ തുല്യനീതി എന്ന കഥയിൽ പാർവ്വതിയുടെയും ബാലന്റെയും സ്‌നേഹങ്ങൾ ബാക്കിനിൽക്കുമ്പോഴും മനുഷ്യരെന്ന നിലയിലുള്ള അന്തരങ്ങൾ ബാക്കിനിൽക്കുന്നത് ഇപ്പോഴും ഒരുപാട് മനുഷ്യരുടെ മനസ്സിലാണെന്നു മനസ്സിലാക്കുന്നു.
ആൻഷൈൻ ഇത്തരത്തിൽ ജീവിതങ്ങളെ അടുത്തുകാണുന്ന ഒരു കഥാകാരനാണ്. അദ്ദേഹത്തിന്റെ കഥകളെല്ലാം അത് വെളിപ്പെടുത്തുന്നുണ്ട്. വീണ്ടും മാധവിയിലേക്കും മുലയിലേക്കും വന്നാൽ, ജീവിതം അതിന്റെ അറ്റമെത്തുമ്പോൾ തോന്നുന്നൊരു തീക്ഷ്ണമായ തോന്നലുണ്ട്. അതിന്റെ ഉന്മാദമാണ് അവളെ നയിച്ചിരുന്നതെന്ന് വീണ്ടും ആൻഷൈനിന്റെ ഭാഗം പറഞ്ഞുകൊണ്ട് ഉറപ്പിക്കുന്നു. സ്ത്രീപക്ഷ കഥകളല്ല, മനുഷ്യപക്ഷത്തുനിന്നും എഴുതപ്പെട്ട കഥകൾ എന്നാണു ഞാനിതിനെ അടയാളപ്പെടുത്തുന്നത്.
ആൻഷൈൻ തോമസ്
