ആകാശത്തിന്റെ ആഖ്യാനങ്ങൾ

Book Review

ആകാശത്തിന്റെ ആഖ്യാനങ്ങൾ


ബഹിരാകാശത്തെയും സൗരയൂഥത്തെയും കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ സാധാരണ വായനക്കാർക്ക് മനസ്സിലാകുംവിധം അവതരിപ്പിക്കുന്ന ശാസ്ത്രസാഹിത്യകൃതിയാണ് ‘സൗരയൂഥം എന്ന സംവിധാനം.’ ഇരുപതിലധികം ലേഖനങ്ങൾ ഇതിലുണ്ട്.

സൂര്യൻ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, കുള്ളൻഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ എന്നിവയുടെ ഘടനയും സവിശേഷതകളും പുസ്തകം പരിചയപ്പെടുത്തുന്നു. സൂര്യന്റെ ഗുരുത്വാകർഷണത്താൽ ബന്ധിതമായ ഒരു ചലനാത്മക വ്യവസ്ഥയാണ് സൗരയൂഥം എന്ന ആശയമാണ് കേന്ദ്രബിന്ദു. കൈപ്പർ ബെൽറ്റ്, ഊർട്ട് മേഘം തുടങ്ങിയ ഭാഗങ്ങളും ഈ വ്യവസ്ഥയുടെ ഭാഗമായി പൊതുവേ വിശദീകരിക്കപ്പെടുന്നു.

ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രം, മനുഷ്യൻ നടത്തിയ പര്യവേക്ഷണങ്ങൾ, ശാസ്ത്രീയ കണ്ടെത്തലുകൾ, പുതിയ തലമുറ ദൂരദർശിനികൾ, ചാന്ദ്രദൗത്യങ്ങൾ, ഗ്രഹപഠനങ്ങൾ എന്നിവയും വിഷയങ്ങളിൽപ്പെടുന്നു.

കഥകളിലൂടെ വായനക്കാർക്ക് പരിചിതനാണ് ഉണ്ണിക്കൃഷ്ണൻ കളീക്കൽ. കഥാകാരനായ സയന്റിസ്റ്റ് എന്നും പറയാം. യാഥാർഥ്യബോധം, മനുഷ്യജീവിതത്തെക്കുറിച്ചുള്ള ആഴമുള്ള നിരീക്ഷണം, ദാർശനികത, പ്രതീകാത്മകമായ അവതരണം എന്നിവയാണ് ആ കഥകളുടെ പ്രധാന സവിശേഷതകൾ. അതുകൊണ്ടു തന്നെ പുസ്തകത്തിലെ ശീർഷകങ്ങളും ശ്രദ്ധേയമാണ്. കൊടുങ്കാറ്റിന്റെ ശേഷപത്രം, സൂര്യനിലെ ശലഭമാതൃക, ദൂരെ കാറ്റുപിടിച്ച ഒരു ഗ്രഹം, ഗ്രഹണം തുറന്നിടുന്ന വാതിൽ, പുരാതന അവശേഷിപ്പുകൾ തുടങ്ങിയ ശീർഷകങ്ങൾ ശാസ്ത്രവിഷയത്തിന് സാഹിത്യഭംഗി പകരുന്നു.


Related Articles