സൂക്ഷ്മാന്വേഷണത്തിന്റെ തൃഷ്ണശാല

Book Review

സൂക്ഷ്മാന്വേഷണത്തിന്റെ തൃഷ്ണശാല


ർമ്മയാണ് ചരിത്രം. നൂറ്റാണ്ടുകളുടെ സുഘടിതമായ വീണ്ടെടുപ്പും പുനരാലോചനയും അത് സാധ്യമാക്കുന്നു. കാലത്തിൻ്റെ പ്രഹരങ്ങളിൽ വീണുപോയവയെ ഓർമ്മയുടെ അറകൾ കൊണ്ട് കരകയറ്റുമ്പോഴാണ് ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള നിരന്തര സംവാദമായി അത് മാറുന്നത്. ഒരു ചരിത്രകാരന്റെ ലക്ഷ്യം ഈ സംവാദത്തെ തിരിച്ചറിയുകയും യുക്തിയുക്തമായി അത് അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ്. എന്നാൽ ഒരു നോവലിസ്റ്റ് ചരിത്രത്തെ ചേർത്തുപിടിക്കുമ്പോൾ യുക്തിക്കപ്പുറം ഭാവനയുടെ അതീന്ദ്രിയതകൂടി കടംകൊള്ളും. പുതിയ കഥാപാത്രങ്ങൾ, ഭൂരേഖകൾ, ജീവിതചര്യകൾ... അങ്ങനെ പലതും കടന്നുവരും. ചരിത്രത്തിൻ്റെ ഭാവനയെന്നോ, ഭാവന അടിസ്ഥാനത്തിലുള്ള ചരിത്രമെന്നോ വിളിക്കാനാകുന്ന തരത്തിലാകും അതിൻ്റെ ഘടന. റിഹാൻ റാഷിദിന്റെ "കലമറുപ്പ് " എന്ന നോവൽ ആയ് രാജവംശത്തിന്റെ ചരിത്രത്തെയും കാന്തളൂർ ശാലയുടെ വിശാലമായ ജ്ഞാനപദ്ധതിയെയും ഭാവനകൊണ്ട് തൊടുന്നു. ആ തൊടൽ വെറുതെയാവുന്നുമില്ല.

ടൈം ട്രാവൽ സംബന്ധിച്ച് ഒരു നോവൽ എഴുതാനുള്ള ആഗ്രഹവുമായി സഞ്ചരിക്കുന്ന ഹരീഷ് എന്ന കഥാപാത്രത്തിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. വർത്തമാനത്തിൽ നിന്നും നൂറ്റാണ്ടുകളുടെ സ്മരണയാ മാഴിയിലേക്ക് അയാൾ തെന്നി വീഴുന്നു. ആ വീഴ്ച ആയ്രാജ് വംശത്തിന്റെയും കാന്തളൂർ ശാലയുടെയും കഥയെ വായനക്കാർക്ക് നൽകുന്നു. "കലമറുപ്പ് " എന്ന പേര് സൂചിപ്പിക്കുന്നത് ആയ് രാജവംശത്തിന്റെ തകർച്ച അല്ലെങ്കിൽ കാന്തളൂർ ശാലയുടെ നാശം തന്നെയാണ്. കാന്തളൂർ ശാലയെ കുറിച്ചുള്ള അന്വേഷണ പാഠങ്ങൾ കുറച്ചൊക്കെയുണ്ടെങ്കിലും അത് സ്ഥിതി ചെയ്തത് എവിടെ എന്നതിനെക്കുറിച്ച് വ്യക്തമായ രേഖകളില്ല എന്നാണ് ഓർമ്മ. ഉള്ളതുതന്നെ ഭിന്നാഭിപ്രായങ്ങളാൽ വിഘടിക്കപ്പെട്ടതാണ്. തമിഴകത്തിന്റെ ജ്ഞാന സമ്പാദന- വിതരണ കേന്ദ്രവും ഗൂഢ സായുധ പദ്ധതികളുടെ ഇടവുമായ കാന്തളൂർ ശാല വിഴിഞ്ഞത്തിനടുത്താണെന്ന് ചില ചരിത്ര പരാമർശങ്ങളെ അടിസ്ഥാനമാക്കി നോവലിസ്റ്റ് ഉറപ്പിക്കുന്നു. ആ ഉറപ്പിന്റെ പിൻബലമാണ് ഇതിൻ്റെ ആഖ്യാനം.

പല നാടുകളിൽ നിന്ന് കാന്തളൂർ ശാലയിൽ വിദ്യാർത്ഥികളാവാനുള്ള താൽപര്യവുമായി എത്തുന്ന മനുഷ്യരെക്കുറിച്ച് നോവൽ പ്രതിപാദിക്കുന്നുണ്ട്. ഇവിടെ പഠിച്ചാൽ ജീവിതം സഫലമായി എന്ന ബോധം കഥാപാത്രങ്ങളിൽ സന്നിവേശിപ്പിച്ചതിലൂടെ വിശാലമായ ജ്ഞാന പദ്ധതിയുടെ ഇടമായി കാന്തളൂർ ശാലയെ മാറ്റുന്നുണ്ട് എഴുത്തുകാരൻ. ചോള രാജ്യവും ആയ് രാജ്യവും തമ്മിലുള്ള യുദ്ധത്തിനപ്പുറം സ്വന്തം പക്ഷക്കാർ എങ്ങനെ കാന്തളൂർ ശാലയുടെ പതനത്തിന് നേതൃത്വം നൽകി എന്ന അന്വേഷണവും നോവലൊരുക്കുന്നുണ്ട്. ബാഹ്യശക്തികളേക്കാൾ സാമ്രാജ്യങ്ങളുടെ പതനത്തിനു കാരണം ആഭ്യന്തര പ്രശ്നങ്ങളും അധികാരമോഹികളുമാണെന്ന ചരിത്രത്തിൻ്റെ തുടർച്ച കാന്തളൂർ ശാലയ്ക്കും ബാധകമാകുന്നു. സുന്ദരവർമ്മനും ആണ്ടിരവനുമെല്ലാം അധികാരമോഹത്തിന്റെ ഭ്രാന്തുകയറിയ മൃഗവാസനാ രൂപങ്ങളായി പരിണമിക്കുന്നത് കലമറുപ്പിൽ കാണാം; അതോടൊപ്പം സ്വന്തം നാടിനെയും ശാലയെയും സംരക്ഷിക്കാൻ ജീവൻ വെടിയും വരെ പൊരുതുന്ന പടയാളികളെയും നോവൽ അനാവരണം ചെയ്യുന്നു. ആരാണ് യഥാർത്ഥ ശത്രു? എന്ന ചോദ്യത്തിലേക്കും ചിന്തയിലേക്കും വായനാനന്തരവും അത് നയിക്കുന്നു.


Related Articles