വൈദ്യശാസ്ത്ര പുസ്തകത്തിന് പുറത്തുള്ള ചില മാനുഷിക പാഠങ്ങള്‍

Book Review

വൈദ്യശാസ്ത്ര പുസ്തകത്തിന് പുറത്തുള്ള ചില മാനുഷിക പാഠങ്ങള്‍


ജീവന്റെയും മൃതിയുടെയും വേരുകൾ ഒരു സ്പർശനത്തിൽ ആവാഹിച്ചെടുക്കാൻ കഴിഞ്ഞ മഹാഭിഷഗ്വരൻ ജീവൻ മശായി. ഭൂമിയുടെ ഭാരം കുറയ്ക്കാനായി പ്രജാപതി ഉരുവം കൊള്ളിച്ച പിംഗള കേശിനി. മൃതിയുടെ വേദനയും ജീവിച്ചിരിക്കുന്നവരുടെ ദുഃഖഭാരത്തിന്റെ ശാപവും തന്നിലേക്ക് നൽകരുതെന്ന് പ്രജാപതിയോട് പിംഗള കേശിനി കേണപേക്ഷിച്ചു. ലോകത്തിന്‍റെ വേദനകൾ കാണാതിരിക്കാനും കേൾക്കാതിരിക്കാനും അവളെ അന്ധയും ബധിരയുമാക്കിയ പ്രജാപതി മൃതിയുടെ കിരീടം അവളിൽ തന്നെ നിലനിർത്തി.

ഡോക്ടർ ഇ നാരായണൻകുട്ടി വാര്യരുടെ ഓർമ്മക്കുറിപ്പുകൾ 'ക്യാൻസർ കഥ പറയുമ്പോൾ' വായിക്കുമ്പോൾ ഇടതടവില്ലാതെ മനസ്സിലേക്ക് ഓടിയെത്തിയത് ആരോഗ്യ നികേതനവും ജീവൻ മശായിയും പിംഗള കേശിനിയും തന്നെയാണ്.

ജീവൻ നിലനിർത്തുക എന്നതാണ് ഭൂമിയിലെ ഏത് ജീവിയുടെയും ആദ്യ ചോദന. അതുകൊണ്ടാണ് വൈദ്യശാസ്ത്രത്തിന് ഇത്ര പ്രാമുഖ്യം ലഭിക്കുന്നത് എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഡോക്ടർ തന്റെ കർമ്മമണ്ഡലത്തെ ലളിതമായി വിവരിക്കുന്നത്. സി കെ രാമചന്ദ്രൻ തുടങ്ങിയ പ്രഗൽഭ ഡോക്ടർമാരുടെ കൂടെ പരിശീലനം നേടിയതിന്റെ അനുഭവങ്ങൾ ആദരവോടുകൂടി മാത്രമേ വായിക്കാൻ കഴിയുകയുള്ളൂ. ലാബ്, റേഡിയോളജി ടെസ്റ്റുകൾക്ക് പകരമായി ചികിത്സകന്റെ മനസ്സിനെ രോഗിയിലേക്ക് ചേർത്തു നിർത്തുക എന്ന രീതിയാണ് അവർ അനുവർത്തിച്ചിരുന്നത്. രോഗിയുമായുള്ള ദീർഘ സംഭാഷണം കഴിയുന്നതോടെ രോഗത്തെക്കുറിച്ചുള്ള സാമാന്യധാരണ രൂപപ്പെടും എന്നായിരുന്നു മുൻകാലങ്ങളിലെ പ്രഗൽഭ ഡോക്ടർമാരുടെ ചികിത്സാരീതി. അവരെ ജനകീയരാക്കിയതും ഈ തന്മയിഭാവം തന്നെയാണ്.


Related Articles