മനോജ് കുറൂറിൻ്റെ മണൽപാവ എന്ന നോവലിൽ സ്ഥലവും കാലവും ചരിത്രവും ഒരു ദീർഘവിശാലമായ ക്യാൻവാസാണ്. പോർച്ചുഗീസുകാർ കേരളത്തിൽ എത്തിയ കാലം മുതൽ ഇന്നത്തെ കാലം വരെ മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും (അതായത് കാലവും സ്ഥലവും ചരിത്രവും) നോവലിൽ പരന്നുകിടക്കുന്നു. പ്രധാനമായും കാഠ്മണ്ഡു, ഗോവ, കൊച്ചി എന്നീ സ്ഥലങ്ങളാണ് നോവലിൽ ഉള്ളത്. ഇതുകൂടാതെ ലോകത്തിലെ പല സ്ഥലങ്ങളും നോവലിൽ സാന്ദർഭികമായി കടന്നു വരുന്നുണ്ട്. നക്സലിസവും ലഹരിവ്യവസായവും സംഗീതവും നോവലിൽ കലരുന്നു. തിരക്കഥാ രചനയുടെ ഭാഗമായിട്ടാണ് നോവലിലെ അന്വേഷണവും സംഭവങ്ങളും ഓർമ്മകളും. ( മനോജ് മുമ്പെഴുതിയ തിരക്കഥ ( ? ) എന്ന കവിത ഞാനോർക്കുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കവിതയായിരുന്നു അത്.) അലക്സ് റിബൈയ്റോയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. പക്ഷേ അയാൾ പലരുടെയും ഓർമ്മകളിൽ മാത്രമേ കഥാപാത്രമാകുന്നുള്ളു. അയാൾ പള്ളിയിലെ ക്വയർ സംഘത്തിൽ പെട്ട ആളായിരുന്നു.പാട്ടുകൾ എഴുതിയിരുന്നു. അവിടെ അയാൾക്കൊരു പ്രണയം ഉണ്ടായിരുന്നു. അതെല്ലാം വിട്ടയാൾ വിപ്ലവത്തിലേക്ക് പോകുന്നു. ലഹരി വ്യവസായത്തിലേക്ക് പോകുന്നു. കാഠ്മണ്ഡുവിൽ വച്ചു കണ്ട ലൂസിയാനയെ വിവാഹം കഴിക്കുന്നു. എന്നാൽ ഭാര്യയെ നോക്കുന്നില്ല. ടെററിസത്തിൻ്റെ ഭാഗമായി പ്രവർത്തിക്കേണ്ടി വരുമ്പോൾ ആത്മഹത്യ ചെയ്യുന്നു.തിരക്കഥാകൃത്തായ ജോണിന്റെ അങ്കിളാണ് ശരിക്കും അലക്സ്. ഇത് ഒരു അന്വേഷണാത്മകമായ നോവലാണ് . സംഗീതവും ചരിത്രവും അറിയാവുന്ന ഒരാൾക്ക് മാത്രമേ ഈയൊരു നോവൽ എഴുതാൻ ആവുകയുള്ളൂ. മാറുന്ന ജീവിതത്തെ, സെക്ഷ്വാലിറ്റിയെ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. തിന്മ കലർന്ന ലോകത്തു കൂടി സഞ്ചരിക്കുന്ന നോവൽ നന്മയിൽ എത്തുന്നുണ്ട്. എന്നാൽ ഹെലേന എന്ന നടി പ്രിൻസ് എന്ന സുഹൃത്തിനെ കൊല്ലുകയും ജോണിന്റെ വീട്ടിൽ വരികയും ചെയ്യുന്നു. ജോണിന്റെ സുഹൃത്താണ് ഹെലേന. പ്രിൻസും ജോണിന്റെ സുഹൃത്താണ്.അവിടെ ഉണ്ടാകുന്ന ഒരു കൺഫ്യൂഷനിലാണ് നോവൽ അവസാനിക്കുന്നത്.
ഇക്കാലത്തെ നോവലുകൾ പലതും പോസ്റ്റ്മോഡേൺ ആണോ എന്ന് എനിക്ക് സന്ദേഹം ഉണ്ട്. പക്ഷേ അതിനെക്കുറിച്ച് കൂടുതൽ പഠിക്കാതെ ഒന്നും പറയാൻ സാധിക്കുകയില്ല. പോസ്റ്റുമോഡോൺ നോവൽ എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ ഓടിവരുന്നത് If on a winter's night a traveler എന്ന ഇറ്റാലോ കാൽവിനോയുടെ നോവലാണ്. മറ്റൊരു നോവൽ മിലാൻ കുന്ദരയുടെ The Unbearable Lightness of Being ആണ്. വേറെ ഒരെണ്ണം സെർവാൻ്റസിൻ്റെ Don Quixote ആണ്.
