ചരിത്രവും ഫിക്‌ഷനും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. സത്യത്തിൽ മനുഷ്യർ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കുകപോലും ഉണ്ടായിട്ടുണ്ട്. രണ്ടും കൃത്യമായ നിർവ്വചനത്തിലോ ഒതുക്കത്തിലോ നിൽക്കാത്തത് തന്നെയാണ് അതിന് പ്രധാന കാരണം.
ചരിത്രം ലഭ്യമായ തെളിവുകൾ വെച്ചുകൊണ്ട് അവയ്ക്കിടയിലെ വിടവുകൾ സമർത്ഥമായി പൂരിപ്പിക്കുന്ന പരിപാടികൂടിയാണ്. ഏറ്റവും യുക്തിഭദ്രമായ വിശദീകരണങ്ങളാണ് തങ്ങൾ നൽകുന്നതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. എന്നാൽ സൂക്ഷിച്ചുനോക്കുക. അതിൽ ഏറിനിൽക്കുന്ന ഭാവനയെ നമുക്ക് കാണാം. എന്നാൽ ഉപാദാനങ്ങളോട് നീതി പുലർത്തണമെന്ന ബാദ്ധ്യത ഉള്ളിലുള്ളതുകൊണ്ട് അവർക്ക് നിരന്തരം തിരുത്തിപ്പറയേണ്ടി വരാറുണ്ട്. കേരളചരിത്രമാകട്ടെ പലപ്പോഴും ഫിക്‌ഷന്റെ സഹായംകൊണ്ട് മാത്രം മുന്നോട്ടുപോകാൻ പറ്റുന്ന മേഖലയുമാണ്. പ്രത്യേകിച്ചും മദ്ധ്യകാലഘട്ടത്തെപ്പറ്റിയുള്ള അറിവുകൾ നമുക്ക് പരിമിതമാണ്. അടുത്തകാലംവരെ ഭാവന ഉപയോഗിച്ചായിരുന്നു ആ നദിയിലെ നമ്മുടെ നീന്തൽ. കാര്യമായ തെളിവുകൾ ലഭ്യമല്ലാത്തതുകൊണ്ട് സാഹിത്യകൃതികളിലെ പരാമർശങ്ങളായിരുന്നു ചരിത്രനിർമ്മിതിക്ക് ഉപയോഗിച്ചിരുന്നത്. നോക്കണേ! ഭാവനയെ ഉപയോഗിച്ച് ഭാവന ചെയ്യേണ്ടിവരുന്ന ഗതികേട്. പരമ്പരാഗതരീതിയിൽനിന്ന് മാറി ചരിത്രരചന നടത്തുന്ന ഒരാളെ കാണാൻപോയ കഥ ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. മൂപ്പർ എഴുതിയത് വായിച്ചതെല്ലാം ഫിക്‌ഷനാണെന്ന് തോന്നി സംശയനിവാരണത്തിനായിരുന്നു അവന്റെ പോക്ക്. എഴുതിയതിന് തെളിവ് ചോദിച്ചപ്പോൾ വൃദ്ധനായ ചരിത്രകാരൻ ചിരിച്ചുകൊണ്ട് താടിയുഴിഞ്ഞ് ഒരു മറുചോദ്യം ചോദിച്ചു:
“നീ ഇതുവരെ വായിച്ച ചരിത്രത്തിനൊക്കെ എന്തെങ്കിലും തെളിവുണ്ടോ? ആലോചിച്ചുനോക്ക്.”
സുഹൃത്ത് ആലോചിച്ചുനോക്കി. ശരിയാണ് ഒന്നിനും കാര്യമായ തെളിവുകളില്ല. ചില വ്യാഖ്യാനങ്ങളും ഭാവനകളും ആളുകൾ കൂടുതലായി സ്വീകരിച്ചെന്നുമാത്രം.
ശുദ്ധഫിക്‌ഷൻ എന്ന് കരുതുന്നതാകട്ടെ വേറൊരു തരത്തിലാണ്. ആലോചിച്ചാൽ അങ്ങനെയൊന്ന് ഉണ്ടോ എന്നുതന്നെ സംശയമാണ്. പൂർണ്ണമായും ഭാവനചെയ്ത് എന്തെങ്കിലും എഴുതാൻ എഴുത്തുകാർക്ക് സാദ്ധ്യമാണോ? സ്ഥലവും കാലവും വസ്തുതകളുമായി അത് അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു. കല്പിതകഥ പറയാൻ തുടങ്ങിയ കാലം മുതൽ മനുഷ്യർ നടന്ന സംഭവങ്ങളെ അതായത് ചരിത്രത്തെ അതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഉണ്ടായ കാര്യങ്ങൾ അതുപോലെ പറയുക എന്ന നടപ്പില്ലാത്ത ആശയംപോലും തങ്ങൾ ചെയ്യുന്നതായി വിശ്വാസ്യത ഉണ്ടാക്കാനായി എഴുത്തുകാർ പറയാറുണ്ട്. യഥാർത്ഥത്തിലാകട്ടെ, സംഭവിച്ച കാര്യങ്ങളെ തന്നിഷ്ടപ്രകാരം മാറ്റിമറിക്കുകയാണ് രചയിതാക്കൾ ചെയ്യുക. അതിനായി അവർ ചരിത്രവസ്തുതകളെ നിരത്തുകയും വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുകയാണെന്ന് ചരിത്രകാരന്മാരെപ്പോലെ നടിക്കുകയും ചെയ്യുന്നു. ചിലർ ചരിത്രപുരുഷന്മാരെയും സംഭവങ്ങളെയും തങ്ങളുണ്ടാക്കുന്ന കഥയുടെ ഉള്ളിൽ പ്രതിഷ്ഠിക്കുന്നു. നടക്കാത്ത കാര്യങ്ങളിൽ അവർ ഇടപെട്ടതായി പറയുന്നു. കഥ യഥാർത്ഥമാണെന്ന തോന്നലുണ്ടാക്കാൻ ഇത് ഉപകരിക്കും. ചില കൃതികൾ വ്യാജചരിത്രങ്ങൾ തന്നെ നിർമ്മിക്കുന്നവയാണ്. ബൊളാനോ "നാസി ലിറ്ററേച്ചർ' എന്ന പുസ്തകമെഴുതി ജീവിച്ചിരുന്നിട്ടില്ലാത്ത എഴുത്തുകാരുടെ ജീവിതകഥ നിർമ്മിച്ചതോർക്കുക. ചിലർ ചരിത്രപുരുഷന്മാരെ പ്രതിയുടെ സ്ഥാനത്തുനിന്നും ഇരയുടെ സ്ഥാനത്തേക്കും തിരിച്ചും പ്രതിഷ്ഠിക്കാറുണ്ട്. ഇതെല്ലാം കാണിക്കുന്നത് ഫിക്‌ഷൻ ഒരു സ്വതന്ത്ര ലോകമാണെന്നാണ്. അവിടെ എന്തും സാദ്ധ്യമാണ്. ചരിത്രനിർമ്മിതിയിലെ ഭാവനയുടെ ഇടങ്ങൾ പുതിയ വസ്തുതകൾ പുറത്തുവരുമ്പോൾ തിരുത്തപ്പെടാം. കഥയുടെ ലോകത്ത് അതിന്റെ ആവശ്യമില്ല. അതായത് എഴുത്തിന്റെ പൂർണ്ണസ്വരാജുള്ള സ്ഥലത്ത് ഉപകാരപ്പെടുന്ന കാര്യങ്ങൾ മാത്രമാണ് യഥാർത്ഥ വസ്തുതകൾ. അതുകൊണ്ട് സാഹിത്യരൂപങ്ങൾ ചരിത്രവസ്തുതകളോട് നീതി പുലർത്തുന്നില്ലെന്ന പലപ്പോഴുമുണ്ടാകുന്ന പരാതികൾ അജ്ഞതയുടെ തെളിവ് മാത്രമാണ്.
