വി കെ എ നും എം പി നാരായണപ്പിള്ളയും പ്രതിഭകൊണ്ടും തുടർന്ന് ഒളിനോട്ടക്കാരനായ രാഷ്ട്രീയജാഗ്രത പ്രതിഭക്കുറവിനാലും ഭാവി ദുഷ്ക്കരമാക്കിയ ഒരു മാദ്ധ്യമത്തിന് പുതുമൊഴിയും പ്രതീക്ഷയും നൽകിയിരിക്കുന്നു വി എസ് അജിത്തിൻ്റ'കുസുമാന്തര ലോലൻ ' എന്ന നോവൽ. അനായാസനർമ്മം, കാഞ്ഞബുദ്ധി , പീലിവിടർത്താടുന്ന സൗന്ദര്യം. പുതിയ പയ്യൻ ലോലനിൽ നഖശിഖാന്തം വിലസുന്നു. കവിതയിലെ വാക്യങ്ങൾ പോലെ ഘടനയുടെ അനിവാര്യ ഭാഗമായിരിക്കെത്തന്നെ പുറത്തിറങ്ങി ഇതര സന്ദർഭങ്ങൾക്കൊപ്പം ജീവിക്കാനുള്ള സ്വാതന്ത്ര്യവ്യമനുഭവിക്കുന്ന അധ്യായങ്ങൾ.
ജീവിതത്തിൽ ഒറ്റക്കൃതി മാത്രം വായിച്ച (വായിക്കുന്ന) ഏകപത്നീ / പതീ വ്രതക്കാരെക്കുറിച്ചുള്ള ഗവേഷണത്തിലേർപ്പെട്ടിരിക്കയാണ് ഗൈഡായ കുസുമാന്തരലോലനും ഗവേഷകയായ അനുജയും. പല പൂക്കളിൽ നിന്ന് തേൻ നുകരുന്ന ബഹുസ്വരജീവിയായ കുസുമാന്തരലോലനും( ആശാൻ്റെ പൂവിനെ വീഴ്ത്തിയ ശേഷം അവിടെ നിന്നും പറന്നിറങ്ങിയതാണയാൾ) ഏകഭർതൃത്ത്വത്തിൽ നിന്ന് ചാടിപ്പോന്ന അനുജയും 'വിഷയ'ത്തിൻ്റെ സകല സാദ്ധ്യകളും ആരായുന്നു. വായനയിൽ, എഴുത്തിൽ, രാഷ്ടീയത്തിൽ, സന്മാർഗ്ഗത്തിൽ, തൊഴിലിൽ എല്ലായിടത്തുമുണ്ടീ വിചിത്രമനുഷ്യർ. മുരുകൻ കാട്ടാ'ക്കട'യിൽ മാത്രം പറ്റുള്ളവർ, നാറാണത്തു പ്രാന്തൻ്റെ മന്തുള്ളവർ, ഖസാക്കു മാത്രം, ചുള്ളിക്കാട് മാത്രം, രാമായണം മാത്രം ദേശാഭിമാനി മാത്രം, ഖുറാൻ മാത്രം, ബൈബിൾ മാത്രം അങ്ങനെ നീളുന്ന പലരുടെ ജീവിത കഥകൾ. ഇങ്ങനെയും വായിക്കാം മലയാളീ സന്മാർഗ്ഗത്തെ എന്നല്ല ഇങ്ങനെയാണ് വായിക്കേണ്ടത് എന്ന് പറയുന്നു പല തട്ടുകളുള്ള ഈ കൃതി.
വി.കെ എൻ നേരിട്ടു കൊണ്ടിരിക്കുന്നത് നേരിടാതിരിക്കാൻ ഈ ആലിബാബ സകലവാതിൽക്കലും വിപരീത ചിഹ്നമിട്ടിട്ടുണ്ട്. ചിലവാതിലുകൾ വിട്ടതിനാലാണ് വി.കെ എൻ രാഷ്ട്രീയശരിയാൽ വിചാരണ ചെയ്യപ്പെടുന്നത്. പരിഹാസത്തെ ഏകാഗ്രമായ ആണത്തത്തിൽ നിന്ന് രക്ഷിക്കാൻ ലോലനൊപ്പം അനുജയ്ക്കും പ്രത്യേകം വാഹനങ്ങൾ നൽകി ആക്രമണത്തെ ദ്വിമുഖമാക്കി അജിത്. രാഷ്ട്രീയ ശരി (political correctness) നർമ്മത്തിൻ്റെ രാജവീഥികളിലോരോന്നോരോന്നിലായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പാതയടച്ചിരിക്കുന്നതായുള്ള മുന്നറിയിപ്പുകൾ എടുത്തു മാറ്റി യാത്ര സുഗമമാക്കുന്നുണ്ട്. പല വരിപ്പാതകളുടെ ഈ കാമുകൻ.
