സൂറത്തിലേക്കുള്ള യാത്രയിൽ വായിക്കാൻ ഒപ്പമെടുത്തത് പ്രശസ്ത നാടക-സിനിമ ഗവേഷകയും രചയിതാവും നടിയും ഒപ്പം അഡ്മിനിസ്ട്രേറ്ററുമായ സജിത മഠത്തിലിന്റ ആത്മകഥയുടെ ഒരംശമായ 'വെള്ളിവെളിച്ചങ്ങളും വെയിൽനാളങ്ങളും' എന്ന പുസ്തകമായിരുന്നു. തിരികെ ഡൽഹിയിലേക്കുള്ള രണ്ടു മണിക്കൂർ യാത്രയിൽ അന്തരീക്ഷത്തിലിരുന്ന് അത് വായിച്ചു തീർത്തു. ഈ പുസ്തകം ആരാണ് വായിക്കേണ്ടത് എന്ന ചോദ്യമാണ് ഓരോ താളും മറിയ്ക്കവേ ഞാൻ എന്നോട് ചോദിച്ചത്. ഒടുവിൽ നിലം തൊട്ടപ്പോൾ ഒരു തീർപ്പിലെത്തി. ഇത് വായിക്കേണ്ടത് പുരുഷന്മാർ തന്നെയാണ്. സ്ത്രീകൾക്കും വായിക്കാം, എന്തിനെന്നല്ലേ, അവർക്ക് അവരെ കാണാനുള്ള ഒരു ദർപ്പണം കൂടിയാണ് ഈ പുസ്തകം.
പുരുഷവായനക്കാരിലേയ്ക്ക്. 'വെള്ളിവെളിച്ചങ്ങളും വെയിൽനാളങ്ങളും' വായിച്ചു മുന്നേറുമ്പോൾ നിങ്ങൾ ആരെയാണ് ഓർക്കേണ്ടത്? അതെ, അമ്മമാരെ, സഹോദരിമാരെ, പെണ്മക്കളെ, വീടകത്തിനു വെളിയിൽ കാണുന്ന ഓരോ സ്ത്രീയെയും. ഇവരെയൊക്കെ ഓർത്തോർത്ത് വായിക്കേണ്ടതാണിത്; കാരണം, സജിത തന്റെ ജീവിതം തുറന്ന് പുറത്തിടുന്നത്, നമ്മുടെ തന്നെ സ്ത്രീകൾ, പ്രത്യേകിച്ചും കേരളത്തിൽ അറുപത്-എഴുപത്-എൺപത് കാലഘട്ടത്തിൽ വളർന്നവർ, എന്താണ് ജീവിതത്തെക്കുറിച്ച്, വീടിനു വെളിയിലുള്ള ഇടങ്ങളെക്കുറിച്ച്, ഇതര സ്ത്രീ പുരുഷന്മാരെക്കുറിച്ച്, എന്തിനേറെ, സ്വന്തം ശരീരങ്ങളെക്കുറിച്ച് എന്താണ് ചിന്തിച്ചിരുന്നത് എന്നതൊക്കെയാണ്. വിങ്ങലുകളും രഹസ്യങ്ങളും വിരഹങ്ങളും വിഷാദങ്ങളും പാട്ടുകളും നൃത്തങ്ങളുമൊക്കെ കടിച്ചമർത്തി, ആങ്ങളമാരുടെ ഷർട്ടും ബനിയനും കഴുകിത്തേച്ചും, വെച്ച് വിളമ്പിയും പഠിച്ചും പേടിച്ചും ഒക്കെ ജീവിച്ച ആ പെണ്ണുങ്ങൾ... പിന്നെ അവർ ഇതൊക്കെത്തന്നെ കെട്ടിച്ചുവിടുന്നേടത്തും ചെയ്യാൻ വിധിക്കപ്പെടുന്നു.
സജിത എഴുതുമ്പോൾ, ഞാൻ എന്റെ സഹോദരിയെ ഓർക്കുന്നു. ചെറുപ്പത്തിലേ വിധവയായ അമ്മയെ ഓർക്കുന്നു. സജിത അവരെക്കൂടി എഴുതുന്നുണ്ട്. പിന്നെ ഞാനോർത്തത് ഈ അടുത്തകാലത്ത് നടന്ന യുവതികളായ മംഗല്യവതികളുടെ ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പരമ്പരകളാണ്. സജിതയുടെ എഴുത്തിൽ അവയുടെ മൂലകാരണങ്ങൾ കാണാം. സജിത സ്വന്തം നാടിനെയും വീടിനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറിച്ചെഴുതുമ്പോൾ, അവർ നമ്മുടെ കേരളത്തിന്റെ സ്വകാര്യ-പൊതുമണ്ഡലങ്ങളെത്തന്നെയാണ് എഴുതുന്നത്.
