സ്ത്രീ അനുഭവങ്ങളുടെ കരുത്തിൽ നേടിയ തന്റേടം; നായികമാര്‍ കഥപറയുമ്പോള്‍...

Book Review

സ്ത്രീ അനുഭവങ്ങളുടെ കരുത്തിൽ നേടിയ തന്റേടം; നായികമാര്‍ കഥപറയുമ്പോള്‍...


ഭാഷകൊണ്ടും ആഖ്യാനം കൊണ്ടുമുള്ള പുതുമ കണ്ടെത്തലാണ് ഏതൊരു സാഹിത്യത്തേയും സമകാലികമാക്കുന്നത്. പ്രമേയവും ഭാഷയുടെ പുതിയ വഴക്കങ്ങളും പ്രകടമാക്കുന്ന ചെറുകഥകളാണ് സാഹിത്യരൂപങ്ങളിൽ സമകാലികതയുടെ പ്രത്യക്ഷമുഖം. വ്യക്തിജീവിതത്തിന്റെ വൈകാരികതലം മുതൽ ദേശത്തിന്റെ സംസ്കാരചരിത്രം വരെ ചർച്ച ചെയ്യുന്ന പന്ത്രണ്ട് കഥകളുമായി സന്ധ്യാമേരി ആധുനികാനന്തരചെറുകഥയിൽ നവീനഭാവുകത്വം നിർമ്മിച്ചിരിക്കുന്നു.

'മരിയ വെറും മരിയ' എന്ന നോവലിലൂടെ നിരവധി വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ സന്ധ്യാമേരിയുടെ പുതിയ ചെറുകഥാസമാഹാരമാണ് 'കഥകൾ'. മലയാളഭാവനയുടെ യക്ഷിസങ്കല്പം മുതൽ ന്യൂ ജനറേഷൻ സീരീസ് വരെ പ്രമേയത്തിലും ഭാഷയിലും ആവിഷ്കരിക്കുന്ന ഈ കഥകൾ വായനയുടെ പുതിയ മാനങ്ങൾ തുറന്നിടുന്നു. "ഒരൊറ്റ ദിവസം കിട്ടിയായിരുന്നെങ്കി ഇതിനേക്കാളും എത്ര നന്നായിട്ട് ഞാനീ ലോകം ഉണ്ടാക്കിയേനേ. മനുഷ്യന്റെ ഒരുവിധത്തിലുള്ള തെണ്ടിത്തരോം സമ്മതിക്കാത്ത ഒരു ഗംഭീരൻ ലോകം." 'ആനിയമ്മയുടെ വീട്' എന്ന കഥയിലെ അലാന പറയുന്ന ഈ വാചകം തന്നെയാണ് എഴുത്തുകാരിയുടെ ദർശനം. മനുഷ്യരും മൃഗങ്ങളും പാരസ്പര്യത്തിൽ ജീവിച്ചുപോരുന്ന ഒരു ലോകക്രമം പല കഥകളുടെ അടിയടരിലും കാണാം. പപ്പുടു എന്ന നായയും ഉത്തരത്തിലെ പല്ലിയും കഥാപാത്രങ്ങളായി വരുന്ന കഥകളും ഇതിലുണ്ട്. പുതിയ ആശയലോകവും രചനാരീതിയും ഒത്തിണങ്ങിയ ഈ കഥാസമാഹാരത്തിൽ നിഗൂഢമായ ഒരു ചിരിചേർത്താണ് എഴുത്തുകാരി വായനക്കാരെ അഭിസംബോധന ചെയ്യുന്നത്. സ്ത്രീ അനുഭവങ്ങളുടെ കരുത്തിൽനിന്നാർജിച്ച കൂസലില്ലായ്മയും തന്റേടവും കർതൃത്വശേഷിയുമുള്ള നായികമാരാൽ കഥപറയുന്ന പല കഥകളും പുതുകാല രാഷ്ട്രീയ ജാഗ്രതയുടെ കൊടിയടയാളമായിത്തീരുന്നു. 1980 കളോടെ മലയാളസാഹിത്യത്തിൽ സംഭവിച്ച മാർക്സിസ്റ്റ് സ്വാധീനം, 'ഒരൽപ്പം പഴങ്ങനാടൻ ചരിത്രം' എന്ന കഥയിലും കാണാം. 1992 ലെ സോവിയറ്റ് യൂണിയൻ തകർച്ചയും ആ തകർച്ച കേരളമെന്ന ദേശത്തിനു സമ്മാനിച്ച രാഷ്രീയവിഷാദവും വൈകാരികതയും സാമൂഹികതയും ചേർത്ത് കൈയടക്കത്തോടെ അവതരിപ്പിക്കുന്നുണ്ട് സന്ധ്യാമേരി. ഫോക് ലോറും ന്യൂജൻ വൈബും ഭാഷയിൽ സജീവമായി നിലനിൽക്കുന്നതിന്റെ തെളിവായി ഈ കഥകൾ അടയാളപ്പെടുന്നു.

പാരഡിയുടെയും പാഠാന്തരബന്ധത്തിന്റേയും സാധ്യതകൾ കണ്ടെത്തിയ കഥയാണ് 'കുഞ്ഞുമരിയയും റെഡ് റൈഡിംഗ് ഹുഡ്ഡും.’ കുഞ്ഞുങ്ങളിലൂടെ കൂടുതൽ നന്മയുള്ള ലോകത്തിനായി ആഹ്വാനം ചെയ്യുന്ന കഥയാണിത്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും നന്മയെക്കുറിച്ചുള്ള പ്രതീക്ഷകളും പഴങ്കഥകളെ പോലും പൊളിച്ചെഴുതാൻ പാകത്തിലെന്ന് നമ്മെ ഓർമിപ്പിക്കുന്നു. ഇങ്ങനെ കാലത്തിന്റെ മാറ്റങ്ങളെ സ്വാഭാവികപരിണതിയായി സ്വീകരിക്കുകയും അതിന്റെ വിള്ളലുകളെ അനുഭവപരതകൊണ്ട് പൂരിപ്പിക്കുകയും ചെയ്യുന്ന ഹൃദയസ്പർശിയായ പന്ത്രണ്ട് കഥകൾകൊണ്ട് സമ്പന്നമാണ് സന്ധ്യാമേരിയുടെ 'കഥകൾ' എന്ന ഈ സമാഹാരം.


Related Articles