"ശാസ്ത്രവും സാഹിത്യവും രണ്ട് വ്യത്യസ്ത കാര്യങ്ങളല്ല, മറിച്ച് ഒരേകാര്യത്തിന്റെ രണ്ട് വശങ്ങളാണ്" എന്ന് വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ രണ്ടു വേറിട്ട വിഷയങ്ങളുടെ പാരസ്പര്യത്തെ നിർവചിച്ചത് ബ്രിട്ടീഷ് ജീവശാസ്ത്ര-നരവംശശാസ്ത്രജ്ഞനായ തോമസ് ഹെൻറി ഹക്സ്ലിയാണ്. ശാസ്ത്രീയത മമതാരഹിതവും സാഹിതീയത വികാരപൂർണ്ണവുമായ വ്യത്യസ്ത പ്രക്രിയകളാണെങ്കിലും ഇവ തമ്മിലുള്ള കൊള്ളക്കൊടുക്കലുകൾക്ക് ലോകസാഹിത്യത്തിൽ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. ശാസ്ത്രസാഹിത്യം എന്ന ഒരു വകഭേദം തന്നെ നിലവിലുണ്ട്. രണ്ടു വിഷയങ്ങളിലും ഒരു പോലെ നിഷ്ണാതരായ ഒട്ടനവധി എഴുത്തുകാരെ നമുക്ക് കാണാനും സാധിക്കും. എച്ച്. ജി വെൽസ് തൊട്ടു കാൾ സാഗൻ വരെ എത്രയെത്ര പ്രതിഭാധനന്മാർ!. മലയാളത്തിലാകട്ടെ, സി രാധാകൃഷ്ണൻ, എം പി പരമേശ്വരൻ എന്നിങ്ങനെ പലർ. ഈ ശ്രേണിയിൽ സാഹിത്യത്തിലും ശാസ്ത്രത്തിലും കഴിവ് തെളിയിച്ച എഴുത്തുകാരനാണ് ഉണ്ണികൃഷ്ണൻ കളീക്കൽ.
WTPLive ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ ചുമതലക്കാരനായിരുന്ന കാലത്ത് ഒരു ശാസ്ത്രപംക്തി തുടങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനക്കിടയിലാണ് ഉണ്ണികൃഷ്ണൻ കളീക്കലിന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകൾ ശ്രദ്ധിക്കുന്നത്. ശാസ്ത്രാധ്യാപകൻ കൂടിയായ അദ്ദേഹത്തിന്റെ സാഹിത്യാഭിമുഖ്യവും എഴുത്തും നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ഒരു പംക്തി ആരംഭിക്കാനുള്ള താല്പര്യം അറിയിച്ചപ്പോൾ യാതൊരു മടിയും കാണിക്കാതെ അദ്ദേഹം എഴുതിയ ഇരുപതിലധികം ലേഖനങ്ങളാണ് 'സൗരയൂഥം എന്ന സംവിധാനം' എന്ന പേരിൽ പുസ്തകരൂപത്തിൽ ഇപ്പോഴെന്റെ മുന്നിലുള്ളത്.
കഥാപാത്രചിത്രീകരണങ്ങളിൽ മനോവിശ്ലേഷണത്തിന്റെ പലതരം പ്രയോഗങ്ങളിൽ ഊന്നിക്കൊണ്ടു ഉണ്ണികൃഷ്ണൻ നിർവഹിക്കുന്ന കഥ/നോവൽ ആഖ്യാനങ്ങൾ ഇതിനകം വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. ജീവിതസങ്കീർണ്ണതകളെ ലളിതമായി സംക്ഷിപ്തപ്പെടുത്താനുള്ള ഈ എഴുത്തുകാരന്റെ കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്. സമാനമായി, ഒരു ബഹിരാകാശ ഗവേഷകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശാസ്ത്രജിജ്ഞാസകൾ ഏതുതരം അനുവാചകർക്കും എളുപ്പത്തിൽ മനസ്സിലാക്കാനാവും വിധം ലളിതമായി എഴുതിയ ശാസ്ത്രകൃതിയാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'സൗരയൂഥം എന്ന സംവിധാനം'.
