സ്ത്രീക്കുള്ളിലെ വൈവിധ്യങ്ങൾ കാലിഡോസ്കോപ്പിലെന്ന പോലെ കാട്ടിത്തരുന്ന കാന്തല്‍!

Book Review

സ്ത്രീക്കുള്ളിലെ വൈവിധ്യങ്ങൾ കാലിഡോസ്കോപ്പിലെന്ന പോലെ കാട്ടിത്തരുന്ന കാന്തല്‍!


കാന്തൽ വായിച്ചു തീർന്നു. ഇതൊരു ഗംഭീര കൃതിയാണ്. അതിസങ്കീർണ്ണമായ മനുഷ്യകഥയെ കുറിച്ച് ഈ വിധം അനുഗാനം ചെയ്യാന്‍ കഴിവുള്ളയാൾ സുകൃതി തന്നെ എന്നാണ് കുമാരനാശനെ അനുകരിച്ച് എനിക്കും പറയുവാൻ തോന്നുന്നത്. കാന്തലിലൂടെ മുങ്ങിപ്പൊങ്ങിവന്നപ്പോൾ ഇത് അധികമാരും സന്ദർശിക്കാൻ ധൈര്യപ്പെടാത്ത പലർക്കും കേട്ടുകേൾവി പോലുമില്ലാത്ത നിബിഡവനാന്തർഭാഗത്തിലൂടെയുള്ള ഒരു സാഹസികയാത്രയാണ് എന്നെനിക്ക് തോന്നി. സ്ത്രീകൾക്കുള്ളിൽ ഇത്രയേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു കാന്താരമുണ്ടെന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. പുരുഷന്മാരിൽ ഭൂരിഭാഗവും ഈ ഉൾവനങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയാത്തവരായിരിക്കുമെന്നത് എനിക്കുറപ്പാണ്, ആ പുരുഷജന്മങ്ങളിൽ ഞാന്‍ പെടില്ല എന്നത് എന്റെ അഭിമാനവും. സി എസ് ചന്ദ്രികയുടെ ഭാഷയുടെ ഇന്ദ്രജാലം എനിക്കറിയാവുന്നതായിട്ടു കൂടി ഇതിൽ പലയിടത്തും ഞാന്‍ കണ്ണുതള്ളി ഇരുന്നുപോയിട്ടുണ്ട്, ഷോക്കേറ്റ പോലെ വായന പൊടുന്നനെ നിർത്തി വെച്ചിട്ടുണ്ട്, വെള്ളം നിറച്ച ബലൂണിൽ അപ്രതീക്ഷിതമായി മുള്ളുകൊണ്ടാലെന്ന വണ്ണം ഞാന്‍ പുറത്തേക്കൊഴുകിയിട്ടുണ്ട്. എനിക്ക് ഈ എഴുത്തിനെക്കുറിച്ചും എഴുത്തുകാരിയെ കുറിച്ചുമുള്ള അത്ഭുതങ്ങൾ തീരുന്നില്ല.

ഒരേ സമയം തന്നെ ശക്തിസ്വരൂപിണിയും അതീവ ദുർബലയും ആയിരിക്കുകയും, അതിവിശാലമായ പ്രണയാകാശപ്പരപ്പിലേക്ക് പറന്നുയരാൻ കെൽപ്പുള്ളപ്പോൾ തന്നെ ചിറകുവിടർത്താൻ പോലും ഇടം നൽകാത്ത, വളരെ ഇടുങ്ങിയ ഒരു കൈവെള്ളയിൽ കിടന്ന് വീർപ്പുമുട്ടി പിടയുകയും ചെയ്യുന്ന മിത്രയുടെ മനസ്സിന്റെ ആന്തലുകളും മുറിവുകളുമാണ് കാന്തലിലുടനീളം ഞാന്‍ കാണുന്നത്. അടച്ചുറപ്പില്ലാത്ത ലൈൻ മുറിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവനെ മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കുവാൻ കഴിയാതെ വരുമ്പോൾ കൈയിലുണ്ടായിരുന്ന മഷിക്കുപ്പി കരിങ്കല്ലിൽ എറിഞ്ഞുടച്ചുകളഞ്ഞ് തന്റെ അമർഷവും നിസ്സഹായതയും തീർക്കുന്നുണ്ട് മിത്ര. സൈബർ ഇടത്തെ പൂട്ടുപൊളിച്ച് നിരന്തരം തന്റെ സ്വകാര്യതയിൽ അതിക്രമത്തിനു മുതിർന്നവനോടുള്ള ഈർഷ്യയിൽ തന്റെ ശബ്ദം തന്നെ എറിഞ്ഞുടച്ചു കളയുന്ന മിത്രയെയാണ് പിന്നീട് നാം കാണുക.

നോവലിന്റെ ഘടന അതിഗംഭീരം. അതിനെക്കുറിച്ച് വായനക്കാർ എന്തു പറയുന്നു എന്നറിയാൻ ആഗ്രഹമുണ്ട്. വളരെ ഉയർന്നുപറന്നിരുന്ന വിമാനം അല്പം പോലും കുലുക്കമില്ലാതെ ലാൻഡു ചെയ്യിക്കുന്ന പോലുള്ള പരിസമാപ്തി അവർ കാണുന്നുണ്ടായിരിക്കും എന്നു ഞാന്‍ കരുതുന്നു. അപ്രതീക്ഷിതമായ കാഴ്ചകളിൽ, ഉയരങ്ങളിൽ, ഋതുഭേദങ്ങളിൽ യാത്രകഴിഞ്ഞെത്തി അതീവതൃപ്തരായ യാത്രക്കാർ വിമാനമിറങ്ങിപ്പോകുന്നതിനെ പറ്റി സാഹിത്യലോകം എന്തു പറയുന്നു എന്നറിയണമെന്നുമുണ്ട്.


Related Articles