മഷിയും കുപ്പിയും ഓര്‍മ്മകളിലേക്കുള്ള നടത്തങ്ങളും

Book Review

മഷിയും കുപ്പിയും ഓര്‍മ്മകളിലേക്കുള്ള നടത്തങ്ങളും


കെ ഷെരീഫിന്റെ 'ഉടഞ്ഞ കുപ്പിയില്‍ നിന്നും അലഞ്ഞ മഷി' ഓര്‍മ്മയുടെ പാതാളങ്ങളില്‍ പതിഞ്ഞുപോയ കണ്ണാടിക്കാഴ്ച്ചകളാണ്. അതു കൊണ്ടു തന്നെ ഈ പുസ്തകം ഓര്‍മ്മയുടെ ഉപരിതലങ്ങളിലല്ല, അധോ തലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കണ്ണാടിയില്‍ തല തിരിഞ്ഞ് പതിച്ച ഒരു ദൃശ്യം ഷെരീഫ് നിവര്‍ത്തി നിര്‍ത്തുന്നു. നിവര്‍ത്തി നിര്‍ത്തുമ്പോള്‍ അറിയാതെ ചില ഊര് ഭംഗങ്ങളും മനോഭംഗങ്ങളും സംഭവിക്കാം. അതിനിടയില്‍ നിന്ന് ഷരീഫ് അത്യധികം മൗലികമായ സ്വന്തം ചിത്രങ്ങളിലെന്നപോലെ അത്രയോ അതില്‍ കൂടുതലോ മൗലികതയുള്ള ഗദ്യം സൃഷ്ടിക്കുന്നു. ഈ പുസ്തകത്തില്‍ ആ ഗദ്യം വായനക്കാരനെ ഒരേ പോലെ ദു:ഖത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുന്നു. ഉദാഹരണത്തിന് ആശുപത്രിക്കിടക്കയിലുള്ള വൈക്കം മുഹമ്മദ് ബഷീറിനെ കാണുന്ന അനുഭവം വായിച്ചു കഴിയുമ്പോള്‍ നമ്മുടെ ഏറ്റവും വലിയ എഴുത്തുകാരന്‍ അനുഭവിച്ച രോഗപീഡയുടെ ചിത്രം നമ്മെ അത്യന്തം ദു:ഖിപ്പിക്കും. എങ്കിലും ഷെരീഫ് ബഷീറിനെ അങ്ങിനെ കണ്ടതു കൊണ്ടു മാത്രമാണല്ലോ ഇങ്ങിനെയൊരു എഴുത്ത് സാധ്യമായത് എന്ന തോന്നല്‍ അതിശക്തമായി വായനക്കാരില്‍ ഉടലെടുക്കുകയും ചെയ്യും. 'ഉടഞ്ഞ കുപ്പിയില്‍ നിന്നും അലഞ്ഞ മഷി' എന്ന പുസ്തക ശീര്‍ഷകത്തില്‍ തന്നെ ഷെരീഫിന്റെ 'ആര്‍ട്ട് പ്രാക്ടീസി'ന്റെ വഴി വ്യക്തമാണ്. ചിത്രത്തിലും ഗദ്യത്തിലും നോവലിലും ഷെരീഫ് ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം അലഞ്ഞ, ഇന്നും അലഞ്ഞു കൊണ്ടിരിക്കുന്ന മഷിയാണ്. അതു കൊണ്ടു തന്നെ ഇതൊരു ഓര്‍മ്മ പുസ്തകമല്ല, ആര്‍ട് പ്രാക്ടീസിന്റെ തെളിവ് രേഖയാണ്. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രാധാന്യങ്ങളിലൊന്ന് അതും കൂടിയാണ്. ഇങ്ങനെ ഉറപ്പിച്ചു പറയാന്‍ പുസ്തകത്തിലെ ഒരധ്യായത്തിന്റെ ശീര്‍ഷകം ആരേയും സഹായിക്കും- 'പുലര്‍ന്നു പോയ കുറുക്കന്‍'. സത്യത്തില്‍ ഈ തലക്കെട്ടില്‍ നിന്നും ഷെരീഫിന്റെ കലയിലേക്കും എഴുത്തിലേക്കും നിരവധി വഴികള്‍ തുറക്കപ്പെടുന്നുണ്ട്.

'വിഷനീലയില്‍ ആ കൊച്ചുബാവ രാത്രി' എന്ന അധ്യായം ഷെരീഫിന്റെ കലാജീവിതത്തിന്റെ സത്തയേയും നിരവധി ഉറവകളേയും എടുത്തുകാട്ടുന്നു. ചിത്രകാരനായ പ്രവീണ്‍കുമാര്‍ എന്ന ആത്മസുഹൃത്തിനെക്കുറിച്ച്, ഇരുവരും നടത്തിയ യാത്രകളെക്കുറിച്ച്, (അതില്‍ പലതും സാഹസികം കൂടിയായിരുന്നു) അതിലൂടെ തന്റെ കല തന്നെ രൂപപ്പെട്ടുവന്നതിനെക്കുറിച്ച് ഷെരീഫ് എഴുതുന്നു. ഇരുവരും തുടര്‍ന്ന ദീര്‍ഘമായ സംഭാഷണങ്ങളെ ഗ്രന്ഥകാരന്‍ ഇങ്ങിനെ സംക്ഷിപ്തമാക്കുന്നു: ഋതുഭേദങ്ങളുടെ കലണ്ടര്‍ താളുകള്‍ ഞങ്ങള്‍ക്കു മുമ്പാകെ പാറി മറിഞ്ഞു കൊണ്ടിരുന്നു. അല്ലറ ചില്ലറ ജോലികളും എഴുത്തും വായനയും കുത്തിവരയുമായി ഞങ്ങളുടെ ദിവസങ്ങള്‍ ഉദിക്കുകയും അസ്തമിക്കുയും ചെയ്തു. നിലാവിലും മഴയിലും വെയിലിലും ഞങ്ങള്‍ നടന്നു. പുഴയോടൊപ്പം നടന്നും ചെറുകുന്നുകളിലും പുല്‍പ്പരപ്പികളിലും ഇരുന്നും സംഭാഷണം തുടര്‍ന്നു: ഒരു ഇംപ്രഷിനിസ്റ്റായി കലാ ജീവിതമാരംഭിച്ച ഓരാള്‍ക്കേ ഇങ്ങിനെ എഴുതാന്‍ കഴിയൂ. അല്ലെങ്കില്‍ സ്വന്തം കലയിലെ ഇംപ്രഷനിസ്റ്റ് കാലത്തെത്തന്നെയാണ് ഷെരീഫ് ഈവാക്കുകളില്‍ എഴുതുകയും വരച്ചിടുകയും ചെയ്യുന്നത്.


Related Articles