അയാൾ സ്വയം നിസ്സാരനാവുന്നു, നമ്മെ ജാ​ഗ്രത്താക്കാൻ

Book Review

അയാൾ സ്വയം നിസ്സാരനാവുന്നു, നമ്മെ ജാ​ഗ്രത്താക്കാൻ


വ്യക്തിതലത്തിലും സാമൂഹ്യമായിട്ടുള്ളതുമായ ഉത്കണ്ഠകളാണ് സ്വാഭാവികമായിട്ടും എല്ലാ എഴുത്തുകാര്‍ക്കും രചനയ്ക്കുള്ള പ്രേരണയാകുന്നത്. അക്കൂട്ടത്തില്‍ താന്‍ കൈകാര്യം ചെയ്യുന്ന ഭാഷയെക്കുറിച്ചും ആഖ്യാനസമ്പ്രദായത്തെപ്പറ്റിയുമുള്ള ആശങ്കകളും പെടും. ഇതൊക്കെ ഏറിയും കുറഞ്ഞും എല്ലാ എഴുത്തുകാരിലുമുണ്ടാകും. ഈ സമാഹാരത്തിലെ സുദീപിന്റെ മിക്കവാറും കഥകള്‍ വാരികകളില്‍ അച്ചടിച്ചുവരുന്ന സമയത്തുതന്നെ വായിച്ചിട്ടുണ്ട്. അപ്പോഴൊക്കെ സാമൂഹ്യമായ ആകുലതകള്‍ ഏറിനില്‍ക്കുന്ന കഥകള്‍ എന്നാണ് പൊതുവേ തോന്നിയിട്ടുള്ളത്. എന്നാല്‍ ഈ എഴുത്തിനായി അതൊക്കെ ഒരു വട്ടം കൂടി വായിച്ചപ്പോള്‍ ആ ധാരണയ്ക്ക് കാര്യമായി ഇളക്കം തട്ടിയിട്ടുണ്ട്. കാരണം ഒരു നല്ല എഴുത്തുകാരന്‍ പുറമേ പറയുന്നതിന്റെ അനുബന്ധങ്ങളോ ആഴമുള്ള വേറൊരു ജീവിതകാഴ്ചപ്പാടോ കഥകള്‍ക്കുള്ളില്‍ ചേര്‍ത്തുവയ്ക്കാറുണ്ട്. സൂക്ഷ്മമായ മനുഷ്യാവസ്ഥകളെക്കുറിച്ചും കലയുടെ രൂപപരമായ ഭദ്രതയെക്കുറിച്ചും കൂടി ആഴത്തില്‍ സുദീപിന്റെ കഥകള്‍ സംവേദനം ചെയ്യുന്നുണ്ട്. അതിന്റെ പുറന്തോട് മാത്രമാണ് ഉറക്കെപ്പറയുന്ന രാഷ്ട്രീയം. താന്‍ എഴുതുന്ന സമയത്തെ മികച്ച കഥാകൃത്തായി സുദീപ് മാറുന്നത് പലതും എഴുത്തിലൂടെ ധ്വനിപ്പിക്കുന്നതുകൊണ്ടുകൂടിയാണ്. നമ്മള്‍ കാണുന്നതിനപ്പുറമുള്ളതാണ് യഥാര്‍ത്ഥലോകം. യഥാര്‍ത്ഥ എഴുത്തും ഒരു ഡയമന്‍ഷനിലൊതുങ്ങാതെ പല മാനങ്ങളിലേക്ക് പടരുന്നു.

ഈ സമാഹാരത്തിലെ ഏറെ വ്യത്യസ്തമായ കഥ റാന്തലാണ്. സുദീപ് ഒരു തീവണ്ടി ഡ്രൈവറുടെ പക്ഷത്തുനിന്ന് കഥപറഞ്ഞുകൊണ്ട് എഴുത്തിന്റെ മര്‍മ്മത്തില്‍ തൊടുകയാണതില്‍. കുടുംബസ്നേഹിയായ ഒരു സാധാരണക്കാരനായ നെപ്പോളിയന്‍ തന്റെ ഇപ്പോള്‍ പ്രായേണ ശാന്തമായ ജീവിതവഴിയില്‍ ഒരു പതിനാറുകാരനുമായി ഇടയുന്നതാണ് ഒറ്റനോട്ടത്തില്‍ കഥ. എന്നാല്‍ അതിലൂടെ വേറൊരു കഷ്ടജീവിതത്തിലേക്ക് അയാള്‍ കടന്നുചെല്ലുന്നു. ആ കുട്ടി അയാള്‍തന്നെയാണെന്ന് സുദീപ് പറയാതെ പറയുന്നു. അവന്റെ ജീവിതവഴി നെപ്പോളിയന്റെ ഭൂതകാലം തന്നെയാണ്. എപ്പോഴെങ്കിലും മനുഷ്യര്‍ക്ക് എതിരാളി താന്‍തന്നെയല്ലേ എന്ന സംശയമോ തിരിച്ചറിവോ ഉണ്ടായേക്കാം. ആളുകളെ കള്ളികളില്‍ ഒതുക്കുന്നതിലല്ല കലയിരിക്കുന്നത്. എഴുത്ത് പലമയെയും ഒന്നാകലിനെയും ഒരേസമയം പുണരുന്നുണ്ട്. അങ്ങനെയൊരു മികച്ച നിലവാരത്തിലേക്ക് തന്റെ കഥയെ ഉയര്‍ത്താന്‍ റാന്തലിലൂടെ എഴുത്തുകാരന് കഴിയുന്നുണ്ട്.

ഒരു മൃഗം കഥയില്‍ ഇടപെടുന്നതോടുകൂടി എല്ലാം മാറിമറിയും. പിന്നെ കഥപറച്ചിലില്‍ എന്തുതരം അതിശയോക്തികളും ചടുലസംഭവങ്ങളും സാദ്ധ്യമാണ്. കാരണം മൃഗം വരുന്നതോടുകൂടി നമ്മള്‍ ഏറ്റവും പ്രിയപ്പെട്ടതായി ഉള്ളില്‍ അടിഞ്ഞു കിടക്കുന്ന കുട്ടിക്കഥകളുടെ ലോകത്തേക്ക് തിരിച്ചുപോകും. സുദീപിന്റെ ഏറ്റവും നല്ല കഥകളിലൊന്നാണ് ഒരു കാളയും അതിന്റെ വളര്‍ത്തുകാരനും കഥാപാത്രങ്ങളാകുന്ന 'ള' എന്ന കഥ. അതിന്റെ അവസാനഭാഗത്തെ രാഷ്ട്രീയ അലിഗറിയല്ല മറിച്ച് തുടക്കം മുതല്‍ പുലര്‍ത്തുന്ന അതിസുന്ദരമായ കഥപറച്ചില്‍ രീതിയാണ് എനിക്കിഷ്ടമായത്. ഏറ്റവും അനായാസമായാണ് ഇവിടെ കഥ നമ്മുടെയുള്ളില്‍ സംഭവിക്കുത്. അതിനായി ഭാഷയുടെ നാടോടിവഴക്കമാണ് കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്ന കൗശലം. ഫോക് താളത്തില്‍ ചുവടുവെച്ച് രമണീയമായ വാക്കുകളോടെ 'ക'യും 'ള'യും 'ചെ'യും 'ന'യുമൊക്കെ വായനക്കാരനെ വേറൊരു സ്ഥലത്തെത്തിക്കുന്നു. കഥയിലെ സ്ഥലം എഴുത്തുകാരന്‍ സൃഷ്ടിക്കുതാണ്. അതിന് യഥാര്‍ത്ഥസ്ഥലവുമായി ചെറിയ ബന്ധമേയുള്ളൂ. അങ്ങനെയൊരു അപരിചിതവും എന്നാല്‍ വളരെ പരിചിതവുമായ സ്ഥലത്തേക്ക് അനായാസം നമ്മളെ എത്തിക്കുതാണ് ഈ കഥ. എഴുത്തുകാരന്റെ കൈയൊതുക്കവും മിടുക്കും കാണിക്കുന്ന രചന.


Related Articles