ചുണ്ടുകൾ ശലഭങ്ങൾ കവിളുകൾ നക്ഷത്രങ്ങൾ

Book Review

ചുണ്ടുകൾ ശലഭങ്ങൾ കവിളുകൾ നക്ഷത്രങ്ങൾ


വികാരങ്ങളുടെ എറ്റവും ഉദാത്തവും അനിർവചനീയവുമായ പ്രകാശനമായി ഉമ്മകളെ കാണാവുന്നതാണ്. പകരംവെക്കാനില്ലാത്ത മധുരത്തോടും രുചിയോടുംകൂടി അത് രണ്ടുപേർ തമ്മിലുള്ള അടുപ്പത്തിന്റെ ആഴത്തെയും അലകളെയും പ്രതിഫലിപ്പിക്കുന്നു. ലിപികളോ വ്യാകരണമോ ആവശ്യമില്ലാത്ത ഉമ്മ ഒരു ലോകഭാഷയാണ്. അടുപ്പമാണ് അതിന്റെ അടിസ്ഥാനം. മാതൃത്വവും വാത്സല്യവും ഉൾപ്പെടെ ഏത് വികാരത്തെയും ഉൾക്കൊള്ളാനും പകരാനും അതിന് കഴിയുമെങ്കിലും പ്രണയവും രതിയുമായി ഇഴചേരുമ്പോഴാണ് അതതിന്റെ അനന്തമായ സാധ്യതകളുടെ സാഗരത്തിൽ എത്തുന്നതെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാവാം ലോകത്തെമ്പാടുമുള്ള കവികൾ ഉമ്മകളെക്കുറിച്ച് പിന്നെയും പിന്നെയും എഴുതിക്കൊണ്ടിരിക്കുന്നത്. ഏതുകാലത്തെ കവിയുടെ രചനകളെടുത്താലും അവയിൽ എവിടെങ്കിലും ഉമ്മയുടെ പാടുകൾ കാണാതിരിക്കില്ല. ശലോമോന്റെ ഉത്തമഗീതമെഴുതിയ കൈവിരലുകൾ ആരുടേതാണെങ്കിലും അവയുടെ ഉടമ ഒരു കവിയായിരുന്നിരിക്കണം.

 ‘നിന്റെ അധരങ്ങളെന്നെ
ഉമ്മകളാൽ മൂടുന്നു
നിന്റെ പ്രേമം
വീഞ്ഞിനേക്കാൾ
മധുരമുള്ളത്’.

ഇങ്ങനെ എഴുതാൻ കവികൾക്കല്ലാതെ ആർക്കാണ് കഴിയുക. അഥവാ ഇങ്ങനെ എഴുതുന്നവരെ ആണല്ലോ നമ്മൾ കവികളെന്ന് വിളിക്കുക. ‘എനിക്ക് നിന്നെ ചുംബിക്കാൻ ഇഷ്ടമാണ്, ചുംബനത്തിന്റെ മൂല്യമാണ് നിന്റെ ജീവിതം’ എന്ന് റൂമി എഴുതുന്നു. ചുംബിക്കുമ്പോൾ ‘രണ്ടുപേർ ഹൃദയം അന്യോന്യം കുടിക്കുകയാണ്’എന്ന് ടാഗോർ എഴുതുന്നു. ‘നാവുകൊണ്ട് പറയാനാവാത്ത സ്വർഗ്ഗീയ രഹസ്യങ്ങൾ പ്രണയത്താൽ കൊരുക്കുന്ന ചുണ്ടുകൾക്ക് പങ്കിടാനാവു’മെന്ന് ഖലീൽ ജിബ്രാൻ. 'ശാന്തവും സുഖശീതളവുമായ നദിയുടെ മുഖം എന്നോട് ഒരുമ്മ ചോദിച്ചു’ എന്ന് ലാങ്സ്റ്റൻ ഹ്യൂസ്. ‘മധുരമുള്ള ചുണ്ടുകളുമായ് നിന്റെ ജീവനിലാണ് എന്റെ സ്വപ്നങ്ങൾ ജീവിക്കുന്നത്’ എന്ന് പാബ്ലോ നെരൂദ. ‘പ്രേമിക്കൽ സമരമാണ്, രണ്ടുപേർ ചുംബിച്ചാൽ ലോകം മാറുന്നു’എന്ന് ഒക്ടേവിയ പാസ്. ‘ഏറെനാളത്തെ വിയോഗത്തിനുശേഷം ഓരോ തവണയും നിന്നെ ചുംബിക്കുമ്പോൾ തിടുക്കപ്പെട്ടൊരു പ്രണയം ചുവന്ന എഴുത്തുപെട്ടിയിൽ ഇടുന്നപോൽ തോന്നുവെന്ന്’ നിസാർ ഖബ്ബാനി. ‘എന്റെ ആഴമറിയാൻ എന്നെ ചുംബിക്കൂ’ എന്ന് സിൽവിയാ പ്ലാത്ത്. ‘ആകാശത്ത് കത്തുന്ന സൂര്യന്റെ വായ എന്നെ അവന്റെ വായയെ ഓർമ്മപ്പെടുത്തുന്നു’ എന്ന് കമലാദാസ്.


Related Articles