ക്വിക്സോട്ടിക് കോട്ടറി

Book Review

ക്വിക്സോട്ടിക് കോട്ടറി


വി എസ് അജിത്തിന്റെ ‘കുസുമാന്തരലോലൻ' എന്ന നോവൽ വായിച്ചുകൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായ ഒരനുഭവം ഉണ്ടായി. ഒരു ഓർമ്മ വന്നതിന്റെ അനുഭവമാണ്. 1974-77 കാലത്ത് (അടിയന്തരാവസ്ഥയുടെ കാലത്ത് എന്നർത്ഥം) ആണ് ഞാൻ ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിച്ചത്. വീട്ടിൽനിന്ന് അഞ്ച് കിലോമീറ്റർ​മാത്രം ദൂരത്തുള്ള തൃക്കരിപ്പൂരിൽ ആയിരുന്നു ഹൈസ്കൂൾ. പട്ടണം എന്നാൽ എന്താണ് എന്നതിന്റെ ബാലപാഠം പഠിപ്പി​ക്കുന്ന ഒരു സ്ഥലമായിട്ടാണ്  തൃക്കരിപ്പൂരിനെ അന്നും ഇന്നും കണക്കാക്കുന്നത്. ഞങ്ങളുടെ ഗ്രാമത്തിൽ ഇല്ലാതിരുന്ന, ഇപ്പോഴുമി​ല്ലാത്ത, ഗ്രാമം ഒരിക്കലും സ്വപ്നംപോലും കാണാത്ത,  സ്ഥാപനങ്ങളും വ്യവഹാരങ്ങളും തൃക്കരിപ്പൂരിൽ ഉണ്ടായിരുന്നു. അന്നത്തെ വിദ്യാഭ്യാ​സത്തിന്റെ ഒരു ഭാഗം അവിടെയുള്ള പേരുപലകകൾ, നെയിംബോർഡുകൾ ശ്രദ്ധിക്കുക എന്നതായിരുന്നു. ബാങ്കുകളുടെ ബോർഡുകൾ, ഇംഗ്ലിഷ് മരുന്നുഷാപ്പുകളുടെ ബോർഡുകൾ, ഹോട്ടലുകളുടെ ബോർഡുകൾ...  അങ്ങനെ അങ്ങനെ...  അധികം തുണിക്കടകൾക്കും പേരുപലകകൾ ഉണ്ടായിരുന്നതായി ഓർക്കുന്നില്ല.

ബാലകൃഷ്ണൻവൈദ്യർ പ്രശസ്തനായിരുന്നു. അച്ഛന്റെ സംഭാഷണങ്ങളിലൊക്കെ കണ്ണൂരിൽനിന്നോ മറ്റോ വന്ന് തൃക്കരി​പ്പൂരിൽ താമസക്കാരനായ ബാലകൃഷ്ണൻവൈദ്യർ കടന്നിരിക്കാറുണ്ട്. അദ്ദേഹത്തിന്റെ വൈദ്യശാലയും മരുന്നുകടയും നിന്നതിന്റെ മുകളിലെ നിലയിൽ ‘ക്വിക്സോട്ടിക്  കോട്ടറി’ എന്ന് പേരുള്ള ഒരു സ്ഥാപനം പ്രവർത്തിക്കുന്നതായി കണ്ടു. പ്രവർത്തിക്കുന്നത് കണ്ടു എന്നാൽ അങ്ങനെയെഴുതിയ ബോർഡ് കണ്ടു എന്നാണ് അർത്ഥം. മുറി തുറന്നനിലയിൽ കണ്ടിട്ടേയില്ല. ഒരുപക്ഷേ, അതിന്റെ പ്രവർത്തകർ വൈകുന്നേരങ്ങളിൽമാത്രം കൂടണയുന്ന പക്ഷികളായിരിക്കും എന്നൊക്കെ തോന്നിയിട്ടുണ്ട്. 

എന്താണ്  ക്വിക്സോട്ടിക്? എന്താണ് കോട്ടറി? എന്താണ് അവിടെ നടക്കുന്നത്? അഥവാ വല്ലതും നടക്കുന്നുണ്ടോ എന്നൊന്നും എത്ര  ആലോചിച്ചുനോക്കിയിട്ടും കിട്ടിയില്ല. അന്ന് സ്വന്തമായി നിഘണ്ടു ഇല്ല. അധ്യാപകരോട് സംശയം ചോദിക്കുന്ന ശീലവും ഇല്ല. അതുകൊണ്ട് ഈ വാക്കുകൾ വെറുതെ മനസ്സിൽ കിടന്നു. അങ്ങനെ എട്ടാം ക്ലാസിൽനിന്ന് ഒൻപതാം ക്ലാസിൽ എത്തി. ഒൻപതാം ക്ലാസിലെ ചരിത്രപുസ്തകത്തിന്റെ ഒരു ഭാഗം നവോത്ഥാനമാണ്. സുന്ദരനും ഏതാണ്ട്  യൂറോപ്യൻ മാതൃകയിലുള്ള ശരീരഭാഷാശൈലികളും ഒക്കെയുള്ള ആളുമായ പി.കെ. തമ്പാൻ നമ്പ്യാർ എന്ന ആളായിരുന്നു ഞങ്ങൾക്ക് ഇംഗ്ലിഷും സാമൂഹ്യശാസ്ത്രവും പഠിപ്പിച്ചിരുന്നത്. അദ്ദേഹം ഈ അദ്ധ്യായം സവിശേഷ​മായ താത്പര്യത്തോടുകൂടി പഠിപ്പിച്ചു. ഞാൻ അഹങ്കരിച്ചു... ഇതിൽ നോവലുകളെക്കുറിച്ചും മറ്റും പറയുന്നതുകൊണ്ട് എനിക്കു​വേണ്ടിയാണ് മാഷ് കുറച്ചുകൂടി വിശദമായിട്ട് ഇത് പറയുന്നത് എന്ന് തോന്നി. ആരോടും പറഞ്ഞില്ല... എന്റെ ആ വിചാരത്തിൽ വലിയ യുക്തിയൊന്നും ഇല്ല എന്ന്  തോന്നിയതുകൊണ്ട്. 


Related Articles